ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്സുമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് ഋഷി സുനക് നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി നേഴ്സിംഗ് യൂണിയൻ രംഗത്ത്. താങ്ങാവുന്നതും മിതമായതുമായ ശമ്പള ഇടപാടിന് സർക്കാർ തയാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ നടപടി നേഴ്സുമാർക്ക് ആശ്വാസകരമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു.

എന്നാൽ നിലവിലെ ശമ്പളകാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകാത്തതിനാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് യൂണിയൻ വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറി തിങ്കളാഴ്ച യൂണിയനുകളുമായി ചർച്ച നടത്താനിരിക്കുകയാണ്. നിലവിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഒത്തുതീർപ്പ് ചർച്ച ചെയ്യാനേ സർക്കാർ ഇതുവരെ സമ്മതിച്ചിട്ടുള്ളൂ. 2022-23 വർഷത്തേക്കാൾ ശരാശരി 4.75% വർദ്ധനവ് നേഴ്‌സുമാർക്ക് ഇതിലൂടെ ലഭിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ജൂലൈയിലെ സ്വതന്ത്ര എൻഎച്ച്എസ് പേ റിവ്യൂ ബോഡിയുടെ ശുപാർശയ്ക്ക് അനുസൃതമാണിത്. എന്നാൽ അനുദിനം കൂടുന്ന ജീവിതചിലവ് നിയന്ത്രിക്കാൻ ഇത് പര്യാപ്തമല്ലെന്നും ആർ സി എൻ പറയുന്നു.

ലോറ ക്യൂൻസ്‌ബെർഗ് നടത്തിയ അഭിമുഖത്തിൽ നേഴ്സുമാരുടെ ശമ്പളത്തെകുറിച്ച് സംസാരിക്കാൻ തയാറാണോ എന്ന് ഋഷി സുനക്കിനോട്‌ ചോദിച്ചപ്പോൾ രാജ്യത്തിന് താങ്ങാനാവുന്ന വേതനത്തെക്കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സർക്കാർ എപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അത് എല്ലായ്പ്പോഴും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. നേഴ്സിംഗ് യൂണിയന്റെ 106 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കഴിഞ്ഞ മാസം മുഴുവൻ പേരും വാക് ഔട്ട്‌ നടത്തിയത്. ജനുവരി 18, 19 തീയതികളിൽ പണിമുടക്ക് നടത്തുമെന്നും യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.