ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്ര സ്സിന്റെ നേതൃത്വത്തിൽ ലണ്ടനിൽ വെച്ച് ആഗസ്റ്റ് 16 ന് സംഘടിപ്പിക്കുന്ന ‘ഓ സി ഒരോർമ്മ’-‘സമകാലീന ഭാരതം’ സെമിനാറിൽ ചീഫ് ജസ്റ്റിസ് (Retd ) ജേക്കബ് ബെഞ്ചമിൻ കോശി മുഖ്യാതിഥിയായി പങ്കെടുക്കും. സമകാലിക വിഷയങ്ങളിൽ തൻറെ പഠനത്തിലൂടെയും പ്രാക്ടീസിലൂടെയും അനുഭവങ്ങളിലൂടെയും ആർജ്ജിച്ചിട്ടുള്ള ജ്ഞാനവും, അഭിപ്രായങ്ങളും ജസ്റ്റിസ് കോശി വേദിയിൽ പങ്കുവെക്കും. അതോടൊപ്പം ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ കേരളം കണ്ട എക്കാലത്തെയും ജനപ്രിയനായകനായ അന്തരിച്ച ഉമ്മൻ ചാണ്ടിയുമായുള്ള തന്റെ ഔദ്യോഗികവും വ്യക്തിപരവുമായ ഓർമ്മകൾ പങ്കിടുന്നതുമാണ്.

ജസ്റ്റിസ് ജെ.ബി.കോശി നടത്തുന്ന ഇന്ത്യൻ ഡയസ്‌പോറയുമായുള്ള സംഭാഷണത്തിൽ സാമൂഹ്യ സാംസ്കാരിക സാമുദായിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.

കാലഘട്ടത്തിലെ ഏറ്റവും വലിയ ജനോപകാരിയും മരണാനനന്തരവും കൂടുതൽ ശക്തനായി ജനമനസ്സുകളിൽ ജീവിക്കുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടി സാറിനു വേണ്ടി മതരാഷ്ട്രീയ ഭേദഗതികളില്ലാതെ ലണ്ടനിൽ ഒരു അനുസ്മരണം സംഘടിപ്പിക്കുവാൻ ഐഒസി നാഷണൽ കമ്മിറ്റി മുന്നോട്ടു വരികയായിരുന്നു.

ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദലിവാലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഗുർമിന്ദർ രൺധാവ , വിക്രം ദുഹൻ , സുധാകർ ഗൗഡ അടക്കം ദേശീയ നേതാക്കൾ സംസാരിക്കും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയറും, വികാരിയും, പ്രഭാഷകനുമായ ഫാ. ടോമി എടാട്ട്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ഛ് വികാരി ഫാ.നിതിൻ പ്രസാദ് കോശി, ലണ്ടനിൽ ലൗട്ടനിലെ മുൻ മേയർ കൗൺസിലർ ഫിലിപ്പ് എബ്രഹാം തുടങ്ങിയവർ സംസാരിക്കും.

ജസ്റ്റിസ് ജെ ബി കോശി, കേരള മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് , കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ്

ടാറ്റ ടീ, ഹിന്ദുസ്ഥാൻ ലിവർ തുടങ്ങിയ നിരവധി കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും സ്റ്റാൻഡിംഗ് കൗൺസലായി പ്രവർത്തിച്ചിട്ടുള്ള ജസ്റ്റിസ് ജെ ബി കോശി പാറ്റ്ന ചാണക്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ ചാൻസലറായും സേവനം ചെയ്തിട്ടുണ്ട്.

ഉമ്മൻ ചാണ്ടി അനുസ്മരണത്തിലും, ജസ്റ്റിസ് ജെ ബി കോശിയുമായുള്ള സംവാദത്തിലും പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി ഐഒസി ക്കുവേണ്ടി കോർഡിനേറ്റർ അജിത് മുതയിൽ അറിയിച്ചു.

ആഗസ്റ്റ് 16 ബുധനാഴ്ച വൈകുന്നേരം 5:00 മണി
വേദിയുടെ വിലാസം:

The Church, Hinde Street Methodist Church
19 Hinde St, London, W1U 2QJ