തെങ്കാശി: ആര്‍എസ്എസിനെയും വിഎച്ച്പിയെയും നിയന്ത്രിച്ചാല്‍ മാത്രമേ രാജ്യത്തെ അസഹിഷ്ണുതാ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് നടന്‍ ഓം പുരി. മതേതരത്വം കാത്തുസൂക്ഷിക്കാന്‍ വിഎച്ച്പിയെയും ആര്‍എസ്എസിനെയും നിലയ്ക്കുനിര്‍ത്താന്‍ ബിജെപി തയാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഇന്ത്യ സുരക്ഷിതമല്ലെന്നും നാടുവിടേണ്ടിവരുമെന്നുമുള്ള ആമിര്‍ഖാന്റെ പ്രസ്താവനയെ ഓംപുരി വിമര്‍ശിച്ചു. ഇത്തരത്തിലുള്ള പ്രസ്താവന അപകടകരമാണെന്നും ഒരു തരത്തില്‍ രാജ്യത്തെ മുസ്ലിം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും ഓംപുരി പറഞ്ഞു. അസഹിഷ്ണുതയെ ചെറുക്കണം. അസഹിഷ്ണുതയെയും അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്കു ബിജെപി പിന്തുണ നല്‍കരുതെന്നും ഓംപുരി പറഞ്ഞു
ബീഫ് നിരോധനത്തിന്റെ പേരില്‍ രാജ്യത്ത് അക്രമങ്ങള്‍ നടക്കുകയാണ്. രാജ്യം സുരക്ഷിതമല്ലെന്ന സന്ദേശമാണ് ഇത്തരം സംഭവങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്നത്. രാജ്യത്തിന്റെ മതേതര മുഖം സംരക്ഷിക്കാന്‍ തീവ്ര ഹിന്ദു വാദം ഉന്നയിക്കുന്ന സംഘടനകളെ നിയന്ത്രിക്കുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. ആടുപുലിയാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഓം പുരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.