ലിജി മാത്യു

ചത്ത മേഘങ്ങൾ പോൽ
പെയ്യാത്ത വാക്കുകൾ
കെട്ടിക്കിടക്കുമാകാശം..
പെറ്റമ്മ പോലും
കനിഞ്ഞുമ്മ വെക്കാത്ത
നെറ്റിത്തടം പോലശാന്തം…

വഴിതെറ്റി വന്നെൻ
വിളക്കിൽ കുടുങ്ങിയ
ചെറു പൊൻ പറവപോൽ വെട്ടം
ചിറകിട്ടടിച്ചു മരിച്ചു, എൻ കണ്ണിനു
വെറുതെയായ് കാഴ്ചാസാമർഥ്യം..

മിണ്ടാതെ ഒഴുകുന്നു രാത്രി
തിരക്കൊന്നുമില്ലാത്തപോലെ പതുക്കെ…
മുങ്ങുകയാണ് ഞാൻ
ഉള്ളിൽ ഒരാൾമാത്രമുള്ളോരു കപ്പൽ കണക്കെ..

ആഴത്തിൽ ആഴത്തിലേയ്ക്ക് താഴുമ്പോൾ
അനാവശ്യമാണിത്ര മൗനം..
വിങ്ങലോ തേങ്ങലോ ഗദ്ഗദമോ ദീർഘ –
നിശ്വാസമോ ഇല്ല പൂർണം… !

മരണക്കയത്തിലെ ചേർമണമല്ലെന്നെ
പുണരുന്നതുൻമാദ ഗന്ധം
ഈ ജലശയ്യയിലെന്റെ പുതപ്പിനും
എല്ലു തുളയ്ക്കുന്ന ശീതം
ഈ അവസാനക്കിതപ്പിലെൻ
നെഞ്ചത്തൊരൊന്നു മില്ലായ്മതൻ ഭാരം
ഇട്ടിട്ടു പോകാനൊരിഷ്ടവുമില്ലെന്ന
ദുഃഖ മില്ലെന്നുള്ള ദുഃഖം..

ലിജി മാത്യു

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സേവനം അനുഷ്ഠിക്കുന്നു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശം . “ഡിസംബർ ” ആണ് ആദ്യ കവിതാ സമാഹാരം. ദൈവാവിഷ്ടർ , തഥാഗത എന്നീ നോവലുകൾ ഡിസി ബുക്ക് പബ്ലിഷ് ചെയ്തു. മൂന്നാമത്തെ നോവലായ പെണ്ണാഴങ്ങൾ പ്രസാധനം ചെയ്തത് സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് .