തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷനു മുന്നില്‍ ഹാജരായി. ഹാജരാകണമെന്നു കാട്ടി മുഖ്യമന്ത്രിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. തിരുവനന്തപുരം, തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗിലാണ് മുഖ്യമന്ത്രി ഹാജരായത്. ഇതിനു മുന്നോടിയായി കമ്മീഷനില്‍ മുഖ്യമന്ത്രി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരിന് യാതൊരു വിധത്തിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി പറയുന്നത്.
ബിജുരാധാകൃഷ്ണനും സരിത നായര്‍ക്കും സഹായങ്ങളൊന്നും നല്‍കിയിട്ടില്ല. സരിതയെ കണ്ടതായി നിയമസഭയില്‍ പറഞ്ഞ തിയതി തെറ്റിപ്പോയി. ശശിധരന്‍ നായരെയും സരിത നായരെയും ഒരുമിച്ച് കണ്ടിട്ടില്ല. ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ച്ചയിലെ വിശദാംശങ്ങള്‍ കമ്മീഷന് മുന്നിലും വിശദീകരിക്കാന്‍ സാധിക്കില്ല. ഇത് വ്യക്തിപരമായ കാര്യങ്ങളാണ് തുടങ്ങിയ കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടി സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും മുഖ്യമന്ത്രി നേരത്തെ സ്വീകരിച്ചിരുന്ന നിലപാടുകള്‍ തന്നെയാണ് സത്യവാങ്മൂലത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്.

തെളിവെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നും തെളിവെടുക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി കമ്മീഷന്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 25-ാം തിയതി മൊഴി നല്കാന്‍ മുഖ്യമന്ത്രി സമ്മതം അറിയിക്കുകയായിരുന്നു. ബിജു രാധാകൃഷ്ണനടക്കമുള്ള ചിലര്‍ മുഖ്യമന്ത്രിക്കെതിരെ കമ്മീഷന് മുന്‍പില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തടര്‍ന്ന് ആരോപണ വിധേയര്‍ക്ക് നല്കുന്ന 8 ബി നോട്ടീസും മുഖ്യമന്ത്രിക്ക് നല്കിയിരുന്നു. എന്നാല്‍ കൊച്ചിയിലേക്ക് എത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് പ്രത്യേക സിറ്റിംഗ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

ജസ്റ്റീസ് ശിവരാമന്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ ചോദിച്ച് മൊഴി രേഖപ്പെടുത്തും. അഴിമതിക്കേസില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുന്നത് അസാധാരണ സംഭവമാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ്. മുഖ്യമന്ത്രിയുമായും ഓഫീസുമായും ബന്ധപ്പെട്ട സംശയങ്ങളില്‍ നേരിട്ടെത്തി മൊഴി നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തനിക്ക് ഇക്കാര്യത്തില്‍ മറച്ചു വെയ്ക്കാന്‍ ഒന്നുമില്ലെന്നും അതിനാല്‍ തന്നെ കമ്മീഷന് മുന്നില്‍ ഹാജരാകുന്നതിന് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മേുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന സലിംരാജ്, ജിക്കുമോന്‍, സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച എഡിജിപി എ. ഹേമചന്ദ്രന്‍ തുടങ്ങിയവരില്‍ നിന്നു സോളാര്‍ കമ്മീഷന്‍ നേരത്തെ മൊഴിയെടുത്തിരുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ സരിത എസ്. നായരുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവരോടു പ്രധാനമായും ചോദിച്ചത്. സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പിഎ ടെന്നി ജോപ്പന്റെയും മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.