രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവും ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ‘മാഞ്ചസ്റ്ററിലെ കോൺഗ്രസ് പ്രവർത്തകരു’ടെ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ യോഗം ‘ഓർമയിൽ… ജനനായകൻ’ വികാര നിർഭയമായി. ജൂലൈ 22 ന് ശനിയാഴ്ച മാഞ്ചസ്റ്ററിലെ സിറോ മലബാർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നിരവധി പേർ പങ്കെടുത്തു. മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ യോഗത്തിൽ ശ്രീ. റോമി കുര്യാക്കോസ് സ്വാഗതവും യോഗത്തിന്റെ മുഖ്യ സംഘാടകൻ ശ്രീ. സോണി ചാക്കോ നന്ദിയും രേഖപ്പെടുത്തി.
ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.

രാഷ്ട്രീയ വ്യത്യസമില്ലാതെ ജന നന്മ മാത്രം അടിസ്ഥാനമാക്കി പാവങ്ങൾക്കും സാധാരണ ജനങ്ങൾക്കും വേണ്ടി അവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വളരെ അപ്രതീക്ഷിതമായുണ്ടായ ദേഹവിയോഗം ലോകമെമ്പാടുമുള്ള മലയാളികൾക്ക് തീരാ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ശ്രീ. ഉമ്മൻ ചാണ്ടിയുമായി വളരെ കാലത്തെ അടുപ്പമുള്ള ഒഐസിസി വനിതാ വിംഗ് യൂറോപ്പ് കോർഡിനേറ്ററും പൊതു പ്രവർത്തകയുമായ ഷൈനു മാത്യൂസ് പറഞ്ഞു.

കാരുണ്യത്തിന്റെ നിറ കുടമായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ജനക്ഷേമ പ്രവർത്തന ശൈലി മറ്റു രാഷ്ട്രീയ നേതാക്കൾ മാതൃകയാക്കണമെന്ന് കേരളത്തിൽ നിന്നും എത്തിച്ചേർന്ന കോൺഗ്രസ്‌ സംഘടന നേതാവ് ശ്രീ. സോയ്ച്ചൻ അലക്സാണ്ടർ പറഞ്ഞു. അനുസ്മരണ യോഗത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുകയായിരുന്നു ഇരുവരും.

ജനങ്ങളെ ചേർത്ത് പിടിച്ചു അവർക്കിടയിൽ അവരിലൊരാളായി പ്രവർത്തിച്ചിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയെ ദൈവതുല്യനായി പോലും ജനങ്ങൾ കണ്ടിരുന്നുവെന്നും, ജനങ്ങൾ തങ്ങളുടെ പ്രാരാബ്ധങ്ങൾ ദൈവത്തോടും ഉമ്മൻ ചാണ്ടിയോടും ഒരുമിച്ചു അറിയിച്ചാൽ, നിശ്ചയമായും പ്രശ്ന പരിഹാരം ആദ്യം ഉമ്മൻ ചാണ്ടിയിൽ നിന്നായിരിക്കും വരിക എന്ന തരത്തിൽ പോലും ജനങ്ങൾ അദ്ദേഹത്തെ ഓർമിക്കുന്നത്, അവർക്ക് അദ്ദേഹത്തിലുണ്ടായിരുന്ന ആചഞ്ചലമായ വിശ്വാസം കൊണ്ടായിരുന്നുവെന്നും പ്രോഗ്രാം കോർഡിനേറ്ററും മാഞ്ചസ്റ്ററിലെ പ്രമുഖ കോൺഗ്രസ്‌ നേതാവും ഓ ഐ സി സി നോർത്ത് വെസ്റ്റ് പ്രസിഡൻറ്റും പൊതുപ്രവർത്തകനുമായ ശ്രീ. സോണി ചാക്കോ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളിക്കാർക്ക് മാത്രമല്ല, ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള ഓരോ മലയാളിക്കും അദ്ദേഹത്തിനെ പറ്റി പറയാൻ ഹൃദയസ്പർശിയായ ഒട്ടനവധി അനുഭവങ്ങൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹവുമായി ഒന്നിച്ചു യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ട് ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ. വി പുഷ്പരാജൻ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ്‌ പ്രസ്ഥാനത്തിന് അടിത്തറപാകിയ ജനകീയനും ജനപ്രീയനും ആയിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വേർപാട് രാഷ്ട്രീയ കേരളത്തിന്‌ തീരാ നഷ്ടമാണെന്നും, ആ വിടവ് നികത്തുവാൻ സമീപ ഭാവിയിൽ ആരാലും സാധിക്കില്ല എന്നും IOC UK കേരള ഘടകം മീഡിയ കോയർഡിനേറ്റർ കൂടിയായ ശ്രീ. റോമി കുര്യാക്കോസ് പറഞ്ഞു.

പ്രവാസികളുടെ ക്ഷേമത്തിന് ശ്രീ. ഉമ്മൻ ചാണ്ടി നടപ്പാക്കിയ ഒട്ടനവധി പദ്ധതികളാണ് കേരളത്തിൽ നിന്നുള്ള പ്രവാസി സമൂഹത്തിനിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത കൂടുതൽ വർധിപ്പിച്ചത്.
എൻ ആർ ഐ കമ്മിഷൻ പോലുള്ള പദ്ധതികൾ പ്രവാസികൾക്കായി അദ്ദേഹത്തിന്റെ ഭരണകാലത്ത് നടപ്പിലാക്കിയതാണ്.

യുക്മ നാഷണൽ കമ്മിറ്റി മെമ്പർ അഡ്വ. ജാക്സൺ തോമസ്, യുക്മ നോർത്ത് വെസ്റ്റ് സെക്രട്ടറി ശ്രീ. ബെന്നി ങ്ങോസഫ്, യുകെയിലെ കോൺഗ്രസ് നേതാക്കന്മാരായ , ഒ ഐ സി സി നോർത്ത് വെസ്റ്റ് സെക്രട്ടറി,ശ്രീ. പുഷ്പരാജൻ , ശ്രീ. ജോബി മാത്യു, ശ്രീ. ഷിന്റോ ഓടക്കൽ, ശ്രീ. ബേബി ലൂക്കോസ് പൊതു പ്രവർത്തകരായ ശ്രീമതി. ജൂലിയറ്റ് അബിൻ, ശ്രീ. ദീപു ജോർജ്, ബിനു കുര്യൻ, ശ്രീമതി. സോളി സോണി, ശ്രീ. ബിനു, വിദ്യാർത്ഥി നേതാവ് ശ്രീ. ഡിജോ സെബാസ്റ്റ്യൻ എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

ഫോട്ടോകൾക്ക് കടപ്പാട് : Jeevan4u Photography