ഡോ. ഐഷ വി

അനുജത്തിയുടെ പി എച്ച് ഡി യുടെ രണ്ടാം ഘട്ട ഡാറ്റാ കളക്ഷൻ ഒരു ഗ്രാമപ്രദേശത്ത് നിന്നും വേണമായിരുന്നു. അതിനാൽ കൊല്ലം ജില്ലയിലെ , ഏരൂർ പഞ്ചായത്താണ് തിരഞ്ഞെടുത്തത്. വെളിയത്തെ
ഒരു ബന്ധുവിന്റെ സഹായത്തോടെ അമ്മയും അനുജത്തിയും കൂടി ഏരൂരിലെത്തി. ബന്ധുവിന്റെ അമ്മ പ്രയാധിക്യത്തിലായിരുന്നതിനാൽ അവിടെ താമസിക്കേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. അമ്മയും അനുജത്തിയും കൂടി നേരെ പഞ്ചായത്തോഫീസിലെത്തി. അവിടെ വച്ച് വാർഡ് മെമ്പറെ പരിചയപ്പെട്ടു. താമസിക്കാനൊരു സൗകര്യത്തിന്റെ കാര്യം സൂചിപ്പിച്ചു. ഉടൻ തന്നെ വാർഡ് മെമ്പർ അമ്മയെയും അനുജത്തിയേയും കൂട്ടി അവിടെ അടുത്തായി കട നടത്തുന്ന ഒരു തോമസിന്റെ കടയിലെത്തി. കടയുടെ മുൻവശത്തായി ഒരു എസ്ടിഡി/ഐഎസ്ഡി ബൂത്ത് സെറ്റ് ചെയ്തിട്ടുണ്ട്.

വാർഡ് മെമ്പർ ശ്രീ തോമസിനോട് കാര്യം പറഞ്ഞു. ഡാറ്റ കളക്ഷന് വേണ്ട ദിവസങ്ങളത്രയും അവരുടെ വീട്ടിൽ താമസിക്കുന്നത് സന്തോഷം തന്നെയെന്ന് ശ്രീ തോമസ് അറിയിച്ചു. അങ്ങനെ വാർഡ് മെമ്പർ അമ്മയേയും അനുജത്തിയേയും കൂട്ടി തോമസിന്റെ വീട്ടിലെത്തി. ധാരാളം കൃഷി ഭൂമിയുള്ള കുടുംബമായിരുന്നു തോമസിന്റേത്. കൃഷിപ്പണികളിൽ മുഴുകിയിരുന്ന തോമസിന്റെ ഭാര്യയ്ക്ക് വാർഡ് മെമ്പർ അനുജത്തിയേയും അമ്മയേയും പരിചയപ്പെടുത്തി കൊടുത്തു. അവർ അമ്മയേയും അനുജത്തിയേയും വീടിനകത്തേയ്ക് ആനയിച്ചു. അവർ ഒരു മുറി അമ്മയ്ക്കും അനുജത്തിയ്ക്കുമായി ഒരുക്കി കൊടുത്തു. ആ വീട്ടിൽ ലാന്റ് ഫോണുണ്ടായിരുന്നു. അതിൽ നിന്നും ഞങ്ങളുടെ വീട്ടിലേയ്ക്ക് അവിടെ എത്തിയ വിവരവും താമസ സൗകര്യം ലഭിച്ച വിവരവും വിളിച്ചറിയിച്ചു.

2000 ഡിസംബറിലെ ക്രിസ്തുമസ് വെക്കേഷനായിരുന്നു അവർ ആ ഡാറ്റാ കളക്ഷൻ ചെയ്തത്. അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം അവർ വീണ്ടും പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് പരിധി , വാർഡുകൾ വാർഡ് മെമ്പർമാർ എന്നിവയും സാംപിൾ ഡാറ്റ ശേഖരിക്കേണ്ട സ്ഥലങ്ങളും നിശ്ചയിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും ആ വീട്ടിലെ മകൾ കോളേജിൽ നിന്നും തിരിച്ചെത്തി കൂട്ടുകാരുമായി ക്രിസ്തുമസ് വെക്കേഷൻ ആഘോഷമാക്കാനുള്ള തത്രപാടിലായിരുന്നു ആ കുട്ടി. 70 ശതമാനത്തോളം ഭിന്നശേഷിക്കാരി . വസ്ത്രം ഊരണമെങ്കിലും ഇടണമെങ്കിലും ഭക്ഷണം കഴിക്കണമെങ്കിലും പരസഹായം ആ കുട്ടിക്ക്
ആവശ്യമായിരുന്നു. അമ്മയേയും അനുജത്തിയേയും പരിചയപ്പെട്ട് അവരുടെ ആഗമനോദ്ദേശ്യം മനസ്സിലായി കഴിഞ്ഞപ്പോൾ കാര്യങ്ങളുടെ നിയന്ത്രണം മുഴുവൻ ആ കുട്ടി ഏറ്റെടുത്തു. ചോദ്യാവലി തന്റെ കൂട്ടുകാർക്ക് വിഭജിച്ച് കൊടുത്തു. ആരൊക്കെ എപ്പോൾ അമ്മയുടെയും അനുജത്തിയുടേയും കൂടെ പോകണമെന്നും എവിടേയ്ക്കാണ് പോകേണ്ടതെന്നും തീരുമാനിച്ചു. അങ്ങനെ ആ കുട്ടിയുടെ ആക്ഷൻ പ്ലാൻ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോയി. ഭിന്നശേഷിക്കാരിയായിരുന്നെങ്കിലും നാക്കു കൊണ്ട് ഭരിച്ച് കാര്യങ്ങൾ തന്റെ നിയന്ത്രണത്തിലാക്കാൻ ആ കുട്ടിക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു.

അവിടത്തെ കർഷകർക്ക് ധാരാളം കൃഷി ഭൂമിയും ആട് പശു, കോഴി, താറാവ് എന്നിവയും ഉണ്ടായിരുന്നതിനാൽ പലർക്കും പാചകം ചെയ്യാൻ സമയമുണ്ടായിരുന്നില്ല. ചോറ്, പഴങ്കഞ്ഞി , സാമ്പാർ , കപ്പ (മരച്ചീനി) , മീൻ കറി മുതലായവയായിരുന്നു എന്നുമുള്ള പ്രധാന വിഭവങ്ങൾ. പ്രാതൽ എന്നും പഴങ്കഞ്ഞി തന്നെ. ആ വീട്ടിൽ ശ്രീ തോമസ് ഉൾപ്പെടെയുള്ളവർ പഴങ്കഞ്ഞിയും കഴിച്ച് പണിക്കിറങ്ങിയാൽ വെയിലിന് ചൂട് കൂടി തുടങ്ങുമ്പോഴേ വീട്ടിലേയ്ക്ക് കയറുകയുള്ളൂ. പഴങ്കഞ്ഞി ശരീരം തണുപ്പിക്കും. സാമ്പാർ എല്ലാ പോഷകങ്ങളും പ്രോട്ടീനും നൽകും. തോമസിന്റെ മകൻ അച്ഛൻ എത്തുന്നതുവരെ കട തുറന്നു കാര്യങ്ങൾ നോക്കി നടത്തും. ശ്രീ.തോമസിന് ഈ മകനും മകളും കൂടാതെ മറ്റൊരു മകൾ കൂടിയുണ്ട്. വീട്ടുകാരുടെ നേർച്ച പ്രകാരം കന്യാസ്ത്രീ മഠത്തിൽ ചേർന്ന കുട്ടി. കന്യാസ്ത്രീയെ കാണാൻ വല്ലപ്പോഴുമൊക്കെ വീട്ടുകാർ പോകാറുണ്ട്.

തോമസിന്റെ കുടുംബം കോട്ടയത്തുനിന്നും ഏരുരിലേയ്ക്ക് കുടിയേറിയതാണ്. ഓയിൽ പാം ഇന്ത്യയിൽ പണിയ്ക്കു വന്നതായിരുന്നു ഈ കുടിയേറ്റത്തിന് കാരണം. കോട്ടയത്തുണ്ടായിരുന്ന കുറച്ച് ഭൂമി വിറ്റ തുക വച്ച് ഏരൂരിൽ 9 ഏക്കർ കൃഷി ഭൂമി വാങ്ങി റബർ നട്ടുപിടിപ്പിക്കാൻ സാധിച്ചു. ഇടവിളയായി ഇഞ്ചി കൃഷി ചെയ്തത് കുടുംബത്തിന് ആശ്വാസമായി. ഇഞ്ചികൃഷിയ്ക്ക് ചിലവാക്കുന്നതിന്റെ ഇരട്ടിയായിരുന്നു വരവ്. റബറിന്റെ ഇടയിൽ മരച്ചീനി ആരും കൃഷി ചെയ്യാറില്ല. രണ്ടും ഒരേ കുടുംബക്കാരായതിനാൽ മാത്സര്യം കൂടും . രണ്ടിന്റേയും വിളവ് കുറയും. അങ്ങനെ മണ്ണിൽ അധ്വാനിച്ച് കുടുംബം പച്ചപിടിച്ചു. പിന്നെ വീട് കട എന്നിവയാക്കി.

അമ്മയേയും അനുജത്തിയേയും ഡാറ്റ കളക്ഷന് സഹായിച്ച കുട്ടികൾ അവരുടെ വീടുകളിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി ചായ / കട്ടൻ കാപ്പി/ കിഴങ്ങ് വർഗ്ഗ പുഴുക്കുകൾ എന്നിവ നൽകി സൽക്കരിച്ചു. തിസീസിൽ അവർക്കെല്ലാം അക്നോളജ് മെന്റ് വയ്ക്കാമെന്നും തിസീസിന്റെ ഒരു പ്രിന്റഡ് കോപ്പി അവർക്ക് നൽകാമെന്നും അനുജത്തി പറഞ്ഞിരുന്നു.

ഡാറ്റാ കളക്ഷൻ കഴിഞ്ഞ് തിരിച്ച് വരുന്നതിന്റെ തലേന്ന് ശ്രീ തോമസിന്റെ മകൾ അനുജത്തിയേയും അമ്മയേയും കൂട്ടി അവരുടെ കൃഷിയിടം കാണിക്കാൻ കൊണ്ടുപോയി. അവരുടെ പറമ്പിന്റെ ഒരറ്റത്ത് ഉയരം കൂടിയ ഒരു പാറയുണ്ടായിരുന്നു. ആ കുട്ടി പാറയുടെ മുകളിൽ അനായാസം വലിഞ്ഞു കയറി. തിരിച്ചിറങ്ങി വന്നപ്പോൾ എങ്ങിനെയാണ് ഇത്രയും ആത്മവിശ്വാസം വന്നതെന്ന് അനുജത്തി ആ കുട്ടിയോട് ചോദിച്ചു. ധ്യാനം കൂടാൻ പോയാണ് ഇത്രയും ആത്മവിശ്വാസം വന്നതെന്ന് കുട്ടി പറഞ്ഞു. അത്രയും ദിവസങ്ങൾ കൊണ്ട് അമ്മയും അനുജത്തിയും ആ കുട്ടികളോട് വളരെ അടുത്തിരുന്നു. അതിനാൽ തന്നെ അവരെ പിരിയാൻ കുട്ടികൾക്ക് വളരെ വിഷമമായിരുന്നു. തിരിച്ചു വരുന്ന വഴി അനുജത്തി ആ പെൺകുട്ടിക്ക് വീട്ടിലെ ഫോൺ നമ്പർ കൊടുത്തിട്ട് വിവാഹമാകുമ്പോൾ അറിയിക്കണമെന്ന് പറഞ്ഞു. അല്പം വിഷാദഛായയോടെ കുട്ടി പറഞ്ഞു:” എല്ലാറ്റിനും പരസ്സഹായം വേണ്ടുന്നവരെ ആര് വിവാഹം കഴിക്കാനാണ്?” പിറ്റേന്ന് അവർ ആ വീട്ടുകാരോട് നന്ദി പറഞ്ഞ് യാത്ര പറഞ്ഞിറങ്ങി.

വർഷങ്ങൾ കടന്നുപോയി. ഒരു പെരുമഴക്കാലത്ത് ഒരു പത്രവാർത്ത കണ്ട് അനുജത്തിക്കൊരു സംശയം. അത് ആ വീട്ടിലെ അംഗങ്ങൾ ആയിരിയ്കുമോ? സംശയ ദൂരീകരണത്തിനായി അനുജത്തി ഫോൺ നമ്പർ തപ്പിയെടുത്ത് വിളിച്ചു. “സംഗതി ശരിയാണ്'” നിങ്ങൾ ഇങ്ങു വന്നാൽ മതി. ഇത്രയും അവർ ഫോൺ കട്ടു ചെയ്തു. പിറ്റേന്ന് അനുജത്തിയും ഭർത്താവും കൂടി ആ വീട്ടിലെത്തി. അവരുടെ മകൻ കുടുബത്തേയും കൊണ്ട് ഒരു ഡാമിലേയ്ക്ക് വണ്ടിയോടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കാരണം വളരെ നിസ്സാരം. ഇക്കാലത്തിനിടയ്ക്ക് പെൺകുട്ടി വിവാഹിതയായിരുന്നു. സ്വത്ത് വീതിയ്ക്കപ്പെടുമോ എന്നുള്ള ഭയം ഭാര്യ വീട്ടുകാർക്കുണ്ടായി അങ്ങനെയുള്ള സമ്മർദ്ദമാണ് അവരെ അതിന് പ്രേരിപ്പിച്ചത്. അനുജത്തിയും ഭർത്താവും അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ചിന്തയോടെ.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്