ഡോ. ഐഷ വി
മാർച്ച് 22 ലോക ജലദിനം. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടേയും ജീവൻ നിലനിർത്താൻ ആവശ്യമായ ഒരു വസ്തു . ജലദിനത്തോടനുബന്ധിച്ച് ധാരാളം പേർക്ക് ശുദ്ധജലം നൽകിയ ചില നീരുറവകളെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം.
ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ അവസാനം ഞങ്ങൾ ചിറക്കരത്താഴത്ത് താമസമാരംഭിച്ച കാലം മുതൽ ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കം വരെ ഞങ്ങളുടെ നാട്ടിലെ ധാരാളം ആളുകൾ ആശ്രയിച്ച കൊടിയ വേനലിലും വറ്റാത്ത ചില നീരുറവകൾ. അതിലൊന്ന് ഞങ്ങളുടെ വീട്ടിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടന്നാൽ കാണുന്ന വീതി കൂടിയ ഒരു ഓട. നീളം കൂടിയ രണ്ട് വശങ്ങളും വീതി കുറഞ്ഞ തെക്കു ഭാഗവും പാറക്കല്ല് വച്ച് കെട്ടിയിരുന്നു. തെക്ക് ഭാഗത്തെ കെട്ടിനടിയിൽ നിന്നും അനസ്യൂതം പ്രവഹിക്കുന്ന മൂന്ന് ഉറവകൾ . ഈ ഓടയിൽ ഇറങ്ങി നിന്ന് ആളുകൾ കുളിയ്ക്കാറുണ്ടായിരുന്നു. ഈ ഓടയുടെ മറ്റേ അറ്റം ചെന്ന് ചേരുന്നത് ചിറക്കര ദേവീക്ഷേത്രത്തിനടുത്തു കൂടി ഒഴുകി വന്ന് പോള ചിറയിൽ അവസാനിക്കുന്ന തോട്ടിലാണ്. ഉറവയുടെ തുടക്കത്തിൽ നിന്ന് പന്ത്രണ്ടടിയോളം കഴിഞ്ഞാൽ തമ്പിയണ്ണന്റെ പുരയിടത്തിൽ നിന്നും ഒഴുകിയെത്തുന്ന ജലവുമായി ചേർന്നാണ് ഇത് തോട്ടിലേയ്ക്ക് ഒഴുകുന്നത്. ഞങ്ങളുടെ വീട്ടിലെ കിണറ്റിൽ പമ്പ് സെറ്റ് വയ്ക്കുന്നതു വരെ പലപ്പോഴും കുളിയ്ക്കാനും അലക്കാനും ഈ ഉറവയെ ആശ്രയിച്ചിട്ടുണ്ട്. മഴക്കാലത്ത് ഈ ഓടയിൽ ധാരാളം മണ്ണ് വന്ന് അടിയുമ്പോൾ ലക്ഷ്മി അച്ഛാമ്മ കൂലിക്ക് ആളെ നിർത്തി ഓടയിലെ മണ്ണു മൊത്തം കോരിച്ച് ഓട വൃത്തിയാക്കും. എന്നിട്ട് കോരിയെടുത്ത മണ്ണ് മുഴുവൻ ലക്ഷ്മി അച്ഛാമ്മയുടെ പറമ്പിലെ നീർച്ചാൽ നികത്താനായി അതിൽ ഇടും. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന മട്ടിൽ ചിന്തിക്കുമ്പോൾ ലക്ഷ്മി അച്ഛാമ്മയുടെ ലോജിക്ക് പിടി കിട്ടും.
ഞാനും അപ്പുറത്തെ വീട്ടിലെ പെൺകുട്ടികളും നേരം വെളുക്കുന്നതിനു മുമ്പ് ഈ ഉറവയിലെ ജലത്തിൽ കുളിച്ച് കയറിയിട്ടുണ്ട്. നേരം വെളുത്താൽ ധാരാളം പേർ എത്തും.
കൊടിയ വേനൽ കാലത്ത് ഭൂതക്കുളം പരവൂർ പഞ്ചായത്തിലെ പല സ്ഥലങ്ങളിലേയ്ക്കും ഈ ഉറവയിൽ നിന്നും കുടിവെള്ളമായി ജലം കൊണ്ടുപോയിരുന്നു. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കമായപ്പോഴേയ്ക്കും റോഡിന്റെ വീതി കൂട്ടി. ഉറവയുടെ വീതി കുറച്ചു. റോഡിനിരുവശത്തും മുകൾഭാഗത്തേയ്ക്ക് ഓട പണിഞ്ഞു. അവസാനം ശുദ്ധമായ നീരുറവ അഴുക്കുചാലായി വെറും ഓടയായി പരിണമിച്ചു.
മറ്റൊന്ന് ചിറക്കര ക്ഷേത്രത്തിൽ നിന്നും തോടൊഴുകുന്ന ദിശയിൽ താഴേയ്ക്ക് തോട്ടു വരമ്പിലൂടെ നടക്കുമ്പോൾ ഒരു 30 മീറ്റർ കഴിയുമ്പോൾ വലതു വശത്ത് വയലിൽ ഒരു ഫൗണ്ടെൻ പോലെ പൊങ്ങി മറിയുന്ന ഒരു നീരുറവയാണ്. സ്കൂൾ കുട്ടികളുടെ കൗതുകമായിരുന്നു ഈ ഉറവ. കുട്ടികൾ അരി തിളച്ച് മറിയുന്നതിനോടാണ് ഈ ഉറവയെ ഉപമിച്ചിരുന്നത്. ഞങ്ങൾ ചിലപ്പോൾ തോട്ടു വരമ്പിൽ നിന്നും താഴേയ്ക്കിറങ്ങി ചെന്ന് ഉറവയിൽ നിന്നും പൊങ്ങിവരുന്ന മണൽ കൈയ്യിൽ കോരിയെടുത്ത് കളിക്കും. വയലിൽ ആ ഭാഗത്ത് മാത്രം നെല്ല് മുളച്ച് കണ്ടിട്ടില്ല. മനുഷ്യന്റെ ഇടപെടൽ ആ ഭാഗത്ത് അധികമുണ്ടായിട്ടില്ലാത്തതിനാൽ ആ ഉറവ ഇപ്പോഴും നിലനിൽക്കുന്നു എന്ന് പ്രതീക്ഷിക്കാം. മറ്റൊന്ന് പൊയ്കയിൽ ഭാഗത്ത് ചെറുകുളത്തിന്റെ ആകൃതിയിൽ വെട്ടിയെടുത്ത ഒരു ഉറവയാണ്. ശ്രീ നാരായണ ഗുരുവാണ് ഈ ഉറവ കണ്ടെത്തിയതെന്നും ചിറക്കരക്കാർ അദ്ദേഹത്തെ അവിടെ തുടരാൻ അനുവദിച്ചില്ലെന്നുമാണ് ആളുകൾ പറഞ്ഞു കേട്ടിട്ടുള്ളത്.
മറ്റൊന്ന് മുട്ടിയഴി കത്ത് വാതുക്കൽ കരത്തോട് ചേർന്ന് ഒരു ടാങ്ക് പോലെ കെട്ടിയിട്ടിരുന്നതിനകത്തുള്ള ഒരുറവയാണ്. അവിടെയും എപ്പോഴും തുണിയലക്കാനും കുളിക്കാനും പശുവിനെ കുളിപ്പിക്കാനും എത്തുന്നവരുടെ തിരക്കായിരുന്നു. മറ്റൊന്ന് ശ്രീ ബാലൻ പിള്ളയുടെ വീട്ടിന് മുൻഭാഗത്തെ വയലിൽ റിങ്ങിറക്കി കിണർ പോലെ തോന്നിക്കുന്ന ഒരുറവ. അതിന്റെ പ്രത്യേകത തറനിരപ്പിൽ നിന്നും ഉയർന്നു നിന്ന റിംഗിൽ നിന്നും ചരിഞ്ഞിരിക്കുന്ന ചരുവത്തിൽ നിന്നും വെള്ളം വാർന്നു പോകുന്ന പോലെ എപ്പോഴും വെള്ളം ഒഴുകി കൊണ്ടേയിരിയ്ക്കും. കാഴ്ചയിൽ ഒരു കിണർ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതായാണ് തോന്നുക. ഈയിടെ ഞാനാ ഉറവയെ കുറിച്ച് അന്വേഷിച്ചിരുന്നു. റിയൽ എസ്റ്റേറ്റുകാരുടെ വയൽ മണ്ണിട്ട് നികത്തലും സമീപത്ത് ഒരു ഹോളോ ബ്രിക്സ് ഫാക്ടറിയും വന്നതുകൊണ്ടാകാം ആ ഉറവ കണ്ടെത്താൻ പറ്റാഞ്ഞത്.
ഇനിയൊരു ഉറവയുള്ളത് എന്റെ ക്ലാസ്സിൽ പഠിച്ച കലയുടെ വീട്ടിലായിരുന്നു. മറ്റൊന്ന് തങ്കമ്മയക്കയുടെ വീട്ടിന് മുന്നിൽ വയലിലും. ഇത്രയും പറഞ്ഞത് ചിറക്കര പഞ്ചായത്തിലെ ധാരാളം പേർ ആശ്രയിച്ചിരുന്ന ഉറവകളെ കുറിച്ചാണ്. ഒരു കാലത്ത് അവരുടെ ജീവജലം.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Leave a Reply