ഡോ. ഐഷ വി

ഇവരെ നമുക്ക് “‘ കുഞ്ഞൂഞ്ഞമ്മ” എന്ന് വിളിക്കാം. ചില മനുഷ്യരുടെ യോഗം അങ്ങിനെയാണ്. അവർക്ക് ഒരു പേര് ഉണ്ടായിരുന്നോ എന്ന് പോലും സമൂഹം ഓർക്കില്ല. നാല് ആൺ തരികളുടെ ഇടയിലെ ഒരു പെൺതരിയായി വളർന്നപ്പോൾ പോലും ആരും പേര് വിളിച്ചില്ല. മോളേന്നോ കുഞ്ഞേന്നോ ഒക്കെ വിളിച്ചു. ആൺ മക്കളെ പഠിപ്പിച്ചപ്പോൾ അവരെയാരും പഠിപ്പിച്ചില്ല. മുറച്ചെറുക്കന് വിവാഹം ചെയ്ത് കൊടുത്തപ്പോൾ അയാൾ അവളെ “എടീ” എന്നു വിളിച്ചു. കാലക്രമേണ അവരും സ്വന്തം പേര് മറന്നു. എങ്കിലും ഏക പുത്രിക്ക് ” ലക്ഷ്മി” എന്ന് പേരിടാൻ കുഞ്ഞൂഞ്ഞമ്മ മറന്നില്ല. കുഞ്ഞുഞ്ഞമ്മയുടെ ഭർത്താവ് കേശവൻ ഉളള പറമ്പിലെ തേങ്ങ സമയാസമയം വെട്ടിച്ച് കാശാക്കുകയല്ലാതെ തെങ്ങിന്റെ തടം തുറക്കുകയോ വളമിടുകയോ കിളയ്ക്കുകയോ മറ്റെന്തെങ്കിലും ജോലി ചെയ്യുകയോ ഒന്നും ചെയ്തില്ല. കുഞ്ഞൂഞ്ഞമ്മ ചാരവും അടുക്കള മാലിന്യവും സമയാസമയം ഓരോ തെങ്ങിന്റേയും മൂട്ടിലെത്തിച്ചിരുന്നതിനാൽ അന്നം മുട്ടാതെ കഴിയാനുള്ള വക കല്പ വൃക്ഷം അവർക്ക് നൽകിക്കൊണ്ടിരുന്നു. കാലം 1960 കളായിരുന്നതിനാൽ മൊബൈൽ ഫോൺ, ടിവി, മിക്സി, ഗ്രൈന്റർ, വാഷിംഗ് മെഷീൻ എന്നിങ്ങനെ യാതൊരു വീട്ടുപകരണങ്ങളും വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരുന്നില്ല. അവർക്ക് മറ്റ് ചിലവുകളും ഇല്ലായിരുന്നു. ഒരു വീടും പറമ്പുകളും ഏക പുത്രി ലക്ഷ്മി അവകാശിയായുള്ളതായതിനാൽ സ്ത്രീധനത്തെ കുറിച്ചും അവർക്ക് ചിന്തിക്കേണ്ടിയിരുന്നില്ല. മകളുടെ വിവാഹ ശേഷം മകളുടെ മക്കളെ വളർത്തുന്നതിലായി കുഞ്ഞൂഞ്ഞമ്മയുടെ ശ്രദ്ധ. മകളുടെ പ്രസവങ്ങളുടെ എണ്ണം കൂടി കൂടി വന്നു. കുഞ്ഞുഞ്ഞമ്മയുടെ കൂനും. കേശവന് സമയാസമയം ഭക്ഷണം കഴിച്ചാൽ മാത്രം മതി.

ഒന്ന് രണ്ട് ദിവസമായി കുഞ്ഞൂഞ്ഞമ്മയെ കാണുമ്പോൾ കേശവന്റെ അവിഹിതത്തെ കുറിച്ച് പറയാൻ തുടങ്ങി. വിഷമം ഉള്ളിലൊതുക്കിയെങ്കിലും മകൾ വീട്ടിലുണ്ടായിരുന്നതിനാൽ കുഞ്ഞൂഞ്ഞമ്മ അതേ പറ്റി ഒന്നും ചോദിച്ചില്ല. മകൾ ഭർത്താവിന്റെ വീട്ടിൽ പോയി കഴിഞ്ഞ് ഒരുച്ചയ്ക്ക് ചോറുണ്ണുമ്പോൾ കുഞ്ഞൂഞ്ഞമ്മ കേശവനോട് അതേ പറ്റി ചോദിച്ചു. ചോദ്യം കേട്ടതും കേശവൻ ഉത്തരം പറയാൻ മുതിർന്നില്ല. പ്രവർത്തിച്ചതേയുള്ളൂ. കുഞ്ഞൂഞ്ഞമ്മയുടെ ആഹാരം തട്ടിതെറിപ്പിച്ചു. ആ വീട്ടിലെ അടുപ്പിൽ വേവിക്കാൻ ഭക്ഷണം കഴിക്കാൻ ഒന്നും തന്നെ കേശവൻ പിന്നെ കുഞ്ഞൂഞ്ഞമ്മയെ അനുവദിച്ചില്ല. അയൽപക്കത്ത് സഹോദരന്റെ വീട്ടിൽ പോയി പാചകം ചെയ്യാൻ കുഞ്ഞൂഞ്ഞമ്മ ശ്രമിച്ചെങ്കിലും നാത്തൂനാരുടെ മുഖം കടുത്തു കണ്ടപ്പോൾ അവർ ആ ശ്രമം മതിയാക്കി. അപ്പോഴാണ് കുഞ്ഞൂഞ്ഞമ്മയ്ക്ക് തന്റെ പേരിലുള്ള 20 സെന്റ് സ്ഥലത്ത് ഒരു വീട് വച്ചാലോ എന്ന ആഗ്രഹം ഉണ്ടായത്. പണിക്കാരെ കൊണ്ട് പറമ്പിലെ തന്നെ മണ്ണ് കുഴിച്ചെടുത്തു കുഴച്ച് മൺകട്ടയറുത്തെടുത്ത് വെയിലത്തുണക്കി വീട് പണിഞ്ഞു. രണ്ടുമൂന്ന് കട്ടകൾ അല്പം അകലത്തിൽ ക്രമീകരിച്ച് ജാലകങ്ങളും തയ്യാറാക്കി. മേൽക്കൂര ഓലമേഞ്ഞ് പ്രകൃതി സൗഹൃദമായ ഒരു വീട് നിർമ്മിക്കാൻ കുഞ്ഞുഞ്ഞമ്മയ്ക്ക് അധിക സമയം വേണ്ടി വന്നില്ല. തന്റെ കാലം കഴിഞ്ഞാൽ സ്വയം മണ്ണോട് ചേരുന്ന വീട്. അതിൽ തനിച്ച് താമസമാക്കിയ ആദ്യ ദിവസം കുഞ്ഞൂഞ്ഞമ്മ മനസ്സിൽ വിചാരിച്ചു. പക്ഷി മൃഗാദികളും ഇത്രയൊക്കെത്തന്നെയല്ലേ ചെയ്യുന്നത്. കാറ്റിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുന്ന ഒരു ഗേഹം. അവയുടെ കാലശേഷം മണ്ണോട് ചേരും.

അന്നുമുതൽ അവർക്ക് വളരെ ശാന്തിയും സമാധാനവും അനുഭവപ്പെട്ടു. അടിക്കടിയുള്ള പ്രസവത്തിനിടയിൽ മകൾക്ക് അമ്മയുടെ കാര്യം അന്വേഷിക്കാൻ സാധിച്ചില്ല. അമ്മാമ്മയെ കാണാതെ വളർന്ന കുഞ്ഞുങ്ങളും കുഞ്ഞൂഞ്ഞമ്മയുടെ പേരിനെ കുറിച്ച് അജ്ഞാതരായിരുന്നു. കുഞ്ഞൂഞ്ഞമ്മയ്ക്ക് പ്രായം കൂടി വന്നപ്പോൾ സഹോദരൻ സാമ്പത്തികമായി സഹായിച്ചു പോന്നു. അങ്ങിനെ കുഞ്ഞൂഞ്ഞമ്മയുടെ അന്ത്യ കാലമായി. ആരെയും ബുദ്ധിമുട്ടിയ്ക്കാതെ കുറച്ച് കരിപ്പട്ടിയും ഒരു മൺകുടത്തിൽ വെള്ളവുമായി തന്റെ വീടിനകത്ത് വാർദ്ധക്യത്തിന്റെ ആസക്തികളുമായി കുഞ്ഞൂഞ്ഞമ്മ ചിത്രഗുപ്തന്റെ കണക്കെടുപ്പ് തീരുന്നതുവരെ കാത്തു കിടന്നു. ജീവനെടുക്കുന്നതു വരെ ജീവിച്ചല്ലേ പറ്റൂ. അപ്പോൾ ജീവൻ നിലനിർത്താൻ അല്പാല്പം കരിപ്പട്ടിയും ജലവും കുഞ്ഞൂഞ്ഞമ്മ അകത്താക്കി. അന്ത്യ നിമിഷങ്ങളെണ്ണി കഴിയുമ്പോൾ കുഞ്ഞൂഞ്ഞമ്മയുടെ മനസ്സ് വളരെ ശാന്തമായിരുന്നു. എല്ലാ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രവും. ശവസംസ്കാരം ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇല്ലെങ്കിൽ സമൂഹത്തിന് നാറും എന്ന പക്ഷക്കാരിയായിരുന്നു അവർ. അങ്ങനെ യാതൊരു കർമ്മബന്ധവുമില്ലാതെ അവർ യാത്രയായപ്പോൾ സമൂഹം സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കി. കുഞ്ഞുഞ്ഞമ്മയുടെ ദേഹം മണ്ണോട് ചേർന്ന് കഴിഞ്ഞപ്പോൾ കാലം അതിന്റെ കർത്തവ്യം പൂർത്തിയാക്കി. വീട് നിന്നതിന്റെ ഒരു പാടു പോലും അവശേഷിപ്പിക്കാതെ എല്ലാം മണ്ണോട് ചേർത്തു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.