ഡോ. ഐഷ വി

ആലപ്പുഴ പട്ടണത്തിലുള്ള സെന്റ് റോസസ് ഹോസ്റ്റലിലേയ്ക്ക് പോകുന്ന വഴിയിൽ ഇടതു വശത്തെ ഒരു വീട് ചൂണ്ടികാട്ടി എന്റെ സഹപ്രവർത്തക ടെസ്സിയമ്മ ജേക്കബ് പറഞ്ഞു. അതാണ് എഴുത്തുകാരൻ തകഴിയുടെ മകളുടെ വീട്. ഇടയ്ക്കൊക്കെ തകഴി അവിടെ വരാറുണ്ട് . ആദ്യമായി ആ ഹോസ്റ്റലിലെത്തിയ എനിക്ക് ഹോസ്റ്റലും പരിസരവുമൊക്കെ ടെസ്സി പരിചയപ്പെടുത്തുകയായിരുന്നു. ഇടയ്ക്ക് ജ്ഞാന പീഠ ജേതാവ് ശ്രീ തകഴി ശിവശങ്കരപ്പിള്ളയെ കാണാൻ കഴിയുമല്ലോ എന്നോർത്തപ്പോൾ എനിക്ക് സന്തോഷം തോന്നി. ഹോസ്റ്റലിന്റെ ഗേറ്റെത്തിയപ്പോൾ ടെസ്സി പറഞ്ഞു. തൊട്ടപ്പുറത്താണ് മലയാള മനോരമയുടെ പത്രമോഫീസ്. ബാഗും കുടയും ഡോർ മെട്രിയിൽ കൊണ്ടു വച്ച ശേഷം ഞാൻ ടെസ്സിയുടെ ഡോർ മെട്രിയിലേയ്ക്ക് ചെന്നു. ഗ്ലാസ്സും ചെറിയ കിണ്ണവുമെടുത്ത് ടെസ്സി എന്റെ കൂടെ ചായ കുടിക്കാനായി ഇറങ്ങുന്നതിനിടയിൽ ടെസ്സിയുടെ ഡോർ മെട്രിയുടെ ജന്നലിലൂടെ ഞാൻ പാളി നോക്കി. മനോരമ പത്രമോഫീസ് കണ്ടു. അവിടെയെല്ലാവരും നല്ല തിരക്കിലായിരുന്നു.

താഴെ മെസ്സിൽ പോയി ചായ കുടി കഴിഞ്ഞ് വീണ്ടും മുകളിൽ പോയി വസ്ത്രം മാറി ഞങ്ങൾ താഴെ റിസപ്ഷനിലെത്തി. ടെസ്സി അവിടെ കിടന്ന പത്രമെടുത്ത് വായിക്കാൻ തുടങ്ങി. ഞാനാ മുറിയിലെ കാഴ്ചകൾ ഓരോന്നായി ശ്രദ്ധിക്കാൻ തുടങ്ങി. ഉണ്ണിയേശുവിന്റെ പുൽകൂടിൽ കിടക്കുന്ന ചെറുശിൽപവും അതിൽ ഇട്ടിരുന്ന ചെറിയ അലങ്കാര ബൾബുമൊക്കെ നോക്കി. മുറിയിൽ ഒരറ്റത്ത് ഒരു സ്റ്റാന്റിൽ ഒരു ലാന്റ് ഫോൺ , കോയിനിട്ട് ഫോൺ വിളിക്കാനുള്ള സംവിധാനമുണ്ട്. ചിലർ അവർക്ക് വരേണ്ട ഫോൺ കാത്തിരിയ്ക്കുന്നു. ഒരു പെൺകുട്ടി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പെൺകുട്ടി വളരെ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്. പ്രാണപ്രിയനോടകണം. അപ്പോൾ അവിടിരുന്ന ഒരു സ്ത്രീ പറഞ്ഞു. ഈ കുട്ടി ഇത്ര പതിയെ സംസാരിച്ചാൽ എങ്ങിനെയാണ് മറുതലയ്ക്കുള്ളയാൾ കേൾക്കുക. ഈ പെൺകുട്ടി ഫോണിൽ സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല. ധാരാളം സമയമെടുക്കുo. മറ്റുള്ളവർ അവരവർക്ക് വരേണ്ട കാൾ കാത്തിരുന്ന് മടുക്കും.

അങ്ങനെ ആ മുറിയിലെ ഓരോ കാഴചകളിലും കണ്ണുടക്കിക്കഴിഞ്ഞ് എന്റെ ശ്രദ്ധ ഭിത്തിയിൽ നിന്ന് ഒരു മുപ്പത് ഡിഗ്രി ചായ്ച് സ്ഥാപിച്ച് വർണ്ണക്കടലാസ് കൊണ്ടുണ്ടാക്കിയ ഒരു മാലയിട്ടിരിയ്ക്കുന്ന കന്യാസ്ത്രീയുടെ ഫോട്ടോയിലേയ്ക്ക് തിരിഞ്ഞു. അപ്പോഴേയ്ക്കും ടെസ്സിയുടെ പത്ര വായന കഴിഞ്ഞിരുന്നു. ടെസ്സി എന്നെ വിളിച്ച് അടുത്തിരുത്തി. ഫോട്ടോയിലേയ്ക്ക് ചൂണ്ടി ടെസ്സി പറഞ്ഞു: വർഷങ്ങൾക്ക് മുമ്പ് വാട്ടർ ആന്റ് വേസ്റ്റ് വാട്ടർ അതോറിറ്റിയുടെ ക്ലോറിൻ ഗ്യാസ് സിലിണ്ടറിന് ചോർച്ചയുണ്ടായപ്പോൾ മരിച്ച സിസ്റ്ററാണത്. സിസ്റ്ററിന്റെ പേര് ടെസ്സി പറഞ്ഞെങ്കിലും ഇപ്പോൾ ഞാനത് ഓർക്കുന്നില്ല. കടുത്ത ചൂടേറിയ വേനൽക്കാലത്ത് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പലരും ഉഷ്ണം കാരണo ഒറ്റ വസ്ത്രമേ ധരിച്ചിരുന്നുള്ളൂ. എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്താണത് സംഭവിച്ചത്. മതിലിനപ്പുറത്ത് കുടിവെള്ളം ശുദ്ധീകരിക്കാനുപയോഗിക്കുന്ന ക്ലോറിൻ സിലിണ്ടർ ചോരാൻ തുടങ്ങി. താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന സിസ്റ്റർ ഉറക്കത്തിൽ പതിവില്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടപ്പോൾ വേഗം ചാടിയെഴുന്നേറ്റു.

അടുത്ത മുറികളിലും ഡോർ മെട്രികളിലും ആർക്കൊക്കെയോ ശ്വാസം മുട്ടൽ, ചുമ, ഛർദ്ധി എന്നിവയൊക്കെയുണ്ടെന്ന് സിസ്റ്റർക്ക് മനസ്സിലായി. അന്തരീക്ഷത്തിൽ ക്ലോറിൻ ഗന്ധം പരന്നപ്പോൾ സിറ്റർ അപകടം മണത്തു. സിസ്റ്റർ വേഗം അവസരത്തിനൊത്തുയർന്നു ഉണർന്ന് പ്രവർത്തിച്ചു. അച്ചന്മാരെ വിവരമറിയിച്ച് ആംബുലൻസുകൾ വരുത്തി. ഓരോ ഡോർ മെട്രിയിലും ചെന്ന് ഹോസ്റ്റലിലെ അന്തേവാസികളെ താങ്ങി ആംബുലൻസിൽ എത്തിച്ചു. ഒറ്റവസ്ത്രം മാത്രം ധരിച്ചിരുന്നവർക്ക് ഒരു പുതപ്പു കൂടി തപ്പിയെടുത്ത് പുതപ്പിക്കാൻ സിസ്റ്റർ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ ഡോർ മെട്രിയിലും ചുറ്റി നടന്ന് അവസാനത്തെയാളെയും സിസ്റ്റർ ആംബുലൻസിൽ എത്തിച്ചു. അധോമുഖാദേശ സ്വഭാവമുള്ള ക്ലോറിൻ വാതകം ആദ്യം പരക്കുന്നത് അന്തരീക്ഷത്തിൽ താഴ്ന്ന തലത്തിലാണ്. താഴെ ക്ലോറിന്റെ ആധിക്യം കൂടിയപ്പോൾ പരിക്ഷീണയായ സിസ്റ്റർ കുഴഞ്ഞ് വീണ് തത്ക്ഷണം മരിച്ചു. ആ അപകടത്തിൽ സിസ്റ്റർക്കല്ലാതെ മറ്റാർക്കും മരണത്തിന് കീഴടങ്ങേണ്ടി വന്നില്ല. ടെസ്സി പറഞ്ഞു നിർത്തിയപ്പോൾ എല്ലാവരെയും രക്ഷിച്ച ശേഷം കർത്താവിന്റെ അരികിലേയ്ക്ക് പോയ കർത്താവിന്റെ മണവാട്ടിയുടെ ഫോട്ടോയിലേയ്ക്ക് ആദരപൂർവ്വം ഞാനൊന്നു കൂടി നോക്കി. ഇന്നോർമ്മയിൽ തപ്പുമ്പോൾ പേരോർമ്മ വരുന്നില്ലെങ്കിലും ചിന്തിച്ചു. ആ ആത്മത്യാഗത്തിന് എന്തിനാണൊരു പേര് ?

അന്നത്തെ ഹോസ്റ്റലിലെ അന്തേവാസികളുടെ മനസ്സിലെല്ലാം ഇന്നും ആ സിസ്റ്റർ ജീവിക്കുന്നുണ്ടാകും. തിരിച്ച് രണ്ടാം നിലയിലെ ഡോർ മെട്രിയിലെത്തിക്കഴിഞ്ഞ് ഞാൻ ജാലകത്തിലൂടെ ഒരു വിഹഗ വീക്ഷണം നടത്തി. ഭാഗ്യം അവിടെങ്ങും ഒരു ക്ലോറിൻ സിലിണ്ടറും ഇല്ലായിരുന്നു. കുടിവെള്ളം പമ്പുചെയ്ത് കയറ്റുന്ന ഒരു കൂറ്റൻ ജലസംഭരണി അവിടെ തലയുയർത്തി നിന്നു. പഴയ പത്രവാർത്തയിലൂടെയും ക്ലോറിൻ വാതകം ശ്വസിക്കാനിടയായാൽ അമോണിയാണ് പ്രതി മരുന്നെന്നും അമോണിയ ശ്വസിക്കാനിടയായാൽ ക്ലോറിനാണ് പ്രതിവിധിയെന്നും സ്കൂളിലെ രസതന്ത്ര ക്ലാസ്സുകളിൽ പഠിച്ചത് ഞാനോർത്തു. പിന്നിൽ നിന്നും വാട്ടർ അതോറിറ്റിയിലെ ജീവനക്കാരിയായ ഒരു ഹോസ്റ്റൽ അന്തേവാസി എന്റടുത്തേയ്ക്ക് വന്ന് ജാലകത്തിലൂടെ ദൂരേയ്ക്ക് കൈ ചൂണ്ടി എന്നോട് പറഞ്ഞു. ആ കാണുന്നതാണ് ഞങ്ങളുടെ എഞ്ചിനീയറുടെ ക്വാർട്ടേസ്. ജാലക കാഴ്ചകളിൽ നിന്ന് പിന്തിരിയുമ്പോൾ അവസാനയാളെയും രക്ഷപെടുത്തിയ സിസ്റ്ററിന്റെ മുഖമായിരുന്നു മനസ്സിൽ.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.