ഡോ. ഐഷ വി

വീടിനുമുണ്ടാകും ഒരു കഥ പറയാൻ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വീടിന് ജീവനുണ്ടോ അതിന്റെ കഥ പറയാൻ എന്നാകും നിങ്ങൾ ചിന്തിക്കുക. അല്ലേ? വീട് ചിലർക്ക് ഒരു നിർമ്മിതി മാത്രമായിരിയ്ക്കാം. എന്നാൽ ഒരു വീട്ടിൽ താമസിക്കുന്നവരുടെ വിചാര വികാരങ്ങൾക്ക് നേർസാക്ഷികളാണ് ഞങ്ങൾ . കുറച്ചു ദിവസം അന്തേവാസികൾ മാറി നിന്നാൽ പലവ്യജ്ഞനപ്പൊടികളും എന്തിന് വീടായ ഞാൻ തന്നെയും ദ്രവിച്ചു പോകുന്ന ഒരവസ്ഥയുണ്ട്. അത് ഭയാനകം തന്നെ. എന്നാൽ മനുഷ്യരുടെ സഹവാസമുള്ള സമയത്ത് ഇതൊന്നും ചീത്തയാകാതെയിരിയ്ക്കുകയും ചെയ്യും. ചിലർ ഞങ്ങളെ തൂത്ത് തുടച്ച് മിനുക്കി വയ്ക്കും. എല്ലാം അടുക്കും ചിട്ടയുമായിരിയ്ക്കുന്നത് അന്തേവാസികളുടെ സ്വഭാവത്തിനനുസരിച്ചിരിക്കും. ഒരു വീട് ഒരു കെട്ടിടമെന്നതിനപ്പുറം അതൊരു ഭവനമാകുന്നത് ആ ഭവനത്തിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ കൂടുമ്പോൾ തമ്മിൽ ഇമ്പമുള്ളിടത്താണ്. അതിൽ എനിക്ക് വലിയ കമ്പമുണ്ട്. ചിലർക്ക് വീട് തല ചായ്ക്കാനൊരിടം മാത്രമായിരിയ്ക്കും. ചിലർക്ക് വീടൊരു സ്വപ്നമാണ്. ചിലർക്ക് അതൊരു അഭയമാണ്.

മനുഷ്യൻ ഗുഹാമനുഷ്യനായിരുന്ന കാലത്ത് സുരക്ഷിതമായൊരിടമെന്ന നിലയിൽ ഗുഹകളെ ഉപയോഗിച്ചിരിയ്ക്കാം. അന്നവർക്ക് ആവശ്യത്തിന് ഗുഹകൾ തികയാതെ വന്നപ്പോൾ ഗേഹങ്ങൾ നിർമ്മിച്ചിരിക്കാം . സമീപത്ത് ലഭ്യമായ മണ്ണ് , ചെളി കല്ല്, പുല്ല്, ഇല, ഓല, തടി, മുതലായവകൊണ്ട് നിർമ്മിച്ചിരുന്ന കാലത്ത് പണിയും ചിലവും കുറവായിരുന്നു. ഇന്ന് ഒരു വീട് നിർമ്മിയ്ക്കുന്നത് ചിലർക്ക് രക്തം ചിന്തുന്ന ഏർപ്പാടാണ്. വ്യക്തമായ പദ്ധതിയില്ലാതെ നിർമ്മിക്കുന്നവർ കടക്കെണിയിലാകും. ചിലർക്കത് ഒരിക്കലും സാക്ഷാത്കരിയ്ക്കാനാകാത്ത സ്വപ്നമായിത്തന്നെ തുടരും. ചിലർക്കത് ഒരായുസിന്റെ സമ്പാദ്യമായിരിയ്ക്കും.

ചിലർക്ക് വീട് പണി കഴിയുമ്പോൾ അത് ആർഭാടം കാട്ടാനുള്ള ഒരവസരമാണ്. ചിലർ പണി തീരുമ്പോഴേക്കും കടക്കെണിയിലാകും. ചിലർ താമസിയ്ക്കാനാളില്ലെങ്കിലും ധാരാളം വീടുകളും ഫ്ലാറ്റുകളും പണിത് അടച്ചിട്ടിരിയ്ക്കും. ചിലർക്ക് പണി ഒരിക്കലും തൃപ്തി വരില്ല. അവർ ആ നിർമ്മിതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കും. ആ….. മറ്റുള്ളവരുടെ കാര്യം പറഞ്ഞു കൊണ്ടിരുന്നാൽ ഇങ്ങനെ ധാരാളം പറയാൻ കാണും. എന്റെ ഉത്പത്തിയും വളർച്ചയും തളർച്ചയും സുഖവും ദുഃഖവുമല്ലേ ഇന്നത്തെ പ്രതിപാദ്യ വിഷയം . നമുക്ക് അതിലേയ്ക്ക് കടക്കാം. എന്റെ വളർച്ചയും തളർച്ചയുമൊക്കെ എന്നിൽ വസിച്ച് ഇവിടം വിട്ടു പോയതും ഇവിടെ ഇപ്പോഴും വസിക്കുന്നതുമായ കുറേ അന്തേവാസികളുടെ ജീവിതം കൂടിയാണ്. കാലവും ഉടമസ്ഥരും മാറുന്നതനുസരിച്ച് എന്റെ പേരിലും, നിർമ്മിതിയിലും മാറ്റങ്ങളുണ്ടായി. എന്നിൽ ജീവിച്ച് കടന്നുപോയവർക്ക് സുഖത്തിന്റെ മാധുര്യവും ദുഃഖത്തിന്റെ ഉപ്പും പ്രണയത്തിന്റെ മധുരവും എരിവും പുളിയും വിരഹത്തിന്റെ കയ്പും ചവർപ്പും കലർന്ന ഓർമ്മകളുണ്ടാകാം.

കുറേ മനുഷ്യർ കല്ലും മണ്ണും ഓലയും വച്ച് എന്നെ നിർമ്മിച്ച് ഇവിടെ വസിച്ചിരുന്നപ്പോൾ എനിക്ക് പ്രത്യേകിച്ച്‌ പേരൊന്നുമില്ലായിരുന്നു. പിന്നീട് ഒരു സമുദായക്കാർ ഇവിടെ താമസിച്ചിരുന്നപ്പോൾ ഈ വീടും പറമ്പും ആ സമുദായത്തിന്റെ പേരിൽ അറിയപ്പെട്ടു: “വേടന്റഴികം”. ‘അഴികം എന്നാൽ പുരയിടം. ‘ വേടൻ’ എന്നത് ഒരു സമുദായത്തിന്റെ പേര്. അത് അവരിട്ട പേരല്ല പ്രദേശവാസികൾ ചാർത്തി കൊടുത്ത പേരാണ്. അന്ന് അന്നന്നുള്ളത് കൊണ്ട് ഓണം പോലെ കഴിയുന്ന കുറേ മനുഷ്യരായിരുന്നു എന്നിൽ വസിച്ചിരുന്നത്.

പിന്നീട് എന്റെ ഉടമസ്ഥൻ മാറി. ഒരു പൊക്കം കുറഞ്ഞ സിംഗപ്പൂർ മലയാളിയും ഭാര്യയും മകളുമായി എന്റെ ഉടമസ്ഥർ. എന്തിനും ആർക്കും ഇരട്ട പേര് വിളിക്കുന്ന പാരമ്പര്യമാണല്ലോ നമ്മുടെ നാട്ടുകാർക്ക് . അവർ എന്റെ ഉടമസ്ഥന് ഒരു പേര് ചാർത്തി കൊടുത്തു : ” ഉരുളകിഴങ്ങ്.”. പേരു പോലെയല്ല ആള് . ഇത്തിരി കേമനാണ്. സിങ്കപ്പൂർ നിന്നുള്ള അടുത്ത വരവിൽ അദ്ദേഹം എന്നെ പൂർണ്ണമായും പൊളിച്ച് മാറ്റി ഒരു നല്ല വീടങ്ങ് പണിതു. അടിസ്ഥാനം നന്നായി ഉയർത്തി തറ സിമന്റിട്ട് , ഓടിട്ട മേൽ കൂരയാക്കി , ഭിത്തി വെള്ളപൂശി, പൂമുഖവും അടുക്കളയും കുറേ മുറികളുമായി ഞാൻ ഗമയോടെ തലയുയർത്തി നിന്നു.

ഉടമസ്ഥൻ എനിയ് ക്കൊരു പേരിട്ടെങ്കിലും അതെവിടെയും നാലാൾ കാണത്തക്ക രീതിയിൽ എഴുതി വയ്ക്കാഞ്ഞതിനാൽ നാട്ടുകാർ പഴയ പേരു – തന്നെ വിളിച്ചു പോന്നു. പേര് എഴുതി വച്ചിരുന്നെങ്കിലും അവർ അതു തന്നെ യേ വിളിയ്ക്കുമായിരുന്നുള്ളൂ. മാറാൻ മടിയുള്ളവരല്ലേ ഭൂരിഭാഗവും . എന്റെ ഉടമസ്ഥന് ഭാര്യയും ഒരു മകളുമായിരുന്നു. ഇവർക്ക് കൂട്ടായി ഒരു ജോലിക്കാരനും. ജോലിക്കാരൻ ഒരു കാര്യസ്ഥനെപ്പോലെ എല്ലാം നോക്കി നടത്തി. ചുറ്റുമതിൽ കെട്ടി. ചെറിയ ഗേറ്റിട്ടു. പതുക്കെ ഉടമസ്ഥന്റെ മകളും ജോലിക്കാരനും തമ്മിൽ പ്രണയത്തിലായി. അവരുടെ നനുത്ത പ്രണയത്തിനും സന്തോഷത്തിനും വീട്ടുകാരുടെ എതിർപ്പിനും എനിക്ക് സാക്ഷിയാകേണ്ടി വന്നു.

വീട്ടുകാരുടെ സമ്മതത്തോടെ . വിവാഹം നടക്കില്ലെന്ന് കണ്ടപ്പോൾ അവൻ അവളെയും കൊണ്ട് നാടുവിട്ടു. അവൻ നല്ലവണ്ണം അധ്വാനിക്കുന്ന പയ്യനായിരുന്നതിനാൽ അവളെ പൊന്നുപോലെ നോക്കുമെന്ന് എനിക്കുറപ്പായിരുന്നു. എന്റെ ഉടമസ്ഥനും ഭാര്യയും കൂടി ഒരു ദിവസം സംസാരിക്കുന്നത് ഞാൻ കേട്ടു. മകൾ പോയതോടെ അവരുടെ മാനം പോയി. ഇനിയെല്ലാം വിറ്റു പെറുക്കി നാടു വിടാം എന്നായിരുന്നു അതിന്റെ കാതൽ. ഞാൻ നൊമ്പരപ്പെട്ടു. എനിക്ക് ഇന്നത്തെ മോടിയൊക്കെ നൽകിയ ഉടമസ്ഥരാണ് എല്ലാം വിറ്റുപെറുക്കി നാടുവിടുന്നത്. അവർ പറഞ്ഞതു പോലെ തന്നെ ചെയ്തു. എന്നെ മറ്റൊരു സിംഗപ്പൂർകാരന് വിറ്റിട്ട് അവർ അടുത്ത ഗ്രാമത്തിൽ താമസമാക്കി.

മനുഷ്യന്റെ ഭാഗ്യം മാറി മറിയുമല്ലോ. ആ പെൺകുട്ടിയെ വിവാഹം കഴിച്ച പയ്യൻ നല്ല അധ്വാനിയായിരുന്നത് കൊണ്ട് അവളെയും മക്കളെയും പൊന്നുപോലെ നോക്കിയെന്നും പിന്നീട് എന്റെ പഴ ഉടമസ്ഥനും ഭാര്യയും അയൽ ഗ്രാമത്തിൽ വാങ്ങിയ വീടും വസ്തുവകകളുമെല്ലാം ആ പയ്യൻ വാങ്ങിയെന്നും ആരോ പറഞ്ഞു ഞാൻ കേട്ടു. നന്നായിരിയ്ക്കട്ടെ. എന്റെ പുതിയ ഉടമസ്ഥനെ ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ? ഉടമസ്ഥൻ ഗംഗാധരൻ , ഭാര്യ യശോധര , മകൾ ഗീത . ഗീത വളർന്നു വന്നപ്പോൾ വീടിന് ചുറ്റും ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചു. ചെറിയ റോസ് ലില്ലികൾ മേയ് മാസത്തിൽ നിര നിരായായി പൂത്ത് നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയായിരുന്നെന്നോ? ഗീതയ്ക്ക് അച്ഛന്റെ കത്തുകൾ വരുമ്പോൾ വലിയ സന്തോഷമായിരുന്നു.

ഗീതയുടെ അച്ഛൻ എനിക്ക് പുതിയ പേരിട്ടു. മാത്രമല്ല അത് മുൻഭാഗത്ത് എഴുതി വയ്കുകയും ചെയ്തു: ” ധനലക്ഷ്മി വിലാസം”. എനിക്ക് സന്തോഷമായി . ഗീതയുടെ അച്ഛാമ്മയുടെ പേരിലെ ‘ലക്ഷ്മി’യാണ് എന്റെ പേരിനോടൊപ്പം ചേർത്തതെന്ന് എനിക്ക് മനസ്സിലായി. പിന്നെ അമ്മായിപ്പോരിനും നാത്തൂൻ പോരിനും യാതൊരു കുറവുമില്ലായിരുന്നു. മനസ്സ് മടുത്ത് ഗീതയുടെ അച്ഛൻ വിവാഹ ബന്ധം വേർപെടുത്തിയാലോ എന്നു വരെ ചിന്തിച്ചു. എന്നാൽ ഒരു ബന്ധു കൊടുത്ത പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം തീരുമാനം മാറ്റി. ഗീതയുടെ അച്ഛൻ ഒരിക്കൽ വന്നു പോയപ്പോൾ ലക്ഷ്മിയും യാത്രയാക്കാൻ കൊല്ലം റയിൽവേ സ്റ്റേഷനിൽ പോയി. മദ്രാസിലേയ്ക്ക് ട്രെയിനിൽ കയറിയ ഗംഗാധരനെ കൂടെ കയറി മനസ്സ് നൊമ്പരപ്പെടുത്തും വിധം വഴക്ക് പറഞ്ഞ ശേഷമാണ് ലക്ഷ്മി തിരികെ പോന്നത്. ഇതേ പറ്റി എന്റെ ഉടമസ്ഥൻ തന്റെ മകൾക്കൊരു കത്തെഴുതി. ആ കത്ത് ഗീത വായിയ്ക്കുന്നതും വേദനിയ്ക്കുന്നതും സൂക്ഷിച്ചു വയ്ക്കുന്നതുമെല്ലാം ഞാൻ മനസ്സിലാക്കിയിരുന്നു.

1971 ജനുവരി19 ന് എന്റെ ഉടമ ഹൃദയ സ്തംഭനം മൂലം മരിച്ചു എന്ന വാർത്ത ഹൃദയ ഭേദകമായിരുന്നു. ഗീതയെ ഇത് വല്ലാതെ വിഷമിപ്പിച്ചു. ലക്ഷ്മിയും മരുമകളുമായി ജീവനാംശത്തിന് വേണ്ടിയുള്ള പോര് കോടതിയിലെത്തി. മരിച്ച ഗംഗാധരൻ സിങ്കപൂർ പൗരനാണെന്ന വാദം ഒരു വശത്തും സിങ്കപ്പൂർ പൗരൻ ഭാരതത്തിൽ സ്വത്ത് സമ്പാദിച്ചാൽ ഭാരതതത്തിലെ നിയമമനുസരിച്ച് സ്വത്ത് ഭാഗം വയ്ക്കണമെന്നു മറുഭാഗവും വാദിച്ചു. അവസാനം സ്ഥാവര ജങ്ഗമവസ്തുക്കൾ മൂന്നായി ഭാഗം വയ്ക്കാൻ കോടതി വിധിച്ചു. അങ്ങനെ ഞാൻ നിൽക്കുന്ന പറമ്പിന്റെ ഒരു ഭാഗം ലക്ഷ്മിയുടെ വീതമായി കിട്ടി. പിന്നീട് ലക്ഷ്മി അതിൽ ഒരു കെട്ടിടം പണിതു. ഗീത പ്രായപൂർത്തിയായപ്പോൾ വിവാഹിതയായി. ഗീത ഒരു മകളെ പ്രസവിച്ച് കിടന്നപ്പോൾ ഒരു കുഞ്ഞിക്കാലു കണ്ട സന്തോഷമായിരുന്നു എനിക്ക്. ആ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. ഇരു വീട്ടുകാരുടേയും അമിതമായ ഇടപെടൽ മൂലം ആ വിവാഹ ബന്ധം വേർപിരിഞ്ഞു. ഗീതയും അമ്മയും എന്നെ വിൽക്കാൻ തീരുമാനിച്ചു. അവർ കൊട്ടിയത്തേയ്ക്ക് താമസം മാറി. വേദനയുണ്ടായിരുന്നെങ്കിലും എല്ലാം ഞാൻ ഉൾക്കൊണ്ടു. ഒരു ഗൾഫുകാരനും ഭാര്യയും രണ്ടാൺമക്കളുമടങ്ങുന്ന കുടുംബമാണ് പിന്നീടിവിടെ താമസമാക്കിയത്. ഭർത്താവ് ഗൾഫിൽ നിന്നും വരുമ്പോൾ ഭാര്യയോട് വഴക്കടി യ്ക്കുകയും പുരുഷ മേധാവിത്വം കാട്ടുകയും പതിവായിരുന്നു. എങ്കിലും മക്കളെ പോറ്റിവളർത്താൻ വേണ്ടി എല്ലാം സഹിച്ചു.

ഗൾഫുകാരൻ എന്റെ മുഖഛായ ആകെയങ്ങ് മാറ്റി. മതിൽ പൊളിച്ച് കാർ കയറുന്ന ഗേറ്റ് പണിതു. കാർപോർച്ച് പണിതു .പെയിന്റ് മാറ്റി. അടുക്കള മോഡേൺ ആക്കി . എന്റെ പേര് മാറ്റി. മക്കളെ പഠിപ്പിച്ചു. ഗൾഫുകാരൻ നാട്ടിൽ വന്നു സ്ഥിര താമസമാക്കിയ സമയം. അയാൾ നാട്ടുകാരുടെ ഇടയിൽ ധാരാളം സംഭാവന കൊടുക്കുന്നയാളെന്ന നിലയിൽ പേരെടുത്തു. ഭാര്യ ഒരു ദിവസം ചില നേർച്ചകൾ പൂർത്തിയാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അത് തിരസ്കരിച്ചു. അങ്ങിനെയിരിക്കേയാണ് . ടൂറിസ്റ്റ് ബസ്സു കാരുടെ വരവ്. എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലും ടൂറിസ്റ്റ് സ്പോട്ടുകളിലും കൊണ്ടുപോകും. 500/- രൂപയേയുള്ളു. രണ്ട് ദിവസത്തെ യാത്ര. ഗൾഫുകാരന്റെ ഭാര്യ ഭർത്താവിന് ആവശ്യമുള്ളതെല്ലാം ഉണ്ടാക്കി വച്ചു. ഫ്രിഡ്ജിൽ കയറ്റേണ്ട ഭക്ഷണം ഫ്രിഡ്ജിൽ കയറ്റി. ചോദിച്ചാൽ വിടില്ലെന്ന് അറിയാവുന്നതു കൊണ്ട് ഭർത്താവിനോട് പറയാതെ മക്കളോട് പറഞ്ഞിട്ട് ടൂർ പോയി. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ഗൾഫുകാരൻ ഭാര്യയെ വീട്ടിൽ കയറ്റിയില്ല. മാത്രമല്ല മക്കളെ കൂടി വീട്ടിൽ നിന്നും പുറത്താക്കി. അങ്ങനെ ഒരു കുടുംബം കൂടി ശിഥിലമാകുന്നതിന് എനിക്ക് സാക്ഷിയാകേണ്ടി വന്നു. പിന്നെ ഡ്രൈവർ ആയി ഗൾഫുകാരന്റെ സന്തത സഹചാരി. പ്രമേഹം കടുത്തപ്പോൾ ഗൾഫുകാരന്റെ കാൽ മുറിക്കേണ്ടി വന്നു. ഡ്രൈവർ എല്ലാ സഹായവും ചെയ്തു കൊടുത്തു.

ഗൾഫുകാരന്റെ അവസാനമടുത്തപ്പോൾ അദ്ദേഹത്തെ ഡ്രൈവർ നോക്കിക്കോളുമെന്ന ഉറപ്പിന്മേൽ വീടും വസ്തുവകകളും ഡ്രൈവറുടെ പേരിൽ എഴുതി വച്ചു. പറഞ്ഞതു പോലെ ഡ്രൈവർ ഗൾഫുകാരന് വേണ്ടതെല്ലാം ചെയ്തു കൊടുത്തു. ഗൾഫുകാരന്റെ മരണശേഷം ഡ്രൈവറും കുടുംബവും ഈ വീട്ടിൽ സ്ഥിരതാമസമാക്കി. മകളെ വിവാഹം ചെയ്തയച്ചു . എന്റെ പേരു മാറ്റി. പുതിയ പെയിന്റടിച്ചു. അങ്ങനെ എന്റെ കഥ ഇങ്ങനെ നീളുന്നു. ഒരു കാര്യം ഞാൻ പറയാൻ വിട്ടുപോയി. ഗീതയും കുടുംബവുമായി സ്വത്ത് വിഭജനം കഴിഞ്ഞപ്പോൾ ഗീതയുടെ അച്ഛാമ്മ സ്നേഹത്തിലായി. ഭാഗം കിട്ടിയ പറമ്പിൽ ലക്ഷ്മി വച്ച വീട്ടിലേയ്ക്ക് ഗീത വന്നു. ലക്ഷ്മി കൊച്ചുമകൾക്ക് അയലയൊക്കെ പൊരിച്ച് വച്ച് കാത്തിരിയ്ക്കയായിരുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.