ട്രംപ്‌ ഭരണകൂടത്തിന്റെ കഴിവുകേടു കാരണം അമേരിക്കന്‍ ജനത വലിയ ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് അടുത്തിടെ പുറത്താക്കപ്പെട്ട പൊതുജനാരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥനും വിസിൽബ്ലോവറുമായ റിക്ക് ബ്രൈറ്റ് യുഎസ് കോൺഗ്രസിന് മുന്നറിയിപ്പ് നൽകി. കൊറോണ വൈറസ് പാൻഡെമിക്കിനെ നേരിടുന്നതില്‍ ഫെഡറൽ ഗവൺമെന്റിന്റെ പരാജയങ്ങൾ കാരണം അമേരിക്കന്‍ ജനത തങ്ങളുടെ ‘ആധുനിക ചരിത്രത്തിലെ ഏറ്റവുംവലിയ ഇരുണ്ട ശൈത്യകാലം’ അനുഭവിക്കേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണന്നാണ് റിക്ക് ബ്രൈറ്റ് പറയുന്നത്.

വാക്സിനുകളുടെ ചുമതലയുള്ള ഒരു ഫെഡറൽ ഏജൻസിയുടെ തലവനായ റിക്ക് കഴിഞ്ഞ മാസമാണ് പുറത്താക്കപ്പെടുന്നത്. കോവിഡ് -19 നെ നേരിടാന്‍ സമഗ്രമായ ഒരു പദ്ധതിയും ട്രംപ് ഭരണകൂടത്തിന് ഇപ്പോഴും ഇല്ലാത്തതിനാല്‍ യുഎസിൽ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള എല്ലാ വഴികളും അടയുകയാണെന്ന് കോൺഗ്രസ് കമ്മിറ്റിയോട് അദ്ദേഹം പറഞ്ഞു. ‘സമയം അതിക്രമിക്കുകയാണ്. ജനങ്ങള്‍ വീടുകളില്‍ ഇരുന്ന് അസ്വസ്തത പ്രകടിപ്പിച്ചു തുടങ്ങി. കൃത്യമായ പ്രതിരോധ പദ്ധതിയില്ലാതതിനാല്‍ പാൻഡെമിക് കൂടുതൽ വഷളാകുകയും ഏറെക്കാലം നീണ്ടുനിൽക്കുകയും ചെയ്യും. ഇത് അഭൂതപൂർവമായ രോഗങ്ങൾക്കും മരണങ്ങൾക്കും കാരണമാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു’ റിക്ക് ബ്രൈറ്റ് സമര്‍പ്പിച്ച രേഖാമൂലമുള്ള പ്രസ്താവനയില്‍ പറയുന്നു.

നാലുവർഷത്തോളം ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡവലപ്മെൻറ് അതോറിറ്റിയുടെ ഡയറക്ടറായിരുന്ന ഇദ്ദേഹത്തെ ഏപ്രിലിലാണ് തല്‍സ്ഥാനത്ത് നിന്നും നീക്കുന്നത്. ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവയുൾപ്പെടെയുള്ള ‘ഹാനികരമായ മരുന്നുകൾ വ്യാപകമായി ലഭ്യമാക്കാനുള്ള’ ഭരണകൂടത്തിന്റെ സമ്മർദത്തെ പ്രതിരോധിച്ചതാണ് തന്നെ നീക്കം ചെയ്യാന്‍ കാരണമെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ രണ്ട് മലേറിയ വിരുദ്ധ മരുന്നുകളും കോവിഡ് -19 ന്റെ ചികിത്സയായി ഉപയോഗിക്കാമെന്ന് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു പറയുന്നുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും അവയുടെ ഫലപ്രാപ്തിയെക്കുറിച്ചുള ള പ്രാഥമിക പഠനങ്ങളിൽ സമ്മിശ്ര ഫലങ്ങളാണ് ലഭിക്കുന്നത്.