ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്വവർഗ ദമ്പതികളെ വിവാഹം കഴിപ്പിക്കാനും അനുഗ്രഹിക്കാനുമുള്ള അവസരം ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ വൈദികർക്ക് ഉണ്ടാകണമെന്നുള്ള ആവശ്യം മുന്നോട്ടുവച്ചിരിക്കുകയാണ് ഓക്സ്ഫോർഡ് ബിഷപ്പ്. സ്വവർഗ്ഗ വിവാഹത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾക്ക് വളരെ സാവധാനമാണ് മാറ്റമുണ്ടായതെന്ന് റൈറ്റ് റെവെറൻഡ് ഡോക്ടർ സ്റ്റീവൻ ക്രോഫ്റ്റ് വ്യക്തമാക്കി. അതോടൊപ്പം വൈദികർക്കും അവർ ആഗ്രഹിക്കുന്നുവെങ്കിൽ സ്വവർഗ്ഗ പങ്കാളിയെ വിവാഹം കഴിക്കുവാൻ അനുവദിക്കണമെന്നും അദ്ദേഹം എഴുതിയ ലേഖനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സഭയുടെ നിയമപ്രകാരം, ചർച്ച് ഓഫ് ഇംഗ്ലണ്ട് വൈദികർക്ക് സ്വവർഗ വിവാഹം അനുഗ്രഹിക്കാനോ, സ്വയമായി അതിൽ ഉൾപ്പെടുവാനോ സാധ്യമല്ല. ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ച് സംസാരിക്കുന്ന ഏറ്റവും മുതിർന്ന പുരോഹിതനാണ് റെവെറൻഡ് ക്രോഫ്റ്റ്. “ടുഗെതർ ഇൻ ലവ് & ഫെയ്ത് ” എന്ന തലക്കെട്ടിൽ ക്രോഫ്റ്റ് എഴുതിയ ലേഖനത്തിൽ, കഴിഞ്ഞ 10 വർഷത്തിനിടയിൽ എങ്ങനെയാണ് സ്വവർഗ്ഗ വിവാഹത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾക്ക് മാറ്റം സംഭവിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും പ്രയാസങ്ങളും വേദനയും തനിക്ക് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം തന്റെ ലേഖനത്തിൽ പറഞ്ഞു. ഒരു സഭ എന്ന നിലയിൽ ഇത്തരം വിഷയങ്ങളിൽ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ തങ്ങൾ പുറകോട്ട് ആണെന്നുള്ളത് തനിക്ക് വളരെയധികം വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു മുതിർന്ന പുരോഹിതന്റെ ഇത്തരം ഒരു വെളിപ്പെടുത്തൽ സഭയിൽ കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബറിൽ മരണപ്പെട്ട ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റെ സ്വവർഗ്ഗ വിവാഹത്തിന്റെ പേരിൽ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതിൽ നിന്ന് സഭ വിലക്കിയിരുന്നു. സ്വവർഗ്ഗ വിവാഹങ്ങളെ അനുകൂലിച്ച് ക്രോഫ്റ്റിനെ പോലെ ഇപ്പോൾ നിരവധി ബിഷപ്പുമാർ രംഗത്ത് എത്തുന്നുണ്ട്.