കൊല്ലം കൊട്ടിയത്തെ ബ്യൂട്ടിഷ്യൻ ട്രെയിനർ സുചിത്ര പിള്ളയുടെ കൊലപാതക കേസിൽ പ്രതി പ്രശാന്തുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച കൈക്കോട്ട് (തൂമ്പ) ഉൾപ്പെടെ നിർണായക തെളിവുകൾ കണ്ടെടുത്തു. പ്രതി വാടകയ്ക്കു താമസിച്ചിരുന്ന മണലി ശ്രീരാം സ്ട്രീറ്റിലെ വീട്ടിലും പരിസരത്തുമായിരുന്നു തെളിവെടുപ്പ്. ഇവിടെ വച്ചായിരുന്നു കൊലപാതകം.

മാർച്ച് 20ന്, കേബിൾ കഴുത്തിൽ മുറുക്കി സുചിത്രയെ കൊലപ്പെടുത്തിയെന്നാണു മൊഴി. തുടർന്നു കാലുകൾ മുറിച്ചുമാറ്റി തൊട്ടടുത്തുള്ള കാടുപിടിച്ച സ്ഥലത്തു കുഴിയെടുത്തു മൂടി. കുഴിയെടുക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കൈക്കോട്ട് പ്രതി താമസിച്ചിരുന്ന വീടിന്റെ 30 മീറ്റർ മാറി ഒഴിഞ്ഞ സ്ഥലത്തെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തി. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ മുടി ഉൾപ്പെടെ കണ്ടെടുത്തു.

കാൽ മുറിച്ചുമാറ്റാൻ ഉപയോഗിച്ച കത്തി ടെറസിൽനിന്ന്, മൃതദേഹം കുഴിച്ചിട്ടതിന്റെ പരിസരത്തേക്കു വലിച്ചെറിഞ്ഞതായാണു പ്രതിയുടെ മൊഴി. തുടയ്ക്കു താഴെ കാലുകളിൽനിന്നു മാംസം മുറിച്ചു മാറ്റി എല്ല് ഒടിച്ചു മടക്കുകയായിരുന്നു. ഇതിനായി ഉപയോഗിച്ച കത്തിക്കായി മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. ഇതിനായി വീണ്ടും പരിശോധന നടത്തും.

സുചിത്രയുടേതെന്നു സംശയിക്കുന്ന വള, മാല അടക്കമുള്ള ആഭരണങ്ങൾ പ്രതി താമസിച്ചിരുന്ന വീടിന്റെയും അയൽ വീടിന്റെയും മതിലിനിടയ്ക്കുള്ള വിടവിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. മൃതദേഹം പെട്രോൾ ഉപയോഗിച്ചു കത്തിക്കാൻ ശ്രമിച്ചതിന്റെ തെളിവും ലഭിച്ചു. കൃത്യത്തിനുശേഷം സുചിത്രയുടെ മൊബൈൽ ഫോൺ മണ്ണുത്തിയിൽ ഉപേക്ഷിച്ചതായാണു മൊഴി.

ഇത് ഉപേക്ഷിക്കാൻ പോയ സമയം പ്രശാന്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതടക്കമുള്ള വിവരങ്ങളും ലഭിച്ചു. പ്രതി ഇന്റർനെറ്റിൽ കൊലപാതക രീതികൾ പരിശോധിച്ചതടക്കമുള്ള തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചതായാണു സൂചന. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങളും കൊലപാതകത്തിനു കാരണമായെന്നാണു പൊലീസിന്റെ വിലയിരുത്തൽ. മറ്റു കാരണങ്ങൾ ഉണ്ടോ എന്നതും അന്വേഷിക്കുന്നു.

മാ‍ർച്ച് 17നാണു സുചിത്ര കൊല്ലത്തുനിന്നു പാലക്കാട്ടേക്കു പുറപ്പെട്ടത്. പ്രതി പ്രശാന്തിന്റെ ഭാര്യയുടെ സുഹൃത്തു കൂടിയാണ് ഇവർ. കൊലപ്പെടുത്താൻ ഉപയോഗിച്ച വയർ പ്രതി നശിപ്പിച്ചിരുന്നു. കൊല്ലം ക്രൈം ഡിറ്റാച്മെന്റ് അസിസ്റ്റന്റ് കമ്മിഷണർ ബി. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരായ പി.എസ്. വർഗീസ്, ജെ. ഏലിയാമ്മ എന്നിവരും സന്നിഹിതരായിരുന്നു.