റഷ്യന്‍ ആക്രമണത്തില്‍ ഉക്രെയ്‌നിയന്‍ ചലച്ചിത്ര താരം ഒക്‌സാന ഷ്വെയ്റ്റ്‌സ്(67) കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലെ ജനവാസ മേഖലയില്‍ ഇന്നലെ റഷ്യ നടത്തിയ റോക്കറ്റാക്രമണത്തിലാണ് താരം കൊല്ലപ്പെട്ടത്.

ഉക്രെയ്‌നില്‍ കലാരംഗത്തുള്ളവര്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ‘ഓണേഡ് ആര്‍ട്ടിസ്റ്റ് ഓഫ് ഉക്രെയ്ന്‍’ പുരസ്‌കാരം ലഭിച്ചിട്ടുള്ള അഭിനേത്രിയാണ് ഒക്‌സാന. മരണം ഇവരുടെ ട്രൂപ്പായ യങ് തിയേറ്റര്‍ സ്ഥിരീകരിച്ചു.

ജനവാസ മേഖലയില്‍ ആക്രമണം നടത്തില്ലെന്ന് റഷ്യ തുടരെത്തുടരെ പറയുന്നുണ്ടെങ്കിലും ഇത്തരം മേഖലകളിലും ആക്രമണം രൂക്ഷമാണ്. ഇതുവരെ 600 സാധാരണക്കാര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയ്ന്‍ യുഎന്നില്‍ അറിയിച്ചിരിക്കുന്നത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

പ്രത്യേക സൈനിക നടപടി ഉക്രെയ്‌നിയന്‍ സൈനിക ശക്തിക്ക് നേരെ മാത്രമാണെന്നാണ് റഷ്യയുടെ വാദം. ഫെബ്രുവരി 24നാണ് ഉക്രെയ്‌നില്‍ റഷ്യ ആക്രമണങ്ങള്‍ക്ക് തുടക്കമിടുന്നത്. ആക്രമണത്തില്‍ ഉക്രെയ്ന്‍ പിന്‍മാറാതെ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഖാര്‍കീവ് ഉള്‍പ്പടെ രാജ്യത്തിന്റെ പ്രധാന നഗരങ്ങളെല്ലാം തകര്‍ന്നടിഞ്ഞ നിലയിലാണ്.