ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ പാലക്കാട് വെച്ച് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്. പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രത്യേക അന്വേഷണ സംഘം മൂന്ന് പേരെ കസ്റ്റഡിയിൽ എടുക്കുന്നത്. മൂന്ന് പേരെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.

മുണ്ടക്കയത്ത് നിന്നാണ് ഇവരെ പിടികൂടിയത് എന്നാണ് റിപ്പോർട്ടുകൾ. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് കസ്റ്റഡിയിലുള്ള സുബൈർ. ഇയാളുടെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നായിരുന്നു മലമ്പുഴ മമ്പറത്ത് ത്ത് വച്ച് സഞ്ജിത്ത് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ എസിഡിപിഐ നേതാക്കൾ ഉൾപ്പെടെ നിരവധി പേരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു.

അതിനിടെ, കേസ് എൻഐഎ അന്വേഷണിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ഇക്കാര്യം വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് കേന്ദ്ര സർക്കാരിനെ സമീപിക്കും.