കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ചലച്ചിത്രതാരം ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ 11-ാം പ്രതിയായാണ് ഇപ്പോള്‍ ദിലീപിനെ ചേര്‍ത്തിരിക്കുന്നത്. വിശദമായ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ ദിലീപ് രണ്ടാം പ്രതിയായേക്കുമെന്നാണ് സൂചന. ഗൂഢാലോചനയ്ക്കു പുറമേ കൂട്ട ബലാല്‍സംഗക്കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി.

മറ്റു തടവുകാര്‍ ആക്രമിക്കാതിരിക്കാന്‍ പ്രത്യേക സെല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചില്ല. 5 സഹതടവുകാര്‍ക്കൊപ്പം സാധാരണ സെല്ലിലാണ് ദിലീപിനെ അടച്ചിരിക്കുന്നത്. പുലര്‍ച്ചെ 6 മണിയോടെ അങ്കമാലിക്കു സമീപം വേങ്ങൂരിലുള്ള മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തത്. ഇന്നലെ ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിലീപിന്റെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുകയായിരുന്നു.

കസ്റ്റഡിയില്‍ വിടണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും മജിസ്‌ട്രേറ്റ് അനുമതി നല്‍കിയില്ല. ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് നാളെ വീണ്ടും അപേക്ഷ നല്‍കും. ദിലീപിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുന്നത്. അഡ്വ. കെ.രാംകുമാര്‍ ആണ് ദിലീപിനു വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. താന്‍ നിരപരാധിയാണെന്ന് ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്നും ദിലീപ് പറഞ്ഞു. കൃത്രിമ തെളിവുകളാണ് പോലീസ് ഹാജരാക്കിയതെന്നായിരുന്നു രാംകുമാര്‍ പറഞ്ഞത്.