സ്പിരിച്വൽ ഡെസ്ക്ക്, മലയാളം യുകെ

പരി. അമ്മ സ്നേഹമാണ്, സംരക്ഷകയാണ്, മാധ്യസ്ഥയാണ് എന്നൊക്കെ എല്ലാവരേയും പോലെ കേട്ടാണ് ഞാനും വളർന്നത്. എന്നാൽ വേറിട്ടൊരനുഭവം ഞാനിവിടെ പങ്കുവെയ്ക്കുകയാണ്. ഇത്തരം നന്മകളുടെ അനുഭവങ്ങളും ആഴങ്ങളും തേടി ഞാനലഞ്ഞത് വർഷങ്ങളാണ്.

ഒൻപത് മക്കളുള്ള കുടുംബത്തിലെ ഒൻപതാമത്തെ മകളായി ദാരിദ്രത്തിൻ്റെയും കഷ്ടപ്പാടിൻ്റെയും നടുവിൽ ജനിച്ചു. ഇടവക ദേവാലയത്തിലെ മാതാവിൻ്റെ പാദത്തിനുമുമ്പിൽ അമ്മച്ചി എന്നെ കിടത്തി അമ്മച്ചിയുടെ ഉത്തരവാദിത്വം മാതാവിനെ ഏൽപ്പിച്ചു. വളർന്ന് വന്ന കാലഘട്ടത്തിൽ തൻ്റേടിയായി മാറിയ എനിക്ക് കിട്ടിയ ശാസനം പതിനഞ്ച് വയസ് വരെ നിൻ്റെ സ്ഥാനം മാതാവിൻ്റെ മുൻപിലാണ് എന്നാണ്. ദേവാലയത്തിൽ കൂട്ടുകാർ പിറകിൽ നിൽക്കുമ്പോഴും എൻ്റെ സ്ഥാനം മാതാവിൻ്റെ മുമ്പിൽ തന്നെയായിരുന്നു. ജപമാല മുട്ടിൽ മേൽ നിന്ന് കൈ വിരിച്ച് പിടിച്ച് ചൊല്ലുന്ന സഹോദരങ്ങളെ കണ്ടാണ് ഞാൻ വളർന്നത്. പ്രായത്തിനനുസരിച്ച് ഞാനുമതിൽ പങ്കുചേരാൻ നിർബന്ധിക്കപ്പെട്ടു എന്നതാണ് സത്യാവസ്ഥ.

സന്യാസ ഭവനത്തിലേയ്ക്ക് കടന്നു വന്ന നാൾ മുതൽ ഞാൻ നിരന്തരമായ ഒരന്വേഷണത്തിലേർപ്പെട്ടു. മാതാവിന് ഈ പറയുന്ന ഗുണ ഗണങ്ങളൊക്കെയുണ്ടോ? എനിക്കെന്തേ അനുഭവമില്ലാത്തത്?? ഈ അന്വേഷണം ഒത്തിരിയേറെ ഉൾക്കാഴ്ച്ചകളിലേയ് ക്കെന്നെ നയിച്ചു. അന്വേഷണത്തിനിടയിലും പിണങ്ങിയും ഇണങ്ങിയും അമ്മയോടുള്ള ബന്ധം നിലനിർത്തി. മാതാവിൻ്റെ സംരക്ഷണമുണ്ടെന്ന് പലരും പറഞ്ഞിരുന്നെങ്കിലും ഞാനതിന് പ്രാധാന്യം കൊടുത്തില്ല. കാരണം ഞാനാഗ്രഹിക്കുന്ന അനുഭവങ്ങളൊന്നും ലഭിക്കുന്നില്ല എന്നതു തന്നെ.

ഇപ്പോൾ എൻ്റെ അവസ്ഥയിൽ നിന്ന് തിരിഞ്ഞ് നോക്കുമ്പോൾ അറിയാതെ കണ്ണ് നിറയുകയാണ്. ബാല്യകൗമാരകാലം, സന്യാസ പരിശീലനം, സമർപ്പിത ജീവിതം, എല്ലാം മനോഹരമാക്കി തീർത്തത് പരിശുദ്ധ അമ്മയായിരുന്നു. അമ്മച്ചിയുടെ കണ്ണീരിൽ കുതിർന്ന യാചന സ്വീകരിച്ച് വിശ്വസ്തതയോടെ നിർവ്വഹിക്കുന്ന പരി. അമ്മ. പലയിടത്തും ഞാൻ പതറി വീണപ്പോഴും താങ്ങായി കൂടെ നിന്ന് എന്നെ ചേർത്ത് നിർത്തിയവളാണ് പരി. അമ്മ. ആത്മീയ ജീവിതത്തിൽ ഞാനറിയാതെ എന്നെ വളർത്തുന്ന വ്യക്തിയാണ് പരി. അമ്മ. വഴി നടത്തിയ അമ്മയെ തിരിച്ചറിയാൻ ശ്രമിക്കാതെ ജീവിതമാകുന്ന തോണി താനേ തുഴഞ്ഞു നിങ്ങുമ്പോൾ വേദനയോടെ മാറി നില്ക്കേണ്ടി വന്ന അമ്മേ.. നിനക്ക് മാപ്പ്.

ഇതെൻ്റെ അനുഭവമാണെങ്കിലും ഇതിലൂടെ നിരവധി കാര്യങ്ങൾ പഠിപ്പിച്ചു. അമ്മയുടെ കരങ്ങളിലേൽപ്പിക്കപ്പെടുന്ന ഒരാത്മാവും നഷ്ടപ്പെടില്ല. നാമാഗ്രഹിക്കുന്നതു പോലെ അമ്മയുടെ സാന്നിധ്യം മനസ്സിലായില്ലെങ്കിലും കൂടെയുണ്ടെന്നുള്ള ഉറപ്പ് അത് വളരെ വലുതാണ്. ജപമാലയുടെ ശക്തി ലോകം കാണാനിരിക്കുന്നതേയുള്ളൂ.

സുകൃതജപം

ദൈവപുത്രൻ്റെ മാതാവേ.. ദൈവവചനത്തിനനുസരണമായി ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ..

പരിശുദ്ധ മാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://youtu.be/yFgKXJsRpOE