സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

മാതാവിനോട് സവിശേഷമായ ഭക്തിയും സ്നേഹവും ആദരവും പുലർത്തുന്നവരാണല്ലോ നാമെല്ലാവരും. ഭൗതിക ജീവിതത്തിൽ അമ്മയ്ക്കുള്ള സ്ഥാനം പോലെയാണ് ആത്മീയ ജീവിതത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ സ്ഥാനം. അമ്മയോടു ചേർന്ന് നിൽക്കുമ്പോൾ പുണ്യത്തിന്റെ പാതയിലൂടെയുള്ള നമ്മുടെ പ്രയാണം ആയാസരഹിതമായി തീരുന്നു. അമ്മയോടുള്ള എല്ലാ പ്രാർത്ഥനകളും ഏറെ ഫലദായകമാണ്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയും, വി. മദർ തെരേസയുമെല്ലാം പ്രാർത്ഥിച്ചിരുന്ന വളരെ ശക്തിയുള്ളതും അനുഗ്രഹീതവുമായ ഒരു ചെറിയ പ്രാർത്ഥനയാണ് പരിശുദ്ധ മറിയമെ ദൈവ മാതാവേ എന്നും എൻ്റെ അമ്മയായിരിക്കണമെ എന്നുള്ളത്. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയിൽ അപേക്ഷിച്ചാൽ ഒന്നും ഉപേക്ഷിക്കുകയില്ലാത്തവളാണെന്ന് നമ്മെ ബോധ്യപ്പെടുത്തുമ്പോൾ ഈ ചെറിയ സുകൃതജപം അമ്മയുടെ മുഖത്ത് നോക്കി സ്നേഹത്തോടെ ഉച്ചരിക്കുമ്പോൾ പരിശുദ്ധ മറിയം സ്വന്തം അമ്മയായി തീരുന്ന അനുഭവം ഉണ്ടാകാറുണ്ട്. 2011-ൽ സ്വന്തം അമ്മ ഈ ലോകം വിട്ട് സ്വർഗ്ഗീയ സന്നിധിയിലേക്ക് യാത്രയായതിനുശേഷമാണ് ഈ പ്രാർത്ഥന അനുഭവദായകമായിത്തീർന്നത്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മറ്റ് രണ്ട് പ്രാർത്ഥനകളാണ് എൻ്റെ അമ്മേ എന്റെആശ്രയമേ എന്നുള്ളതും, പരിശുദ്ധ മറിയമേ ഞാൻ പൂർണ്ണമായും നിന്റേതാണ് എന്നതും. ഇവയെല്ലാം സുകൃതജപങ്ങളാണെങ്കിലും ശക്തിദായകമാണ്.

പരിശുദ്ധ മറിയം സ്നേഹ മാതാവാണ്. സ്നേഹത്തോടെ അമ്മയുടെ ചാരെ അണയുന്നവരെ ഒരിക്കലും ഉപേക്ഷിക്കാത്തവളാണ് പരിശുദ്ധ മറിയം. ഈയൊരു ബോധ്യവും വിശ്വാസവും നാം ആർജ്ജിച്ചെടുക്കണം. എങ്കിൽ മാത്രമേ ഈ പ്രാർത്ഥനകളുടെ സവിശേഷമായ മൂല്യം തിരിച്ചറിയുവാൻ കഴിയുകയുള്ളൂ. സ്നേഹത്തിലുള്ള നവീകരണമാണ് നമ്മുടെ രക്ഷ. ഒരാത്മാവിന്റെ സമ്പൂർണ്ണ രക്ഷയ്ക്ക് ആവശ്യമായിട്ടുള്ളത് സ്നേഹ മാതാവിൽ നിന്നും ലഭിക്കുവാൻ ഈ പ്രാർത്ഥന സഹായകരമാണ്. ഇന്നുമുതൽ തീഷ്ണതയോടെ അതിരറ്റ വാൽസല്യത്തോടെ അമ്മയുടെ മുഖത്തു നോക്കി , അവളുടെ സ്നേഹ സാന്നിധ്യം അനുഭവിച്ച് പ്രാർത്ഥിക്കാം. പരിശുദ്ധ മറിയമേ എന്നും എൻ്റെ അമ്മയായിരിക്കണമെ എന്നും പ്രാർത്ഥിച്ചാൽ പരിശുദ്ധ അമ്മ യഥാർത്ഥത്തിൽ അമ്മയായിരുക്കുക തന്നെ ചെയ്യും.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും അനുഗ്രഹം പരിശുദ്ധ അമ്മയിലൂടെ ലോകത്തിലെ എല്ലാ മക്കൾക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. “അമ്മയെ മഹത്വപ്പെടുത്തുന്ന വൻ നിക്ഷേപം കൂട്ടിവയ്ക്കുന്നു (പ്രഭാഷകൻ 3:4)

പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.

https://youtu.be/lOzDZD3jtzM