ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വെടിവയ്പ്. ഇതേസമയം തന്നെ തെക്കന്‍ ടെഹ്നഹ്‌റാനിലെ ഇറാനിയന്‍ വിപ്ലവ നേതാവ് അയത്തുള്ള റൗള ഖൊമേനിയുടെ ശവകുടീരത്തില്‍ സ്‌ഫോടനം ഉണ്ടായതായും റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഭീകരാക്രമണമാണെന്ന് പ്രാഥമിക സൂചന. പാര്‍ലമെന്റ് മന്ദിരവും പരിസരവും പര്‍ൂണ്ണമായും സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഷിയാ മുസ്ലീം പുരോഹിതനും ഇസ്ലാമിക റിപ്പബ്ലിക സ്ഥാപക നേതാവുമാണ് ഖൊമേനി.

 Iran, Parliament, Khomeini Mausoleum

ബുധനാഴ്ച രാവിലെയാണ് വെടിവയ്പ് നടന്നത്. പാര്‍ലമെന്റിനുള്ളില്‍ സുരക്ഷാ ജീവനക്കാരും തീവ്രവാദികളും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് തസ്‌നീം ന്യുസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റവരില്‍ സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരുമുണ്ട്. അക്രമികളില്‍ ഒരാള്‍ കീഴടങ്ങിയതായും സൂചനയുണ്ട്. പാര്‍ലമെന്റ് മന്ദിരം അടച്ചു. ഖൊമേനിയുടെ ശവകുടീരത്തില്‍ എത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

മൂന്ന് അക്രമികള്‍ ഉണ്ടെന്നാണ് സൂചന. ഇവര്‍ ആരാണെന്നോ ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. അക്രമികളില്‍ ഒരാളുടെ പക്കല്‍ പിസ്റ്റളും മറ്റു രണ്ടു പേരുടെ കയ്യില്‍ എ.കെ-47 തോക്കുകളുമുണ്ടെന്ന് പാര്‍ലമെന്റംഗം ഏലിയാസ് ഹസരത്തി ഒരു ടെലിവിഷണ്‍ വെബ്‌സൈറ്റിനോട് വ്യക്തമാക്കി.