ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് സ്റ്റേറ്റ് പെൻഷനിൽ ട്രിപ്പിൾ ലോക്ക് സംവിധാനം നിലനിർത്താനുള്ള ശ്രമം നിരസിച്ച് എം പിമാർ. ഇതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് അടുത്ത വർഷം പെൻഷനിൽ ചെറിയ വർദ്ധനവ് മാത്രമേ ഉണ്ടാകൂ. സർക്കാരിന്റെ ട്രിപ്പിൾ ലോക്ക് സംവിധാനത്തിലൂടെ സ്റ്റേറ്റ് പെൻഷനിൽ എല്ലാ വർഷവും 2.5% നിരക്കിന്റെ വർധനവ് ഉണ്ടാകുമായിരുന്നു. വരുമാനമോ പണപെരുപ്പമോ അനുസരിച്ചും പെൻഷൻ നിരക്ക് ഉയർന്നിരുന്നു. എന്നാൽ കോവിഡ് മഹാമാരിയിലൂടെ വരുമാനം വർധിച്ചതിനാൽ 2022 – 23 വർഷത്തിൽ ഇത് ന്യായമല്ലെന്ന് മന്ത്രിമാർ പറഞ്ഞു. ഈ മാസം ആദ്യം, ഹൗസ് ഓഫ് ലോർഡ്സ് ട്രിപ്പിൾ ലോക്ക് നിലനിർത്താൻ വോട്ട് ചെയ്തിരുന്നെങ്കിലും ഇന്നലെ രാത്രി ഹൗസ് ഓഫ് കോമൺസിൽ 229നെതിരെ 300 വോട്ടുകൾക്ക് എംപിമാർ ഈ നീക്കം നിരസിച്ചു. പെൻഷൻ ട്രിപ്പിൾ ലോക്ക് ഒരു വർഷത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കാൻ ചാൻസലർ ഋഷി സുനക് തയ്യാറായികഴിഞ്ഞു.

 

 

ഈ തീരുമാനത്തിന് പിന്നാലെ, പെൻഷൻ വർദ്ധനവ് പരിമിതപ്പെടുത്തുന്നത് വായോധികരെ ബുദ്ധിമുട്ടിലാക്കുമെന്ന വാദം ഉയർന്നു. എംപിമാരുടെ ഈ തീരുമാനം ലക്ഷക്കണക്കിന് പെൻഷൻകാരുടെ കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ക്യാംമ്പെയ്‌ൻ ഗ്രൂപ്പായ സിൽവർ വോയ്‌സിന്റെ ഡയറക്ടർ ഡെന്നിസ് റീഡ് പറഞ്ഞു. കോവിഡിനെ കണക്കിലെടുക്കാതെ വരുമാനത്തിന്റെ കണക്കുമായി പെൻഷൻ വർദ്ധനവ് ബന്ധിപ്പിക്കാൻ സാധ്യമല്ലെന്ന് തൊഴിൽ, പെൻഷൻ മന്ത്രി ഗയ് ഓപ്പർമാൻ വ്യക്തമാക്കി.

 

2010 ലാണ് പെൻഷൻ ട്രിപ്പിൾ ലോക്ക് അവതരിപ്പിച്ചത്. കോവിഡ് മഹാമാരി മൂലം വേതനത്തിൽ വർധനവ് ഉണ്ടായതോടെ അടുത്ത വർഷം സ്റ്റേറ്റ് പെൻഷനിൽ 8% വർദ്ധനവിന് കാരണമാകുമായിരുന്നു. അതിനാലാണ് 2022-23 നികുതി വർഷത്തേക്കുള്ള ട്രിപ്പിൾ ലോക്ക് സർക്കാർ താൽക്കാലികമായി നിർത്തിവച്ചത്. ഇതിനർത്ഥം സ്റ്റേറ്റ് പെൻഷൻ പണപ്പെരുപ്പ് നിരക്കിനനുസരിച്ചോ 2.5 ശതമാനത്തിലോ ഉയരുമെന്നാണ്. പകർച്ചവ്യാധിയുടെ സമയത്ത് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ കടമെടുത്ത് തുടങ്ങിയതോടെ ട്രിപ്പിൾ ലോക്ക് തുടരുന്നത് ചിലവ് വർധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അറിയിച്ചിരുന്നു. മാർച്ച് വരെയുള്ള കണക്ക് പ്രകാരം, ജിഡിപിയുടെ 14.2% ന് തുല്യമായ 297.7 ബില്യൺ പൗണ്ട് സർക്കാർ കടമെടുത്തു. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന തുകയാണിത്.