വാഷിങ്ടൺ: ആധുനിക അമേരിക്കയിൽ പതിറ്റാണ്ടുകൾക്കുശേഷം ഫയറിങ് സ്ക്വാഡ് വഴി വധശിക്ഷ നടപ്പാക്കാനുള്ള നീക്കവുമായി പ്രതിരോധ വകുപ്പ്. 2009ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സൈനികത്താവളത്തിൽ വെടിവയ്പ് നടത്തി 13 പേരെ കൊലപ്പെടുത്തിയ മുൻ സൈനിക സൈക്യാട്രിസ്റ്റ് നിദാൽ ഹസന്റെ (56) വധശിക്ഷ ഡിസംബർ മൂന്നിന് നടപ്പാക്കാനാണ് പദ്ധതിയെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. വധശിക്ഷ പൊതുജനങ്ങൾക്ക് കാണാനായി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാനുള്ള ഒരുക്കങ്ങളും പെന്റഗൺ നടത്തുന്നതായാണ് റിപ്പോർട്ട്. സൈനികരുടെ സംഘം ഒരേസമയം വെടിയുതിർത്ത് ശിക്ഷ നടപ്പാക്കുന്ന രീതിയാണ് ഫയറിങ് സ്ക്വാഡ്.

1945നുശേഷം അമേരിക്കയിൽ വധശിക്ഷ നടപ്പാക്കാൻ ഫയറിങ് സ്ക്വാഡിനെ നിയോഗിക്കുന്നത് ഇതാദ്യമായിരിക്കുമെന്നാണ് റിപ്പോർട്ട്. 2009 നവംബർ അഞ്ചിനാണ് ഫോർട്ട് ഹുഡിൽ സൈനിക യൂണിഫോമിലെത്തിയ ഹസൻ വെടിവയ്പ് നടത്തിയത്. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണം നടന്ന അതേ സൈനികത്താവളത്തിൽ ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് പദ്ധതിയെന്ന് ഹെഗ്സെത്ത് പറഞ്ഞു. ശിക്ഷ നടപ്പാക്കുന്നതിനായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അനുമതി നൽകിയതായി പെന്റഗൺ അറിയിച്ചിട്ടുണ്ട്. എന്നാൽ, വധശിക്ഷയുടെ തത്സമയ സംപ്രേഷണത്തിന് പ്രസിഡന്റിന്റെ പ്രത്യേക അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ആംനസ്റ്റി ഇന്റർനാഷനൽ ഉൾപ്പെടെയുള്ള സംഘടനകൾ ഇത്തരം സംപ്രേഷണങ്ങൾ തടയണമെന്ന് വിവിധ രാജ്യങ്ങളിലെ സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വധശിക്ഷയുടെ ദൃശ്യങ്ങൾ പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നത് മനുഷ്യാവകാശങ്ങളെയും വ്യക്തിയുടെ അന്തസ്സിനെയും സംബന്ധിച്ച ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അതേസമയം, ഹസന്റെ അപ്പീൽ നടപടികളെക്കുറിച്ചും നിർദിഷ്ട തീയതിയിൽ വധശിക്ഷ നടപ്പാക്കുമോ എന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്.