ശ്രീനാഥ് സദാനന്ദൻ

പണ്ട് തിയറി പഠിപ്പിച്ചിരുന്ന കുര്യാക്കോസ് മാഷിനെ കളിയാക്കാൻ വേണ്ടി സീനിയേഴ്സ് ഉണ്ടാക്കിയ ഒരു കഥയുണ്ട് . പിള്ളേർ ഇക്കോ ഫെമിനിസം എന്താണെന്ന് ചോദിക്കുമ്പോൾ , അത് അറിയാൻ വയ്യാത്ത സാർ ക്ലാസ്സിലെ ജനലരികിൽ ഇരുന്ന ചോറും പാത്രം എടുത്ത് തുറന്നിട്ട് അതിൽ എക്കോ കേൾക്കുന്ന പോലെ ഫെമിനിസം ഫെമിനിസം ഫെമിനിസം എന്ന് പറയും ..എന്നിട്ട് അന്തം വിട്ടിരിക്കുന്ന പിള്ളേരോട് സാർ പറയും ഇതാണ് കുഞ്ഞുങ്ങളേ എക്കോ ഫെമിനിസം ..

കൃത്യമായി ഇക്കോ ഫെമിനിസം എന്താണെന്ന് എനിക്കും അറിയില്ല , പക്ഷേ പ്രകൃതിബന്ധത്തിന്റെ പേരിൽ പലപ്പോഴും ക്രൂശിക്കപ്പെടുമ്പോഴും ആദ്യം ഞാൻ ഓർക്കുന്നത് ഈ കഥയാണ് .

അശോകുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തുടങ്ങിയിട്ട് ഏറെയായി .ഇപ്പോൾ ഞങ്ങൾ മഞ്ഞുരുകലിന്റെ പാഠങ്ങൾ പഠിക്കുകയാണ് . മൂന്നാമത്തെ സിറ്റിംഗിലും സൈക്കോളജിസ്റ്റിന്റെ മുമ്പിൽ അശോക് നിരത്തിയത് എന്റെ കുറ്റങ്ങളാണ് . നമ്മളെ ബാധിക്കാത്ത കാര്യങ്ങളിൽ ഞാൻ ഓവർ റിയാക്റ്റ് ചെയ്യുന്നു എന്നതാണ് ആദ്യ പരാതി . എന്നെ ബാധിക്കാത്ത ആ കാര്യം ഏതാണ് ? ആ കൃത്രിമ വനം വെട്ടി നിരത്തി ഒരു ബഹുനിലക്കെട്ടിടം ഒരുക്കിയതോ ? അശോക് പിഴുതെറിഞ്ഞ മരങ്ങളിൽ കൂട് കൂട്ടിയ പക്ഷികൾ അന്ന് ചേക്കേറാൻ വന്നപ്പോൾ അവരുടെ കൂട് അവിടെ ഉണ്ടായിരുന്നില്ല . വെട്ടിയിട്ട മരങ്ങൾക്ക് ചുറ്റും കൂട് തേടി പറക്കുന്ന പക്ഷികളുടെ വീഡിയോ സോഷ്യൽ മീഡിയായിൽ വൈറൽ ആയതും പത്രത്തിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ആ വീഡിയോ കണ്ടതും മറക്കാൻ എനിക്കാവില്ല .

ഇനിയുമുണ്ട് എനിക്ക് കുറ്റങ്ങൾ .. ഞാൻ മഴ നനയുന്നത് അശോകിന് ഇഷ്ടമല്ല . എന്റെ ശരീരത്തെക്കുറിച്ചുള്ള ആശങ്കയാണ് അയാൾക്ക് ഉള്ളത് . ഓർക്കണം , എന്റെ ശരീരത്തെക്കുറിച്ച് എന്നേക്കാൾ ബോധ്യം മറ്റൊരാൾക്ക് ഉണ്ടാവുന്നത് എത്ര ഭീകരമായ അവസ്ഥയാണ് .

ബസിൽ സീറ്റ് ഒഴിവ് വന്നപ്പോൾ ഒരു പുരുഷന്റെ ഒപ്പം ഇരുന്നതും മഹാപരാധമായി . പുരുഷന്മാരെല്ലാം വഷളന്മാരാണത്രെ , അശോക് ഒന്നു ചോദിച്ചോട്ടെ , സീറ്റ് ഒഴിഞ്ഞു കിടന്നിട്ടും അവിടെ ഇരിക്കാതെ നിൽക്കാൻ തന്നെ തീരുമാനിക്കുമ്പോഴല്ലേ ആ സീറ്റിൽ ഇരിക്കുന്നയാൾക്ക് ഞാൻ മറ്റൊരു സ്ത്രീ ആകുന്നത് . ഒപ്പം ചെന്നിരുന്നാൽ അയാളുടെ പെങ്ങളെപ്പോലെ ഭാര്യയെപ്പോലെ ഏറെ പരിചിതമായ മറ്റൊരു സ്ത്രീ ശരീരമായി ഞാൻ മാറില്ലേ ?

വിട്ടുകൊടുക്കാൻ ഇന്നും അയാൾ തയ്യാറല്ല , ആരോപണങ്ങൾ കൊണ്ട് അയാൾ എന്നെ പൊതിയുമ്പോൾ എനിക്ക് ഒരു ആശ്വാസമാകുന്നത് ശ്വേതച്ചേച്ചിയാണ് . ചേച്ചി അനുഭവിക്കുന്ന സന്തോഷം എന്നെ എന്നും മോഹിപ്പിക്കാറുണ്ട് . പക്ഷേ ഒരു കടിഞ്ഞാൺ കൊണ്ട് നിയന്ത്രിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നത് പോലെ എനിക്ക് എപ്പോഴും തോന്നും . സ്വന്തം ലായത്തെ സ്നേഹിക്കുന്ന കുതിരയാണത്രേ ഓരോ പെണ്ണും . സൂസൻ ഗ്രിഫിന്റെ ഈ തിയറിയും പറഞ്ഞു വരുന്ന ശ്വേത ചേച്ചിയെ ഞാൻ ഓടിക്കാറുണ്ട് . പക്ഷേ ഇപ്പോഴും ഒരു പെരുമഴയത്ത് ഓടിക്കയറാനുള്ള കൂര ശ്വേത ചേച്ചിയുടെ വീട് തന്നെയാണ് .

അശോക് പലതിനും മറുപടികൾ ആഗ്രഹിക്കുന്നുണ്ട് , എന്റെ പ്രകൃതി ബന്ധത്തിന്റെ വേര് എവിടെയാണെന്ന് സൈക്കോളജിസ്റ്റും ചോദിച്ചു . അതേ , കൂടെ പഠിച്ച കൂട്ടുകാർക്ക് പോലും അറിയാത്ത ഒരു പ്രകൃതി ബന്ധം എനിക്കുണ്ട് .

38 വർഷം മുൻപത്തെ ഒരു രാത്രി മുഴുവൻ ഡമ്പിങ് യാർഡിൽ ആ ചോരക്കുഞ്ഞിന്റെ ജീവൻ പിടിച്ചു നിർത്തിയത് പ്രകൃതിയാണ്. അവളെ ആ ചവറു കൂനയിൽ നിന്നു കണ്ടെടുത്തത് പ്ലാസ്റ്റിക്ക് പെറുക്കുന്ന ഗോവിന്ദനാണ് . ആ പാവത്തിന് നാലാമതൊരു കുഞ്ഞിനെ പോറ്റാനുള്ള കെൽപ്പ് ഇല്ലാരുന്നു . എങ്കിലും ആ അനാഥ പെൺകുഞ്ഞിന് അയാൾ ഒരു മേൽ വിലാസം ഒരുക്കിക്കൊടുത്തു . ജീവൻ പകർന്നു നൽകിയ പ്രകൃതിയോട് നന്ദി പറഞ്ഞു തീർക്കുകയല്ലാതെ അവൾ പിന്നെ എന്താണ് ചെയ്യേണ്ടത് ? ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ വന്ന മന്ത്രിയോട് അവൾ ഒരു ചോദ്യം ചോദിച്ചു . നമുക്ക് വനം ഉണ്ടാക്കിയെടുക്കാൻ കഴിയില്ലേ എന്ന് .. അതൊരു വിപ്ലവത്തിന്റെ തുടക്കം ആയിരുന്നു . അവിടെ ഒരു വനം ഉയർന്നു വന്നു .അതിലാണ് അശോക് കോടാലി വച്ചത് . എങ്ങനെ പ്രതികരിക്കണം? എറിഞ്ഞുടച്ചു സർവ്വതും .

അച്ഛനും അമ്മയും ഉണ്ടായത്തിന് ശേഷമുള്ള എന്നെ മാത്രമേ അശോകിന് അറിയൂ . അതിനു മുൻപും ഞാൻ ഇവിടെ ഉണ്ടായിരുന്നു . അത് അശോക് അറിയണം എന്നു ഞാൻ ആഗ്രഹിക്കുന്നുമില്ല .

അശോക് ഇതാണ് ഞാൻ . ഇങ്ങനെ എന്നെ ഉൾക്കൊളളുവാൻ കഴിയുമെങ്കിൽ മാത്രം ഇനിയും ഒരുമിച്ച് നടക്കാൻ ക്ഷണിക്കുന്നതാണ് നല്ലത് . കടപ്പാട് ഇനിയും ബാക്കിയുണ്ട് . ജീവൻ പകരുന്ന പ്രകൃതിയോട് .. ഇനിയും അതിനൊപ്പം സഞ്ചരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് ..

In every walk with nature …one receives far more than he seeks ..

ഞാൻ ഭുവന ..

പറയാനുള്ളത് , പ്രകൃതിപക്ഷം .

ശ്രീനാഥ് സദാനന്ദൻ

എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.