ഇറാന്റെ മിസൈൽ യുക്രെയ്ൻ യാത്രാവിമാനം വീഴ്ത്തുന്നതിന്റെ വിഡിയോ എടുത്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്തയാൾ അറസ്റ്റിൽ. ഇറാൻ റവല്യൂഷനറി ഗാർഡ്സ് ആണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു അർധ ഔദ്യോഗിക മാധ്യമമായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വിമാനാപകടത്തെപ്പറ്റിയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ പൊതുജനത്തിനു ലഭ്യമാക്കുമെന്നും വാർത്തയിൽ സൂചനയുണ്ട്.

ടെഹ്റാനിൽ വിമാനം വീണത് ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽനിന്നുള്ള രണ്ടു മിസൈലുകളേറ്റാണെന്ന് വ്യക്തമാകുന്ന പുതിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണു പുറത്തു വന്നത്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനപഥത്തിൽനിന്ന് എട്ടു മൈൽ അകലെ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. മിസൈലേറ്റ ഉടനെ നിലംപതിച്ചില്ലെന്നും തീപിടിച്ച വിമാനം ടെഹ്റാനിലെ വിമാനത്താവളത്തിലേക്ക് പറക്കുന്നതും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.

വിമാനം വീഴ്ത്തിയതിനെതിരെ രാജ്യത്തിനകത്തു പ്രതിഷേധം ശക്തമായതോടെ ഉത്തരവാദികളിൽ ചിലരെ കഴിഞ്ഞദിവസം ഇറാൻ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും റവല്യൂഷനറി ഗാർഡ്സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിനു യുഎസിനു സൈനിക മറുപടി നൽകുന്നതിനിടെ ‘അബദ്ധത്തിൽ’ ആണ് യാത്രാവിമാനം വീഴ്ത്തിയതെന്ന് ഇറാൻ സമ്മതിക്കുകയായിരുന്നു.