കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനസർക്കാർ മുൻകയ്യെടുക്കാത്തതുകൊണ്ടാണ് പ്രവാസികളുമായുള്ള വിമാനങ്ങൾ കേരളത്തിലേക്ക് വരാത്തതെന്ന് വി മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ തീരുമാനിക്കുന്ന കാര്യങ്ങള്‍ മന്ത്രി അറിയുന്നില്ലേയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. എന്തും പറയാമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

“കേരളത്തിലേക്ക് ഇപ്പോൾ വിമാനങ്ങൾ വരുന്നുണ്ടല്ലേ, ഇനിയും വരാനുമുണ്ട്. അതെല്ലാം മുൻകൂട്ടി അറിയാൻ ബാധ്യതപ്പെട്ടയാളാണല്ലോ മന്ത്രി. സംസ്ഥാനം പറഞ്ഞിട്ടാണോ അദ്ദേഹം അത് അറിയേണ്ടത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഒരു പരിധി വേണ്ടേ.

കേന്ദ്ര സഹമന്ത്രിക്ക് എന്തോ പ്രശ്നമുണ്ട്. കേന്ദ്രസർക്കാരുമായി അദ്ദേഹം തന്നെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ് നല്ലത്. അദ്ദേഹം കേന്ദ്രമന്ത്രി ആണ്, ശരിയാണ്. പക്ഷേ, കേന്ദ്രം തീരുമാനിക്കുന്ന പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ല എന്നാണ് പല പ്രസ്താവനകളും കേൾക്കുമ്പോൾ തോന്നുന്നത്”- മുഖ്യമന്ത്രി പറഞ്ഞു.