മൂന്നാറിലെ കൊട്ടാക്കമ്പൂരില്‍ പൊലീസിനും ആരോഗ്യ പ്രവർത്തകർക്കുമായി സ്ഥാപിച്ച ജലസംഭരണിയിൽ സാമൂഹ്യവിരുദ്ധർ വിഷം കലർത്തിയ നടപടി അതീവ ഗൗരവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ, ശക്തമായ ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൊട്ടക്കമ്പൂരില്‍ ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയിലാണ് സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയത്. ജലസംഭരണിയിലെ പൈപ്പില്‍ നിന്നും വന്ന വെള്ളം കുടിച്ച് നായ ചത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയില്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ന്നതായി കണ്ടെത്തിയിരുന്നു.