മെട്രോയുടെ ആദ്യ യാത്രയില്‍ ക്ഷണം ഇല്ലാഞ്ഞിട്ടും പങ്കെടുത്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ പ്രതിഷേധം. കുമ്മനത്തെ ക്രോപ്പ് ചെയ്താണ് മെട്രോയിലെ ആദ്യയാത്രയുടെ ഫോട്ടോ മുഖ്യമന്ത്രിയുടെ ഒദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഔദ്യോഗികമായ സ്ഥാനമോ ക്ഷണമോ ഇല്ലാഞ്ഞിട്ടും മെട്രോയുടെ ആദ്യയാത്രയില്‍ പ്രധാനമന്ത്രിക്കും മറ്റുളളവര്‍ക്കും ഒപ്പം കുമ്മനം വലിഞ്ഞുകയറുകയായിരുന്നുവെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസും ഇത്തരത്തില്‍ പ്രതിഷേധിച്ചത്. വന്‍കിട പദ്ധതിനിര്‍വഹണത്തില്‍ അനുകരണനീയമായ ഒരു മാതൃകയാണ് കൊച്ചി മെട്രോ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ചിത്രത്തോടൊപ്പം മുഖ്യമന്ത്രി കുറിച്ചിരിക്കുന്നത്.

“ഇന്ത്യയില്‍ തന്നെ ഏറ്റവും വേഗം നിര്‍മാണം പൂര്‍ത്തീകരിച്ച മെട്രോ പദ്ധതിയാണ് കൊച്ചിയിലേത്. വന്‍കിട പദ്ധതികളെ സാമൂഹികപുരോഗതിക്കുള്ള അവസരമൊരുക്കുന്നതിനും പ്രയോജനപ്പെടുത്താം എന്നതിനൊരുദാഹരണം കൂടിയാണിത്. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ തൊഴിലാളികള്‍ക്കും അതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി സഹകരിച്ച കൊച്ചി നിവാസികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

കുമ്മനത്തിനെതിരെ സോഷ്യല്‍മീഡിയയിലും വിമര്‍ശനം ശക്തമായിട്ടുണ്ട്. അര്‍ഹതപ്പെട്ട ഇ ശ്രീധരനെ പോലെയുളളവര്‍ പുറത്തുനില്‍ക്കുമ്പോഴാണ് കുമ്മനം ‘കളളവണ്ടി’ കയറിയതെന്നും പരിഹാസം ഉയര്‍ന്നു. മെട്രോയുടെ ചരിത്രമാകാന്‍ പോകുന്ന ആദ്യ കളളവണ്ടി യാത്രയാണ് ഇതെന്നും ട്രോളുകള്‍ നിറഞ്ഞു.