മുഖ്യമന്ത്രിയാകാൻ സാധ്യത ഉള്ളവരെ ഒതുക്കി പിണറായി തന്ത്രമോ ? വിമർശകർ പറയുന്നു; ഐസക്കിന് സീറ്റ് ഇല്ല, കെ.കെ ശൈലജയ്ക്ക് യുഡിഎഫ് കോട്ടയും…….

മുഖ്യമന്ത്രിയാകാൻ സാധ്യത ഉള്ളവരെ ഒതുക്കി പിണറായി തന്ത്രമോ ? വിമർശകർ പറയുന്നു; ഐസക്കിന് സീറ്റ് ഇല്ല, കെ.കെ ശൈലജയ്ക്ക് യുഡിഎഫ് കോട്ടയും…….
March 08 15:55 2021 Print This Article

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകാന്‍ യോഗ്യതയുള്ള മറ്റുള്ളവരെയും ഒതുക്കി പിണറായി തന്ത്രം. മന്ത്രി കെ.കെ ശൈലജയേയും ഒതുക്കാന്‍ പിണറായിയുടെ നീക്കം. സിറ്റിങ്ങ് സീറ്റും സി.പി.എം കോട്ടയുമായ കൂത്തുപറമ്പ് ടീച്ചറമ്മ എന്ന് കേരളം വിളിക്കുന്ന കെ.കെ ശൈലജയില്‍ നിന്നും എടുത്ത് മാറ്റി ഘടക കക്ഷിക്ക് നല്‍കുകയാണ്. എന്നിട്ട് യു.ഡി.എഫിന്റെ കോട്ടയായ പേരാവൂരില്‍ മല്‍സരിപ്പിക്കാനാണ് കളം ഒരുങ്ങുന്നത്. ഒരിക്കല്‍ പേരാവൂരില്‍ നിന്ന് തോറ്റ് പോയ ഭയമാണ് കെ.കെ ശൈലജക്ക്. സര്‍ക്കാരിനു ഏറെ മൈലേജ് ഉണ്ടാക്കി തന്ന മലയാളികളുടെ ടീച്ചറമ്മക്ക് പിണറായി നല്കുന്ന പരിഗണന എത്രയാണെന്ന് ഇതോടെ വ്യക്തമാണ്. കേരളത്തില്‍ എവിടെ നിന്നാലും ജയിക്കും എന്നും മുഖ്യമന്ത്രി വരെ ആകും എന്നും ഒക്കെ മന്ത്രി കെ.കെ ശൈലജക്ക് പി ആര്‍ തള്ള് നടത്തിയവര്‍ ഇപ്പോള്‍ എവിടെ പോയി എന്നതും ചോദ്യം ഉയരുന്നു.

തന്റെ സിറ്റിങ്ങ് സീറ്റില്‍ പോലും മല്‍സരിക്കാന്‍ പാര്‍ട്ടി സമ്മതിക്കുന്നില്ലെങ്കില്‍ സുരക്ഷിത മണ്ഡലം വേണം എന്ന് കെ.കെ ശൈലജ വാശിപിടിക്കുന്നു . ഇതോടെ മന്ത്രി കെ.കെ. ശൈലജയുടെ കടുംപിടിത്തത്തിനെതിരേ കണ്ണൂര്‍ സി.പി.എം. നേതൃത്വത്തിലും അതൃപ്തി ഉണ്ടാകുന്നു.പറയുന്നിടത്ത് മല്‍സരിച്ചാല്‍ മതി എന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. തുടര്‍ ഭരണം ഉണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കാന്‍ സാധ്യത്യുള്ള പേരാണ് കെ.കെ ശൈലജയുടേത്. മറ്റൊന്ന് മന്ത്രി തോമസ് ഐസക്ക് ആയിരുന്നു. എന്നാല്‍ തോമസ് ഐസക്കിനു സീറ്റു നല്കാതെ നേരത്തേ തന്നെ ഒതുക്കി. ഇപ്പോള്‍ കെ.കെ ശൈലക്കെതിരേ ആണ് പിണറായി അനുകൂലികളുടെ നീക്കങ്ങള്‍.

പേരാവൂരില്‍ യു.ഡി.എഫിന്റെ ജനകീയനായ സ്ഥാനാര്‍ഥി നിലവിലെ എം.എല്‍ എ കൂടിയയ അഡ്വ സണ്ണി ജോസഫാണ്. എന്നാല്‍ മുമ്പൊരിക്കല്‍ പേരാവൂരില്‍ പരാജയമറിഞ്ഞ ശൈലജ തുടക്കത്തിലേ എതിര്‍പ്പു പ്രകടിപ്പിച്ചു. ഇ.പി. ജയരാജന്റെ മട്ടന്നൂരിലാണ് ശൈലജയെ അനുകൂലിക്കുന്നവരുടെ നോട്ടം. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അന്തിമഘട്ടത്തില്‍ വീണ്ടും പേരാവൂര്‍ ആലോചനകള്‍ ശക്തമായെങ്കിലും ശൈലജ വഴങ്ങിയില്ല. മുതിര്‍ന്ന നേതാക്കളായ ഇ.പി. ജയരാജനെ തുടരാന്‍ അനുവദിക്കാത്തതിലും പി. ജയരാജന് സീറ്റ് നിഷേധിച്ചതിലും പൊട്ടിത്തെറിയുണ്ടായ ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതും ചര്‍ച്ചയായത്. ഇ.പി. ജയരാജന് മട്ടന്നൂര്‍ സീറ്റ് നിഷേധിച്ചതിനെതിരേ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പി. ജയരാജനു വേണ്ടി ശബ്ദമുയര്‍ന്നത് താഴേത്തട്ടിലുള്ള അണികള്‍ക്കിടയില്‍ നിന്നാണ്.

സ്വന്തം മണ്ഡലം പാര്‍ട്ടിയിലെ മറ്റൊരു മന്ത്രിക്കായി മാറിക്കൊടുക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശത്തിനു പിന്നാലെയാണ് താന്‍ മത്സരിക്കാനില്ലെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞത്. തോമസ് ഐസക്കിനെപ്പോലെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിക്കൊണ്ടുള്ള സ്ഥാനാര്‍ഥിപ്പട്ടിക പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന് കണ്ണൂര്‍ ജില്ലാ കമ്മറ്റിയിലും വിമര്‍ശനം ഉയര്‍ന്നതു ശ്രദ്ധേയമാണ്. അതു മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെതിരായ വിമര്‍ശനമായി മാറി.

മട്ടന്നൂരിനു പകരം ശൈലജയെ പേരാവൂരില്‍ മത്സരിപ്പിച്ച് ആ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു വേണ്ടതെന്ന അഭിപ്രായം കഴിഞ്ഞ ദിവസം വീണ്ടും ജില്ലാ കമ്മിറ്റിയിലുയര്‍ന്നു. മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയതിലും പാര്‍ട്ടിയില്‍ ജൂനിയറായ മുന്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. വിജിനെ പാര്‍ട്ടിക്കോട്ടയായ കല്യാശേരിയില്‍ മത്സരിപ്പിക്കുന്നതിലും ജില്ലയിലെ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. കണ്ണൂര്‍ കരുത്തായി അവതരിപ്പിക്കപ്പെടന്ന ജയരാജന്മാരില്‍ ആരുമില്ലാതെ മൂന്നരപ്പതിറ്റാണ്ടിന് ശേഷം കണ്ണൂരില്‍ ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയിലെ കണ്ണൂര്‍ മേധാവിത്വത്തിന് മുഖ്യമന്ത്രി തടയിടുകയാണോ അതോ മൂന്നു ജയരാജന്മാരെയും പാര്‍ട്ടിയുടെ നേതൃനിരയില്‍ സജീവമാക്കി മേധാവിത്വം ശക്തമാക്കാനാണോ നീക്കമെന്ന് കണ്ടറിയേണ്ടതാണ്.

രണ്ടു തവണ വിജയിച്ചവരെ മാറ്റിനിര്‍ത്താനുള്ള തീരുമാനം ഇ.പി. ജയരാജനും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന നിലപാട് പി. ജയരാജനും തിരിച്ചടിയായി. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ എം.വി. ജയരാജന്‍ സ്വയം പിന്മാറുകയായിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles