പിറവം പള്ളിയിൽ ഓർത്തഡോക്സ് സഭയുടെ കുർബാന രാവിലെ 8.30ന് ആരംഭിക്കും. പള്ളിയിൽ ഓർത്തഡോക്സ് വിശ്വാസികളെത്തി. പള്ളപ്പരിസരത്ത് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. 10.30ക്ക് ഉള്ളിൽ പ്രാർഥന അവസാനിപ്പിക്കണമെന്ന് നിർദേശമുണ്ട്. രാവിലെ ആറുമണിക്ക് പള്ളിപ്പരിസരം തുറന്നുതരണമെന്ന് ഓർത്തഡോക്സ് സഭ കലക്ടറെ അറിയിച്ചിരുന്നു. കോടതി നടപടിക്രമം അനുസരിച്ചാണ് എല്ലാം നടക്കുന്നത്. പ്രാർഥന കഴിഞ്ഞാൽ പള്ളി പൂട്ടി സീൽചെയ്ത് താക്കോൽ ജില്ലാഭരണകൂടത്തെ തിരികെ ഏൽപ്പിക്കും.

ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസമില്ല. എന്നാല്‍ പള്ളിയില്‍ പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ച സാഹചര്യത്തില്‍ ഞായറാഴ്ച പിറവം പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങളില്‍ പരിഹാരം തേടി പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും കാണുമെന്ന് യാക്കോബായ സഭ അറിയിച്ചു.

പിറവം പള്ളിക്കേസില്‍ ഇനിയൊരു ഉത്തരവുണ്ടാകും വരെ കലക്ടര്‍ക്കായിരിക്കും പള്ളിയുടെ പൂര്‍ണനിയന്ത്രണം. സംസ്കാര ശുശ്രൂഷ അടക്കമുള്ള കാര്യങ്ങള്‍ക്ക് കലക്ടറുടെയും പൊലീസിന്‍റെയും മുന്‍കൂര്‍ അനുമതി തേടണമെന്നും ഉത്തരവില്‍ പറയുന്നു. പള്ളിയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തുവെന്ന് അറിയിച്ച് കലക്ടര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.