കൊച്ചി: നടനും എം.എൽ.എയുമായ രമേഷ് പിഷാരടി ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയിൽനിന്ന് രാജിവെച്ചു. അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ച സാഹചര്യത്തിലാണ് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവിൽ തന്റെ പേരും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാലാണ് പദവി ഒഴിയാൻ തീരുമാനിച്ചതെന്നും പിഷാരടി പറഞ്ഞു.
ശ്വേത മേനോനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്ന സംഭവത്തിലും പിഷാരടി പ്രതികരിച്ചു. അത് ‘ലീക്കായതല്ല, ആരോ മനഃപൂർവം റിലീസ് ചെയ്തതാണ്’ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സ്വകാര്യ സംഭാഷണം പൊതുജനങ്ങൾക്കുമുന്നിൽ എത്തിയത് വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ശ്വേത മേനോൻ അധ്യക്ഷയായിരുന്ന ഭരണസമിതി രാജിവെച്ചതിനെ തുടർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് തർക്കം രൂക്ഷമായതിനിടെയാണ് കോടതി ഇടപെടലും പിഷാരടിയുടെ രാജിയും. ഇതിനിടെ താൻ ‘അമ്മ’ പ്രസിഡന്റായി തുടരുമെന്നും അഡ്ഹോക് കമ്മിറ്റിയുടെ സാധുത ചോദ്യം ചെയ്തും ശ്വേത മേനോൻ രംഗത്തെത്തിയിട്ടുണ്ട്.











Leave a Reply