അർത്തുങ്കൽ കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സുഹൃത്തുക്കളായ രണ്ടു വിദ്യാർത്ഥിനികളിൽ ഒരാളെ കാണാതായി. പുലിമുട്ടിലെ കല്ലിൽ പിടിച്ചുകിടന്ന രണ്ടാമത്തെയാൾ കഷ്ടിച്ചു രക്ഷപ്പെട്ടു. പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്തായിരുന്നു ആത്മഹത്യാശ്രമം. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ കളത്തിൽവെളിയിൽ ഉദയകുമാറിന്റെ മകൾ സാന്ദ്രയെയാണ് (17) അർത്തുങ്കൽ ഫിഷ്ലാന്റിംഗ് സെന്ററിൽ തെക്കേ പുലിമുട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കടലിൽ കാണാതായത്.

ചേർത്തല സ്വദേശിനിയും സഹപാഠിയുമായ കൂട്ടുകാരിയുമൊത്ത് ഇന്നലെ രാവിലെ കലവൂരിലെ ആരാധനാലയത്തിൽ പോയ ശേഷമാണ് ഇരുവരും അർത്തുങ്കൽ കടപ്പുറത്തെത്തിയത്. ഇതിനിടെ പ്ലസ്ടു ഫലം മൊബൈൽ ഫോണിലൂടെ അറിഞ്ഞു. സാന്ദ്ര ഫിസിക്സിനും മാത്തമാറ്റിക്സിനും പരാജയപ്പെട്ടപ്പോൾ കൂട്ടുകാരിക്ക് മൂന്നു വിഷയങ്ങളാണ് നഷ്ടമായത്. കടപ്പുറത്തെത്തിയ ഇരുവരും തീരത്തുകൂടി നടന്ന് പുലിമുട്ടിൽ എത്തിയ ശേഷം മൊബൈൽ ഫോണുകൾ പഴ്സിലാക്കി കല്ലിനിടയിലേക്ക് എറിഞ്ഞു.

തുടർന്ന് കൂട്ടുകാരിയെ ചേർത്തുപിടിച്ച് സാന്ദ്ര കടലിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സാന്ദ്രയെ പിന്തിരിപ്പിക്കാൻ കൂട്ടുകാരി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സാന്ദ്ര തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്നു. പുലിമുട്ടിലെ കല്ലിൽ പിടിച്ച് വളരെ പണിപ്പെട്ട് കരയിലേക്കു തിരിച്ചു കയറി രക്ഷപ്പെട്ട കൂട്ടുകാരിയാണ് വിവരം പ്രദേശവാസികളെ അറിയിക്കുന്നത്.ഉടൻ തന്നെ അർത്തുങ്കൽ പൊലീസും അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ കായംകുളം വലിയഴീക്കലിൽ നിന്നു ഫിഷറീസ് വകുപ്പിന്റെ ബോട്ട് എത്തിച്ച് തിരച്ചിൽ തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ പൊന്തുവള്ളങ്ങളിൽ എത്തി വലവിരിച്ച് തിരച്ചിൽ നടത്തുന്നത് രാത്രി വൈകിയും തുടർന്നു. ശക്തമായ തിരമാലകളും കാറ്റും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. അർത്തുങ്കൽ പൊലീസ് കേസെടുത്തു.