ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹാംഷെയറിലെ ഒരു കടയ്ക്ക് മുൻപിൽ ചത്ത മൃഗങ്ങളുടെ ശവം ചിതറി കിടക്കുന്നത് ബ്രിട്ടനിലെ മാധ്യമങ്ങൾ വാർത്താ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ബ്രൂട്ടർ കമ്മ്യൂണിറ്റി ഷോപ്പ് തുറക്കാൻ പോയ ജീവനക്കാരാണ് 50 ഓളം ചത്ത മുയലുകളുടെയും മറ്റ് ജീവികളുടെയും മൃതദേഹങ്ങൾ കണ്ടത്.

കിരാതമായ സംഭവം ഒരു നാട്ടിലെ ജനങ്ങളെ ആകെ ഞെട്ടിക്കുക മാത്രമല്ല കടുത്ത ദുരൂഹത ഉണർത്തുകയും ചെയ്തു. ഇത് ഈ നാട്ടിൽ നടക്കുന്ന ആദ്യത്തെ സംഭവമല്ല. ഫെബ്രുവരിയിൽ ആവ് ബ്രിഡ്ജ് പ്രൈമറി സ്കൂളിന് സമീപവും ഇത്രയും അല്ലെങ്കിൽ ഇതിന് സമാനമായ സംഭവം അരങ്ങേറിയിരുന്നു. ക്രിമിനൽ സംഘങ്ങളാണ് ഇത്തരം പ്രവർത്തികളുടെ പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് വന്യജീവി സംരക്ഷണ വാർഡനായിരുന്ന ടോണി ലോറി അഭിപ്രായപ്പെട്ടത്.

വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വാത് വയ്പ്പിന്റെ ഭാഗമായി ആണ് ഇത്തരം ക്രൂരകൃത്യങ്ങൾ അരങ്ങേറുന്നതെന്നാണ് മറ്റൊരു നിഗമനം. വേട്ടയാടലാണെങ്കിലും മോഷണമാണെങ്കിലും ഇപ്രകാരമുള്ള സമൂഹ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് സമൂഹത്തിന് വൻ ഭീക്ഷണിയായി തീരുമെന്നാണ് പൊതുവെ ഉയർന്നു വന്നിരിക്കുന്ന വികാരം. ബ്രൂട്ടറിൽ നടന്ന സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് മുൻപ് ഇവിടെ കൂടി കടന്നുപോയ ഏതാനും വാഹനങ്ങളെ കേന്ദ്രീകരിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.