ഹെൽമറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് യുവാവിൻ്റെ നെറ്റിയിൽ ബൈക്കിൻ്റെ താക്കോൽ കുത്തിയിറക്കി. ഉത്തരാഖണ്ഡ് ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ രുദ്രപൂരിൽ തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ നാട്ടുകാർ ചോദ്യം ചെയ്‌തതോടെ പ്രദേശത്ത് സംഘർഷമുണ്ടായി. സംഭവത്തിൽ സബ് ഇൻസ്പെക്‌ടർ ഉൾപ്പെടെ മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു.

ബൈക്ക് യാത്രികനായ ദീപക് (20) എന്ന യുവാവിനാണ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പീഡനം നേരിടേണ്ടി വന്നത്. സുഹൃത്തിനൊപ്പം വരുന്നതിനിടെ ദീപക്കിനെ പോലീസ് തടഞ്ഞു. ഹെൽമറ്റ് ധരിക്കാത്തത് ചോദ്യം ചെയ്‌തു. പെട്രോൾ തീരാറായതിനാൽ പെട്രോൾ നിറയ്‌ക്കാൻ പോയതാണെന്ന് ദീപക് പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല. തുടർന്ന് ബൈക്കിൻ്റെ താക്കോൽ ഊരിയെടുക്കുകയും യുവാവിൻ്റെ നെറ്റിയിൽ കുത്തിയിറക്കുകയും ചെയ്‌തു.

മൂന്ന് പൊലീസുകാരാണ് യുവാക്കൾക്ക് നേരെ അതിക്രമം നടത്തിയത്. ഇതിനിടെ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമീപത്ത് നിന്നവർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തു. പോലീസ് നടപടിയെ ചോദ്യം ചെയ്‌ത് ആളുകൾ കൂട്ടം കൂടിയതോടെ ചെറിയ തോതിൽ സംഘർഷമുണ്ടായി. തടിച്ചു കൂടിയവരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശിയതോടെ പ്രശ്‌നം കൂടുതൽ വഷളായി. ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്‌തു.

പോലീസ് നടപടിയിൽ ഭയന്ന യുവാവ് സംഭവസ്ഥലത്ത് നിന്നും അതിവേഗം മടങ്ങിയെങ്കിലും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് നടപടി വിവാദമായതോടെ പ്രദേശത്തെ എംഎല്‍എ രാജ്കുമാര്‍ തുക്രാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ചതായും പോലീസ് സൂപ്രണ്ട് ദലീപ് സിംഗ് കുൻവാർ വ്യക്തമാക്കി.