രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് അധികാരം ലഭിക്കാനുള്ള സാധ്യത 99 ശതമാണെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുകെയിലെ ലീഡ് ഇലക്ഷൻ അനലിസ്റ്റായ പ്രൊഫ. ജോൺ കർട്ടിസനാണ് നിലവിലെ ഭരണപക്ഷത്തിന് അടുത്ത പൊതു തിരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന വിശകലനം നടത്തിയിരിക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് ജനാഭിപ്രായങ്ങളിൽ മുന്നേറാൻ നിലവിലെ ഭരണപക്ഷത്തിന് സാധിക്കില്ലെന്നുള്ള അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്.

ഏതെങ്കിലും രീതിയിൽ പാർലമെൻറിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി വന്നാലും നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിനേക്കാൾ സാധ്യത ലേബർ പാർട്ടി നേതാവായ കെയർ സ്റ്റാർമർക്കാണ് ഉള്ളതെന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ കുറെ നാളുകളായി പ്രതിപക്ഷത്തിരിക്കുന്ന ലേബർ പാർട്ടിയാണ് തുടർച്ചയായി അഭിപ്രായ സർവേകളിൽ മുന്നിട്ടു നിൽക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണപക്ഷമായ ടോറികൾ വിജയിക്കാനുള്ള സാധ്യത 1 ശതമാനം മാത്രമാണെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധനായ ജോൺ കർട്ടിസ് പറഞ്ഞത് വൻ പ്രാധാന്യത്തോടെയാണ് യുകെയിലെ മുൻനിര മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തത്.

പരാജയം വിളിച്ചോതുന്ന നടപടികൾ ഭരണപക്ഷത്തുനിന്ന് തുടർച്ചയായി ഉണ്ടായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. റോബർട്ട് ഹാൻഫോണിൻറെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയും സായുധസേനകളുടെ ചുമതലയുള്ള ജെയിംസ് ഹിപ്പി അടുത്ത പൊതു തിരഞ്ഞെടുപ്പിനു മുൻപ് രാജിവെയ്ക്കുമെന്ന് പറഞ്ഞതും സർക്കാരിലെ മുൻ നിരക്കാരുടെ അതൃപ്തിയായാണ് വിലയിരുത്തുന്നത്. ഇതുകൂടാതെയാണ് ബോറി ജോൺസൺ ഉൾപ്പെടെയുള്ള മുൻനിരക്കാർ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞത് ഭരണപക്ഷത്തിന്റെ ആത്മവിശ്വാസ കുറവ് മൂലമാണെന്ന ആക്ഷേപം ശക്തമാണ്.


എൻഎച്ച്എസ്സിന്റെ സേവനത്തെ കുറിച്ചുള്ള ജനത്തിന്റെ സംതൃപ്തി ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 2010 -ൽ ലേബർ പാർട്ടി അധികാരം ഒഴിയുമ്പോൾ എൻഎച്ച്എസിനെ കുറിച്ച് 70 ശതമാനം ആൾക്കാരും തൃപ്തികരമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എന്നാൽ നിലവിലെ സംതൃപ്തിയുടെ നിരക്ക് 24 ശതമാനം മാത്രമാണ്. പലിശ നിരക്ക് കുതിച്ചുയർന്നതും സാധാരണ ജനങ്ങളെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. ജീവിത ചിലവിൽ ഉണ്ടായ കുത്തനെയുള്ള വർദ്ധനവ് ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ പ്രധാന പങ്കു വഹിച്ച കാരണങ്ങളിൽ ഒന്നാണ്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതാണ് അടുത്തകാലത്ത് സർക്കാരിന് അനുകൂലമായ നടന്ന പ്രധാന സംഭവം.എന്നാൽ പണപ്പെരുപ്പം കുറഞ്ഞിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാത്തത് ജനങ്ങളുടെ മനസ്സിൽ പൊതുവെ അമർഷം ഉളവാക്കിയിട്ടുണ്ട്