ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ വെട്ടിക്കുറച്ചതിന് പിന്നാലെ ഗ്യാസ് മൊത്തവില കുതിച്ചുയർന്നു. ഇത് കാരണം ജനുവരിയിൽ എനർജി ബില്ലിൽ 500 പൗണ്ട് വർധന ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതോടെ, തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാതെയും പബ്ലിക് സ്വിമ്മിംഗ് പൂളുകള്‍ ഹീറ്റ് ചെയ്യാതെയും ഉത്പാദനം കുറച്ചുമൊക്കെ പ്രതിസന്ധി കുറയ്ക്കൻ ശ്രമിക്കുകയാണ് രാജ്യങ്ങൾ. അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പ്രകൃതിവാതകം എത്തിക്കാനാണ് ജർമ്മനി ലക്ഷ്യമിടുന്നത്. എന്നിരുന്നാലും റഷ്യ അവശേഷിപ്പിച്ച വിടവ് നികത്താൻ ഇത് പര്യാപ്തമല്ല.

റഷ്യയുടെ നീക്കം യൂറോപ്പിലുടനീളമുള്ള ഗ്യാസിന്റെ വില വർദ്ധിപ്പിച്ചു. ഇതോടെ ഗ്യാസ്, വൈദ്യുതി ഉപയോഗം 15 ശതമാനം കുറയ്ക്കാൻ പല രാജ്യങ്ങളും തയ്യാറായി. ഇനിയും കടുത്ത നടപടികൾ ആവശ്യമായി വന്നേക്കാമെന്നാണ് വിലയിരുത്തൽ. യുകെയിലെ ഏകദേശം 40 ശതമാനം പവർ സ്റ്റേഷനുകളിലും ഇന്ധനമായി ഉപയോഗിക്കുന്നതിനാൽ ഗ്യാസിന്റെ മൊത്തവില വർധന വൈദ്യുതി ബില്ലുകൾ ഉയരുന്നതിന് കാരണമാകും.

ഇപ്പോൾ തന്നെ ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന അനേകം കുടുംബങ്ങൾ ഇരുട്ടിലാകും. എനര്‍ജി ബില്ലുകള്‍ ഒക്ടോബറില്‍ 3000 പൗണ്ടും, പുതുവര്‍ഷത്തില്‍ 3400 പൗണ്ടും എത്തുമെന്നായിരുന്നു ഇതുവരെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ പുതിയ പ്രതിസന്ധി ഉടലെടുത്തതോടെ നിരക്കുകള്‍ ഒക്ടോബറില്‍ 3420 പൗണ്ടായും ജനുവരിയില്‍ 3850 പൗണ്ടായും ഉയരുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.