ബിനോയ് എം. ജെ.

ഇന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കപ്പെടുന്ന ഈ ബാഹ്യലോകത്തിന് നമ്മെ സന്തോഷിപ്പിക്കുവാനുള്ള കഴിവുണ്ടോ? അല്ലെങ്കിൽ ഇന്ദ്രിയങ്ങൾക്ക് മനുഷ്യനെ ആനന്ദിപ്പിക്കുവാനുള്ള കഴിവുണ്ടോ? ഉണ്ടായിരുന്നുവെങ്കിൽ നാം പണ്ടേ പരമാനന്ദത്തിൽ എത്തുമായിരുന്നു! എന്നിരുന്നാലും നാമാ യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നില്ല. ഇന്ദ്രിയങ്ങൾക്ക് നമ്മെ സുഖിപ്പിക്കുവാനാകുമെന്ന് നാം ആഴത്തിൽ വിശ്വസിക്കുന്നു. അതിൽ സദാ പരാജയപ്പടുന്നുണ്ടെങ്കിലും നാമത് സമ്മതിച്ച് കൊടുക്കുന്നില്ല. ഈ ലോകത്തെ എത്ര കണ്ടാലും നമ്മുടെ കൊതി തീരുന്നില്ല. അത് അത്രമാത്രം നല്ലതായതുകൊണ്ടല്ല, മറിച്ച് നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് അത് ഇനിയും ഉയരാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. കൊതി തീർന്നിരുന്നുവെങ്കിൽ നാം സംതൃപ്തി അടയുമായിരുന്നു. പക്ഷേ അങ്ങനെ സംഭവിക്കുന്നില്ല. നാം അസംതൃപ്തരാണ്. അതുകൊണ്ട് തന്നെ നാം വീണ്ടും വീണ്ടും അതിനെ കാണുവാൻ ആഗ്രഹിക്കുന്നു. ഈ നിമിഷം നാം അസംതൃപ്തരാണെന്ന് വ്യക്തം. എന്നാൽ അടുത്ത നിമിഷം സംതൃപ്തി കിട്ടുമെന്ന് നാം മോഹിക്കുന്നു. എന്നാൽ അതൊരിക്കലും കിട്ടുന്നുമില്ല. പക്ഷേ നാം തോൽവി സമ്മതിക്കുകയോ യാഥാർഥ്യത്തെ അംഗീകരിക്കുകയോ ചെയ്യുന്നില്ല. നാം വീണ്ടും വീണ്ടും കൊതിയോടെ അതിനെ നോക്കുന്നു. ഇതാണ് മനുഷ്യന്റെ പ്രശ്നം.

കുറെ നാളത്തേക്ക് (ഏതാനും മാസങ്ങളിലേക്ക്)നിങ്ങൾ മുറിയിൽ തന്നെ ഒതുങ്ങി കൂടുന്നു എന്ന് സങ്കൽപ്പിക്കുക. ഓരോ ദിവസവും കഴിയും തോറും പുറത്തു പോകണമെന്ന ആഗ്രഹം നിങ്ങളിൽ ശക്തിപ്പെട്ടു വരുന്നു. ഒന്നു നടക്കണമെന്നും അൽപം യാത്ര ചെയ്യണമെന്നും നാലുപേരെ കാണണമെന്നുമുള്ള മോഹം ശക്തിയാർജ്ജിക്കുന്നു. ഒന്ന് പുറത്തുപോയാൽ പരമാനന്ദം കിട്ടുമെന്ന് നിങ്ങൾ ചിന്തിക്കുന്നു. ഒടുവിൽ നിങ്ങൾക്ക് സ്വയം നിയന്ത്രിക്കുവാനാകാതെ വരികയും നിങ്ങൾ പുറത്തു പോവുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾക്ക് പരമാനന്ദം കിട്ടുന്നുണ്ടോ? രണ്ടോ മൂന്നോ ദിവസത്തേക്ക് അല്ലെങ്കിൽ ഒരാഴ്ചത്തേക്ക് നിങ്ങൾക്ക് സന്തോഷമായിരിക്കും. അപ്പോഴത്തേക്കും വിരസത ആരംഭിച്ച് തുടങ്ങിയിരിക്കും. നിങ്ങളുടെ ഇന്ദ്രിയങ്ങൾക്ക് നിങ്ങളെ ശാശ്വതമായി സന്തോഷിപ്പിക്കുവാനുള്ള കഴിവില്ല. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് കരുതുക. അതൊന്ന് മാറിക്കിട്ടിയാൽ പരമാനന്ദം കിട്ടുമെന്ന് നിങ്ങൾ കരുതുന്നു. എന്നാൽ അത് മാറിക്കഴിയുമ്പോളോ? ഏതാനും ദിവസങ്ങളോ ഒന്നോരണ്ടോ ആഴ്ചകളോ നിങ്ങൾക്ക് സന്തോഷം കിട്ടുന്നു. അപ്പോഴേക്കും പുതിയ പ്രശ്നങ്ങളും വിരസതയും നിങ്ങളെ ബാധിച്ച് കഴിഞ്ഞിരിക്കും. നിങ്ങൾ ചുട്ടുപൊള്ളുന്ന വെയിലത്തുകൂടി നടന്നു വരികയാണെന്ന് കരുതുക. പെട്ടെന്ന് നിങ്ങൾ എയർകണ്ടീഷൻ ചെയ്ത ഒരു മുറിയിലേക്ക് പ്രവേശിക്കുന്നു. എന്തോരാനന്ദം! എന്നാൽ എത്ര നേരത്തേക്ക്? ആ മുറിയിൽ തന്നെ രണ്ടാഴ്ച തുടർച്ചയായി ഇരിക്കുക. ആ ആനന്ദമെല്ലാം എവിടെ പോകുന്നു? ഇതാണ് ഇന്ദ്രിയ സുഖത്തിന്റെ കാര്യം.

ഇതിനെതുടർന്ന് മറ്റൊരപകടം കൂടി സംഭവിക്കുന്നു. ഇന്ദ്രിയങ്ങൾക്ക് നമ്മെ സന്തോഷിപ്പിക്കുവാനുള്ള കഴിവില്ലെന്ന് അറിയുന്ന നാം ആ വസ്തുത സമ്മതിച്ചുകൊടുക്കാതെ മറ്റൊരുതരം വാദഗതിയിലേക്ക് നീങ്ങുന്നു – സാഹചര്യങ്ങൾ ഒന്ന് മാറിയാൽ എനിക്ക് പരമാനന്ദം ലഭിക്കും! എന്റെ അസംതൃപ്തിയുടെ കാരണം ഇന്ദ്രിയങ്ങളുടെ പിടിപ്പുകേടല്ല, മറിച്ച് അത് സാഹചര്യത്തിന്റെ കുഴപ്പമാണ്. ഇപ്രകാരം നാം സ്വയം വഞ്ചിക്കുകയും സാഹചര്യങ്ങൾ മാറുവാൻ ഇച്ഛിക്കുകയും ചെയ്യുമ്പോൾ നമ്മുടെ മനസ്സിൽ ആഗ്രഹങ്ങൾ ജനിക്കുന്നു. പക്ഷേ ആഗ്രഹങ്ങളുടെ പിറകേ പോകുമ്പോഴും നമുക്ക് ആനന്ദമൊന്നും കിട്ടുന്നില്ല. അപ്പോഴും ആഗ്രഹങ്ങളുടെ വ്യർത്ഥത മനസ്സിലാക്കുകയോ സമ്മതിച്ച് കൊടുക്കുകയോ ചെയ്യാതെ നാം പുതിയ പുതിയ ആഗ്രഹങ്ങളുടെ പിറകെ ഓടുന്നു. ഇതൊരുതരം ഭ്രാന്ത് തന്നെയാണ്. വാസ്തവത്തിൽ നമ്മുടെ ഇന്ദ്രിയങ്ങളും നമ്മുടെ ആഗ്രഹങ്ങളും നമ്മെ കബളിപ്പിക്കുകയാണ്. ഇപ്രകാരം ആഗ്രഹങ്ങളുടെ പിറകേ നാം എത്രയോ ജന്മങ്ങൾ ഓടിക്കഴിഞ്ഞിരിക്കുന്നു! കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുന്നില്ലെങ്കിൽ നാമിനിയും ഇപ്രകാരം ഓടിക്കൊണ്ടിരിക്കും.

എന്താണ് ഈ പ്രശ്നത്തിന്റെ അടിസ്ഥാനപരമായ കാരണം? ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കപ്പെടുന്ന ഈ ജഗത്തിനപ്പുറം മറ്റൊരു സത്തയുള്ളതായി നമുക്കറിഞ്ഞുകൂടാ..അറിയാമായിരുന്നുവെങ്കിൽ നാമതിനെ അന്വേഷിക്കുമായിരുന്നു. നമുക്കുള്ള ഏക അഭയവും ലക്ഷ്യവും ഈ ബാഹ്യപ്രപഞ്ചം തന്നെ. ഇതിന് പകരം വക്കുവാൻ മറ്റൊന്നില്ലെന്ന് നാം ധരിച്ച് വച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ നാം യാഥാർഥ്യത്തെ നിഷേധിച്ചുകൊണ്ട് ബാഹ്യലോകത്തിന്റെ പിറകെ ഓടുന്നു. അതിൽ അത്ഭുതം ഒന്നുമില്ല! ഇന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കപ്പെടുന്ന ഈ ബാഹ്യപ്രപഞ്ചം മായയാണെന്നും, അവിടെ സുഖമൊന്നും വച്ചിട്ടില്ലെന്നും, ഇന്ദ്രിയങ്ങളെ ഉൾവലിക്കുമ്പോൾ പ്രസ്തുത ലോകം തിരോഭവിക്കുമെന്നും അപ്പോൾ നമ്മുടെ മുന്നിൽ സത്യമായ ആന്തരിക ലോകവും ഈശ്വരനും പ്രത്യക്ഷമാകുമെന്നും അവിടെ (അവിടെ മാത്രം)അനന്താനന്ദം കുടികൊള്ളുന്നുവെന്നും ഒരിക്കൽ ആ അനന്ദാനന്ദത്തിൽ എത്തിയാൽ പിന്നെ ബാഹ്യ പ്രപഞ്ചത്തിലും അനന്താനന്ദം കണ്ടെത്തുവാൻ നമുക്ക് കഴിയുമെന്നും നമുക്ക് മനസ്സിലാക്കിത്തരുവാൻ നമ്മുടെ വിദ്യാഭ്യാസത്തിന് കഴിയാതെപോയി! ഇതാണ് പാശ്ചാത്യ വിദ്യാഭ്യാസം കൊണ്ടുള്ള ദോഷം. അത് നമ്മെ കഷ്ടപ്പാടുകളിലൂടെ വലിച്ചിഴക്കുന്നു. ആധുനിക പാശ്ചാത്യ സംസ്കാരം ശിഥിലമായിക്കൊണ്ടിരിക്കുന്നു. അനന്തമായ വിജ്ഞാനത്തിനും ആനന്ദത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ദാഹത്തെ തൃപ്തിപ്പെടുത്തുവാൻ അതിന് കഴിവില്ല. ഇവിടെ ആധുനിക മനുഷ്യനെ സഹായിക്കാൻ ആർഷഭാരത സംസ്കാരം പുനർജ്ജനിക്കുന്നു. അവിടെ മാത്രമേ പ്രതീക്ഷക്ക് വകയുള്ളൂ. ഭാരതീയ സംസ്കാരം ഒരേസമയം പുരാതനവും ആധുനികവുമാണ്. അതിലെ ആശയങ്ങൾ അത്യന്തം അഗാധവും മനുഷ്യന്റെ എല്ലാവിധ പ്രശ്നങ്ങൾക്കുമുള്ള പരിഹാരവും ആണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120