ബിനോയ് എം. ജെ.

ജിജ്ഞാസ അഥവാ അറിയുവാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. ജിജ്ഞാസയിലൂടെ അറിവ് സംഭവിക്കുന്നു. നമ്മിൽ നല്ലൊരു വിഭാഗവും അറിവ് സമ്പാദിക്കുവാൻ വേണ്ടി മാത്രം ജീവിതം മാറ്റിവച്ചവരാണ്. അത് ശ്രേഷ്ഠതയുടെ ഒരു അടയാളവുമാണ്. മനുഷ്യൻ എന്തുകൊണ്ട് അറിവ് അന്വേഷിക്കുന്നു? ഇതിന്റെ പിറകിൽ അൽപം യുക്തി ഒളിഞ്ഞുകിടപ്പുണ്ട്. മനുഷ്യന് വേണ്ടത് എല്ലാറ്റിനെയും കുറിച്ചുള്ള അറിവാണ്. അതിന് ഒരു സാധ്യത ഉള്ളതുകൊണ്ടാണല്ലോ അവനത് അന്വേഷിക്കുന്നത്. എന്നാൽ അവനത് കിട്ടുന്നുണ്ടോ? ഇല്ല എന്നത് വ്യക്തം. എന്തുകൊണ്ട് മനുഷ്യൻ ഇതിൽ പരാജയപ്പടുന്നു? എങ്കിലും താനതിൽ വിജയിക്കുമെന്നുള്ള പ്രതീക്ഷ അവന്റെ ജീവിതത്തിന് അർത്ഥം കൊടുക്കുന്നു. എന്നാൽ അവനതിൽ വിജയിക്കുന്നുണ്ടോ?

ആഴത്തിൽ പരിശോധിച്ചാൽ അറിവിന് വേണ്ടിയുള്ള ഈ പരിശ്രമം ഒരു പാഴ് വേലയാണെന്ന് കാണാം. കാരണം നമുക്ക് ഇപ്പോൾ തന്നെ എല്ലാമറിയാം. അറിയുവാനും പഠിക്കുവാനുമുള്ള പരിശ്രമത്തിൽ നമ്മിലെ നൈസർഗ്ഗികമായ ഈ അനന്തജ്ഞാനം താത്കാലികമായി നഷ്ടപ്പെടുകയോ മറക്കപ്പെടുകയോ ചെയ്യുന്നു. അത് നഷ്ടപ്പെടുമ്പോൾ അതാർജ്ജിച്ചെടുക്കുവാനായി നാം കൂടുതൽ ശക്തമായി പരിശ്രമിക്കുന്നു. ഇപ്രകാരം നാമൊരു ദൂഷിതവലയത്തിൽ അകപ്പെട്ടു പോകുന്നു. ഇതാണ് മനുഷ്യന്റെ പ്രശ്നം.

ഉത്തരം കണ്ടു പിടിക്കേണ്ടത് ചോദ്യങ്ങൾക്കാണ്. പരിഹാരം കണ്ടുപിടിക്കേണ്ടത് പ്രശ്നങ്ങൾക്കുമാണ്. അതായത് ഉത്തരത്തിനും പരിഹാരത്തിനും മുമ്പേ ചോദ്യവും പ്രശ്നവും ജനിക്കേണ്ടിയിരിക്കുന്നു. ഈ ചോദ്യവും പ്രശ്നവും എവിടെ നിന്നും വരുന്നു? മനുഷ്യന് എന്തെങ്കിലും പണി വേണ്ടേ? അവൻ ചോദ്യങ്ങളും പ്രശ്നങ്ങളും കൃത്രിമമായി സൃഷ്ടിക്കുന്നു. കൃത്രിമമായ ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ഉള്ള ഉത്തരവും പരിഹാരവും കൃത്രിമം തന്നെയാവാനേ വഴിയുള്ളൂ. ഈ വിധത്തിൽ മനുഷ്യന്റെ ജീവിതം അതിന്റെ സ്വാഭാവികമായ നൈസർഗ്ഗികതയിൽ നിന്നും വഴുതിമാറി കപടതയിലേക്കും കൃത്രിമത്തത്തിലേക്കും പ്രവേശിക്കുന്നു. പിന്നീടങ്ങോട്ട് അവന് കഷ്ടപ്പാടുകളും ദുരിതങ്ങളുമേ ലഭിക്കൂ. ഇതാകുന്നു മനുഷ്യന്റെ ദുഃഖങ്ങളുടയും ക്ലേശങ്ങളുടെയും രഹസ്യം.

കൃത്രിമമായി ചോദ്യങ്ങളും പ്രശ്നങ്ങളും ചമച്ച് സ്വയം തൊഴിൽ കണ്ടെത്തുന്ന മനുഷ്യൻ, തന്നെ തന്നെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നു. ഒരു ചോദ്യത്തിന് ഉത്തരം കിട്ടുമ്പോൾ അടുത്ത ചോദ്യം വരുന്നു; ഒരു പ്രശ്നത്തിന് പരിഹാരം കിട്ടിക്കഴിയുമ്പോൾ അടുത്ത പ്രശ്നം ജനിക്കുന്നു. കാരണം അത് നമ്മുടെ ശീലമായിരിക്കുന്നു. നമുക്കതില്ലാതെ വയ്യ. ചോദ്യങ്ങളും പ്രശ്നങ്ങളും നൈസർഗ്ഗികമായി വരുന്നവയല്ല, മറിച്ച് നാം കൃത്രിമമായി സൃഷ്ടിക്കുന്നവയാണ്. അങ്ങനെയെങ്കിൽ ഈ പ്രക്രിയയ്ക്ക് എന്നെങ്കിലും ഒരു പൂർണ്ണ വിരാമം ഉണ്ടാവുമോ? വേണമെങ്കിൽ ഇതിനൊരു പൂർണ്ണ വിരാമമിടുവാൻ നമുക്ക് കഴിയും. അതിന് മനോഭാവത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. കൃത്രിമത്വത്തെ നാം പരിത്യജിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നൈസർഗ്ഗികതയിലേക്ക് നാം കടന്ന് വരേണ്ടിയിരിക്കുന്നു. ആ നൈസർഗ്ഗികതയിൽ നാം ഈശ്വരൻ തന്നെയാകുന്നു. അവിടെ നമുക്കെല്ലാമറിയാം. ജിജ്ഞാസ കൃത്രിമമാണ്. ഈശ്വരന് ജിജ്ഞാസ ഉണ്ടാവുകയോ? ജിജ്ഞാസ ഉണ്ടാവുമ്പോൾ താൻ ഈശ്വരനല്ലെന്നുള്ള ചിന്ത പ്രബലപ്പടുന്നു. ജിജ്ഞാസ തിരോഭവിക്കുമ്പോൾ താനീശ്വരനാണെന്ന ചിന്തയും പ്രബലപ്പെടുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120