ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രെസ്റ്റണ്‍: ഈശോ തന്റ പന്ത്രണ്ട് ശിഷ്യന്മാരുടെ കാല്‍ കഴുകി വി. കുര്‍ബാനയും പൗരോഹിത്യവും സ്ഥാപിച്ച പെസഹാ ദിനത്തിന്റെ അനുസ്മരണം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ വി. കുര്‍ബാന സെന്ററുകളില്‍ ഭക്തിയോടെ ആചരിച്ചു. പ്രെസ്റ്റണ്‍ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു. കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍ സഹകാര്‍മ്മികനായിരുന്നു.

ദൈവപുത്രനായ ഈശോയുടെ മുമ്പില്‍ പാപം ഒരിക്കല്‍ കൂടി തോറ്റ അവസരമായിരുന്നു ഈശോയുടെ കാലുകഴുകല്‍ കര്‍മ്മത്തിലൂടെ വെളിവായതെന്ന് സുവിശേഷ സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. തിരുസഭയിലെ വിവിധ കൂദാശകളിലൂടെ ഈശോ ഇന്നും ഈ കാല്‍കഴുകല്‍ കര്‍മ്മം നടത്തി നമ്മെ വിശുദ്ധീകരിക്കുന്നു. ക്ഷമ എന്ന മഹത്തായ പുണ്യത്തിന്റെ പ്രകാശനവും പ്രതിഫലനവുമാണ് കാല്‍ കഴുകിയതിലൂടെ ഈശോ കാണിച്ചുതന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേവാലയം നിറഞ്ഞ് കവിഞ്ഞ് വിശ്വാസികള്‍ ശുശ്രൂഷകളില്‍ സംബന്ധിച്ചു. ബഹു. സിസ്‌റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, ഗായകസംഘം തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിച്ചു. അള്‍ത്താര ശുശ്രൂഷികളായ പന്ത്രണ്ട് കുട്ടികളാണ് പന്ത്രണ്ട് ശ്ലീഹന്മാരുടെ പ്രതിനിധികളായി കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് എത്തിയത്. ദുഃഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ ഇന്നു രാവിലെ 10 മണിക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിക്കും.