ഗ്വായാക്വിൽ ∙ കുർബാന അർപ്പിക്കുന്നതിനിടെ അൾത്താരയിലെ കൂറ്റൻ ക്രൂശിതരൂപം തകർന്ന് വീണ് കത്തോലിക്കാ പുരോഹിതന് ദാരുണാന്ത്യം. ഇക്വഡോറിലെ ഏറ്റവും വലിയ നഗരമായ ഗ്വായാക്വിലിലെ ന്യൂസ്ട്ര സെനോറ ഡെൽ പെർപെറ്റുവോ സോക്കോറോ പള്ളിയിലാണ് അപകടമുണ്ടായത്. ഫാ. പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.
ബലിപീഠത്തിന് മുന്നിൽ വിശ്വാസികൾക്ക് അഭിമുഖമായി നിന്ന് കുർബാന അർപ്പിക്കുകയായിരുന്ന പുരോഹിതന്റെ തലയിലേക്കാണ് വലിയ ക്രൂശിതരൂപം പൊടുന്നനെ തകർന്ന് വീണത്. അപകടം കണ്ട് പരിഭ്രാന്തരായ വിശ്വാസികൾ ഉടൻ അൾത്താരയിലേക്ക് ഓടിയെത്തി പുരോഹിതനെ രക്ഷിക്കാൻ ശ്രമിച്ചു. കുർബാനയുടെ ദൃശ്യങ്ങൾ ഫാ. പട്രീസിയോ തത്സമയം സംപ്രേഷണം ചെയ്തിരുന്നതിനാൽ അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിന് പിന്നാലെ വിഡിയോയുടെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ഞായറാഴ്ച ഗ്വായാക്വിൽ അതിരൂപതയാണ് പുരോഹിതന്റെ മരണം സ്ഥിരീകരിച്ചത്. ക്രൂശിതരൂപം തകർന്ന് വീഴാനുണ്ടായ കാരണം വ്യക്തമല്ല. 1732ൽ വിശുദ്ധ അൽഫോൻസസ് ലിഗോരി സ്ഥാപിച്ച മോസ്റ്റ് ഹോളി റിഡീമറുടെ സഭയിലെ അംഗമായിരുന്നു ഫാ. പട്രീസിയോ. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.











Leave a Reply