യുഎസ് കോടതിയില്‍ ലൈംഗിക പീഡനക്കേസ് വിചാരണ നേരിടുമ്പോള്‍ ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി ഹാജരാകണം. ചാള്‍സം വില്യമും തള്ളിപ്പറഞ്ഞതോടെ ആന്‍ഡ്രൂ രാജകുമാരന്റെ രാജകീയ സംരക്ഷണചട്ട എടുത്തുമാറ്റാന്‍ രാജ്ഞിനിര്‍ബന്ധിതമായി. ഈ മാസം ആദ്യം ന്യൂയോര്‍ക്കില്‍ ലൈംഗിക പീഡന കേസുമായി മുന്നോട്ട് പോകാന്‍ കോടതി തീരുമാനിച്ചതോടെയാണ് 73-കാരനായ ചാള്‍സും, 39-കാരന്‍ വില്ല്യമും രാജ്ഞിക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചത്. തനിക്കും സമാനമായ നിലപാടാണുള്ളതെന്ന് രാജ്ഞി പ്രതികരിച്ചു.

ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും മറ്റ് വഴികളൊന്നും ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എച്ച്ആര്‍എച്ച് ടൈറ്റില്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ രാജ്ഞി ഉത്തരവ് നല്‍കിയത്. യോര്‍ക്ക് ഡ്യൂക്കിന്റെ സൈനിക, ചാരിറ്റിബിള്‍ അഫിലിയേഷനുകള്‍ ഇതുവരെ റദ്ദാക്കാതിരുന്നത് ഇതുവഴി ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ശരിയാണെന്ന നില വരാതിരിക്കാനായിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ ആന്‍ഡ്രൂ ഇപ്പോഴും നിഷേധിക്കുന്നുണ്ട്. എന്നാല്‍ വിര്‍ജിനിയ റോബര്‍ട്‌സിന്റെ പരാതി ടെക്‌നിക്കല്‍ കാരണങ്ങളുടെ പേരില്‍ തള്ളിക്കളയണമെന്ന ആന്‍ഡ്രൂവിന്റെ ആവശ്യം കോടതി തള്ളിയതോടെ വിചാരണ നേരിടേണ്ടി വരുമെന്നതാണ് സ്ഥിതി.

ആരോപണങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലുള്ള അവസ്ഥ ഒഴിവാക്കാനാണ് ഇതുവരെ ബക്കിംഗ്ഹാം കൊട്ടാരം ശ്രമിച്ച് വന്നിരുന്നതെന്ന് ഉറവിടം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് തങ്ങളുടെ കടമയല്ല, മറിച്ച് കോടതി നടപടികളാണ് ഇതിന് ആവശ്യമെന്ന് തിരിച്ചറിഞ്ഞാണ് നിലപാട് മാറ്റിയത്. ആന്‍ഡ്രൂ ജയിച്ചാലും, തോറ്റാലും ചീത്തപ്പേര് ഒരിക്കലും മാറില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ഇത്തരം ആരോപണങ്ങളില്‍ പേര് നന്നാക്കാന്‍ രാജകുടുംബത്തില്‍ നിന്നും രാജപദവികളുമായി ഒരാള്‍ എത്തുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യവുമാണ്, ഉറവിടം പറഞ്ഞു. ഈ ആഴ്ചയിലെ കോടതി വിധി ആന്‍ഡ്രൂവിന് മുന്നിലുള്ള എല്ലാ വഴികളും അടയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ആന്‍ഡ്രൂവിനെ റോയല്‍ ഹൈനസ് ടൈറ്റിലില്‍ നിന്നും പുറത്താക്കിയെങ്കിലും ഇദ്ദേഹത്തിന്റെ മുന്‍ ഭാര്യ ഡച്ചസ് പദവിയില്‍ തുടരും.