ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ക്യാൻസർ രോഗത്തിന് ചികിത്സയിലായിരിക്കുന്ന ചാൾസ് രാജാവിനും, ഉദര ശസ്ത്രക്രിയയ്ക്ക് വിധേയയായ ഭാര്യ കെയ്റ്റിനും ജനങ്ങൾ നൽകിയ കരുതലിനും പിന്തുണയ്ക്കും നന്ദി പറഞ്ഞിരിക്കുകയാണ് വില്യം രാജകുമാരൻ. തന്റെ പിതാവിനും ഭാര്യയ്ക്കുമുള്ള പിന്തുണ നൽകിയ സന്ദേശങ്ങൾ അയച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. ചാൾസ് രാജാവിന്റെ ക്യാൻസർ രോഗ നിർണയത്തെ തുടർന്ന് കുടുംബത്തിന് ഉണ്ടായ ആഘാതം വലിയതാണ്. അതോടൊപ്പം തന്നെയാണ് ഗുരുതരമായ ഉദരശസ്ത്രക്രിയയ്ക്ക് കെയ്റ്റും വിധേയയായത്. ക്യാൻസർ ചികിത്സയുടെ ആദ്യഘട്ടത്തിന് ശേഷം സാൻഡ്രിംഗ്ഹാമിൽ വിശ്രമിക്കുകയാണ് ചാൾസ് രാജാവ്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരികയാണ് കെയ്റ്റും. ലണ്ടനിലെ എയർ ആംബുലൻസ് ചാരിറ്റിയെ പിന്തുണച്ച് റാഫിൾസ് ലണ്ടനിലെ ഓൾഡ് വാർ ഓഫീസിൽ നടന്ന ഡിന്നറിൽ സംസാരിക്കുകയായിരുന്നു വില്യം. രാജകുടുംബത്തിലെ നിലവിലെ ഏറ്റവും പ്രമുഖനായ വ്യക്തിയായതിനാൽ, വില്യം രാജകുമാരന് ഇപ്പോൾ നിരവധി ചടങ്ങുകളിൽ പങ്കെടുക്കേണ്ടതായുണ്ട്. ചടങ്ങിൽ ഹോളിവുഡ് താരം ടോം ക്രൂയിസും പങ്കെടുത്തിരുന്നു.


രാജാവിന്റെ രോഗ നിർണയത്തിന് ശേഷം ആദ്യമായാണ് വില്യം മാധ്യമങ്ങളോട് സംസാരിക്കുന്നത്. ഈസ്റ്റ് ആംഗ്ലിയയിൽ എയർ ആംബുലൻസ് പൈലറ്റായി സേവനമനുഷ്ഠിച്ച വെയിൽസ് രാജകുമാരൻ 2020 മുതൽ സംഘടനയുടെ രക്ഷാധികാരിയാണ്. ജനുവരി 16ന് നടന്ന കെയ്റ്റിന്റെ ഓപ്പറേഷനു ശേഷം കുടുംബത്തിനായി വില്യം സമയം നീക്കി വെച്ചിരുന്നു. അതിനുശേഷം ആണ് ഇപ്പോൾ വീണ്ടും ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുന്നത്.