മമ്മൂട്ടിയും താനും വളരെ അടുപ്പത്തിലാണെന്ന് സംവിധായകൻ പ്രിയദർശൻ. മോഹൻലാലിനെ വച്ച് പടം എടുക്കുന്നത് കൊണ്ട് എല്ലാവരുടേയും വിചാരം മമ്മൂട്ടിയുമായി ഞാൻ അകൽച്ചയിലാണെന്നാണ്. പക്ഷെ അതിൽ ഒട്ടും സത്യമില്ല. അദ്ദേഹത്തെ മമ്മൂട്ടിക്ക എന്ന് വിളിക്കുന്ന ഒരേ ഒരാൾ ഞാനാണ്. ബാക്കി എല്ലാവരും മമ്മൂക്ക എന്നാണ് വിളിക്കാറ്. എന്റെ മദ്രാസ് ജീവിതകാലത്ത് ഞാൻ മമ്മൂട്ടിയോടൊപ്പമാണ് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ചിട്ടുള്ളത്. എന്റെ കരിയറിന്റെ തുടക്കകാലത്ത് ഞാൻ അദ്ദേഹത്തോട് ഡേറ്റ് ചോദിച്ചിട്ട് തന്നിട്ടില്ലെന്നും പ്രിയദർശൻ താമശ രൂപേണ പറഞ്ഞു. എന്റെ ആദ്യ സിനിമയിൽ സോമേട്ടന്റെ റോൾ ചെയ്യേണ്ടിയിരുന്നത് മമ്മൂട്ടിക്കയാണ്. അന്ന് അദ്ദേഹം വളരെ തിരക്കുള്ള നടനാണ്. മമ്മൂട്ടി നായകനായും മോഹൻലാൽ വില്ലനായും അഭിനയിക്കുന്ന കാലമാണ്. ഞാൻ ഡേറ്റ് ചോദിച്ചപ്പോൾ പറഞ്ഞത്, നീ ആദ്യം സിനിമയെടുത്ത് പഠിക്ക്, എന്നിട്ട് ഞാൻ അഭിനയിക്കാമെന്ന്, പ്രിയദർശൻ കേരളത്തിലെ പ്രമുഖ ചാനലിൽ കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞു

മലയാളികൾക്ക് ഒട്ടേറെ നല്ല ചിത്രങ്ങൾ നൽകിയ സംവിധായകനാണ് പ്രിയദർ‌ശൻ. പക്ഷെ അതിനായി സഹിച്ച കഷ്ടതകൾ ഏറെയാണെന്ന് അദ്ദേഹം തന്നെ പറയുന്നു. സിനിമ കരിയറായി എടുക്കാൻ തീരുമാനിച്ചപ്പോൾ വീട്ടിലുണ്ടായ കോളിളക്കത്തെക്കുറിച്ചും അദ്ദേഹം ചാനൽ ചർച്ചയിൽ പറയുന്നു

എന്നെച്ചൊല്ലി വീട്ടിൽ അച്ഛനും അമ്മയും കൂടി വഴക്കുകൾ പതിവായിരുന്നു. അമ്മയ്ക്ക് ഞാൻ നന്നായിക്കൊള്ളും എന്ന് അറിയാമായിരുന്നു. എന്നാൽ എന്നെ ഒരു പ്യൂണായി എങ്കിലും കാണാൻ അച്ഛൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരു സ്ഥിര വരുമാനം എങ്ങനെയെങ്കിലും ഉണ്ടായിക്കാണണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിനുവേണ്ടി ബാങ്കിൽ ജോലി നോക്കണമെന്ന് പറയുമായിരുന്നു , അല്ലെങ്കിൽ കോളജിലെ പ്രഫസറായോ മറ്റോ ആക്കി എന്നെ മാറ്റണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം.

പ്രീഡിഗ്രി കഴിഞ്ഞ് പ്ലാനെന്താണെന്നു ചോദിച്ചപ്പോൾ ഞാൻ പൂനെ ഫിലം ഇൻസ്റ്റിറ്റ്യൂട്ടിൽ പോകണമെന്നു പറഞ്ഞു. അവിടെയെന്താണുള്ളതെന്ന് അച്ഛൻ ചോദിച്ചു. സിനിമ പഠിക്കാനാണെന്നു പറഞ്ഞപ്പോൾ അതൊക്കെ ഒരു ജോലിയാണോ എന്ന് ചോദിച്ചു? വല്ല ബിഎയും പഠിച്ച് രക്ഷപെടാൻ പറഞ്ഞു.

ഒരിക്കലും എന്റെ സിനിമകൾ കണ്ടിട്ട് അച്ഛൻ എന്നെ അഭിനന്ദിച്ചിട്ടില്ല. അദ്ദേഹം വളരെ കുറച്ച് സിനിമകൾ കാണുന്ന ആളായിരുന്നു. കാഞ്ചിവരം കണ്ടപ്പോഴാണ് എന്നെ ആദ്യമായി അഭിനന്ദിക്കുന്നത്. പത്മശ്രീ കിട്ടിയ അന്ന് എന്നെ വിളിച്ച് പറഞ്ഞു, നിന്നെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ഏറെ അഭിമാനം തോന്നുന്നു എന്ന്. ഇന്നും അത് പറയുമ്പോൾ എന്റെ കണ്ണ് നിറയും. എനിക്ക് അന്ന് സന്തോഷം കൊണ്ട് മറുപടി പറയാൻ കഴിഞ്ഞില്ല. ഞാൻ ഒരിക്കലും നന്നാവില്ലെന്ന് അദ്ദേഹം എഴുതിത്തള്ളിയിരുന്നു.

അച്ഛൻ ലൈബ്രേറിയനായിരുന്നു. അച്ഛനെ കാണാൻ‌ ഒരുപാട് എഴുത്തുകാർ വരുമായിരുന്നു. അവരെയൊന്നും എനിക്കന്ന് തിരിച്ചറിയാൻ‌ സാധിക്കില്ലായിരുന്നു. എങ്കിലും അവരുടെ വർത്തമാനം കേൾക്കാൻ വേണ്ടി, പഠിക്കാനെന്ന വ്യാജേന ബുക്കുമായി ഞാൻ അവർക്കിടയിൽ പോയിരിക്കും. അങ്ങനെ അവരുടെ ചർച്ചയ്ക്കിടയിൽ കേട്ട ഒരു വരിയാണ് കാഞ്ചിവരം എന്ന സിനിയ്ക്ക് ആധാരമായത്. പട്ട് നെയ്യുന്നവരുടെ മക്കൾക്ക് ഒരിക്കലും അത് ചുറ്റാനുള്ള ഭാഗ്യമുണ്ടാകില്ലെന്ന് അന്ന് കേട്ടതാണ് പിന്നീട് മുഴുനീള സിനിമയായി മാറിയത്.

മലയാളത്തിൽ ഒരു സിനിമയെങ്കിലും ചെയ്യുക എന്നതായിരുന്നു എന്റെ ആദ്യകാല സ്വപ്നം. തമിഴിലും തെലുങ്കിലും എത്തുന്നതൊന്നും ചിന്തിച്ചിട്ടു പോലുമില്ല. ഇന്നത്തെ പോലെ ആയിരുന്നില്ല അന്ന്. ഒരു കാമറയ്ക്ക് പിന്നിൽ നിൽക്കണമെങ്കിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കണമായിരുന്നു. വീട്ടിൽ കഷ്ടപ്പാടുകൾ അറിയിച്ചിട്ടില്ല, മദ്രാസിൽ ഒരു നേരം ഭക്ഷണം കഴിച്ച് ജീവിച്ച കാലമുണ്ടായിരുന്നു. അങ്ങനെ മഞ്ഞപ്പിത്തമൊക്കെ പിടിച്ച് നാട്ടിൽ വന്ന കാലത്ത് ഇൗ കരിയർ സ്വപ്നം ഉപേക്ഷിക്കാൻ ഞാൻ തയ്യാറായിരുന്നു. ബാംഗ്ലൂരിൽ പോയി ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയി ജോലി തിരഞ്ഞെടുക്കാമെന്നും കരുതിയിരുന്നു.

അപ്പോഴാണ് കുയിലിനെത്തേടി, എങ്ങനെ നീ മറക്കും എന്നീ ചിത്രത്തിലേക്ക് തിരക്കഥ എഴുതാമോ എന്ന് ചോദിച്ച് വിളിക്കുന്നത്. ആ സിനിമകളുടെ വിജയം എന്റെ കരിയർ സിനിമയിൽ ഉറപ്പിച്ചു.

എനിക്ക് ഏറ്റവും കൂടുതൽ അസൂയ തോന്നുന്നത് സത്യൻ അന്തിക്കാടിനെക്കാടിനേയും ഇന്നസെന്റിനേയും കാണുമ്പോഴാണ്. ഞാൻ കേരളത്തിൽ ജനിച്ചു. പിന്നെ ചെന്നൈയിൽ വേരുറപ്പിച്ചു, പിന്നെ ബോംബെയിൽ പോയി. പക്ഷെ നാട്ടിൽ വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഇന്നസെന്റിനേയും സത്യൻ അന്തിക്കാടിനേയും കാണുമ്പോഴാണ് ഏറ്റവും അസൂയ തോന്നുന്നത്. അവർ വളരെ മനസമാധാനത്തോടെ ജീവിക്കുന്നു. അപ്പോൾ ഞാൻ ദൈവത്തെപ്പറ്റിക്കാൻ തീരുമാനിച്ചു, മനസമാധാനം തരണേ എന്ന് പ്രാർഥിക്കാൻ തുടങ്ങി. എന്നും പ്രിയൻ പറഞ്ഞു നിർത്തുന്നു  !!!