ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബെലാറസ് : മിസൈൽ ആക്രമണത്തിൽ ’80 പോളിഷ് കൂലിപ്പടയാളികൾ’ കൊല്ലപ്പെട്ടുവെന്ന റഷ്യൻ അവകാശവാദങ്ങൾക്ക് പിന്നാലെ റഷ്യയും പോളണ്ടും തമ്മിലുള്ള ശത്രുത ഏറുന്നു. 80 പോളിഷ് കൂലിപ്പടയാളികളും 20 കവചിത യുദ്ധ വാഹനങ്ങളും എട്ട് ഗ്രാഡ് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറുകളും ഡൊണെറ്റ്സ്ക് മേഖലയിൽ ഉണ്ടായ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ, കാറ്റിൻ കൂട്ടക്കൊല നടന്ന സ്ഥലത്തെ പോളിഷ് പതാക റഷ്യ താഴെയിറക്കി. 1940-ൽ സോവിയറ്റ് യൂണിയൻ ആയിരക്കണക്കിന് പോളിഷ് പട്ടാളക്കാരെ കൊലപ്പെടുത്തിയതിന്റെ സ്മരണയ്ക്കായാണ് ഇത് സ്ഥാപിച്ചത്.

റഷ്യയുടെ ഭീഷണികൾക്ക് പിന്നാലെ സുവാൽക്കി ഇടനാഴിയിലെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താൻ പോളണ്ട് നാറ്റോയോട് ആവശ്യപ്പെട്ടു. നാറ്റോയും റഷ്യയും തമ്മിലുള്ള ഏതൊരു സൈനിക സംഘട്ടനത്തിനും കേന്ദ്രമായി മാറിയേക്കാവുന്ന സ്ഥലമാണ് കാലിനിൻഗ്രാഡും സുവാൽക്കി ഗ്യാപ്പും.

യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന പതിനായിരങ്ങളെ സ്വീകരിക്കുന്ന രാജ്യമാണ് പോളണ്ട്. ബെലാറസിലെ റഷ്യൻ സൈന്യത്തിന്റെ സാന്നിധ്യം പോളണ്ടിനും മറ്റ് ബാൾട്ടിക് രാജ്യങ്ങൾക്കും ഭീഷണിയാണ്. നാറ്റായോയുമായുള്ള റഷ്യയുടെ പിരിമുറുക്കങ്ങളും യുക്രൈനുമായുള്ള ബന്ധവും പോളണ്ടിനേയും യുദ്ധ സാഹചര്യത്തിലേക്ക് നയിച്ചേക്കുമോ എന്ന ആശങ്കയുണ്ട്. അതിനിടയിലാണ് പുടിന്റെ ഈ ഭീഷണിസ്വരം.