ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂഡൽഹി : ഉയര്‍ന്ന തുകയുടെ പണം നിക്ഷേപിക്കുന്നതിന് പാൻകാര്‍ഡ് അല്ലെങ്കിൽ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര സർക്കാർ. ഒരു സാമ്പത്തിക വർഷം നിശ്ചിത തുക നിക്ഷേപിക്കുന്നതിനും പണം പിൻവലിക്കുന്നതിനും പുതിയ നിബന്ധന ബാധകമാകും. നിക്ഷേപം 20 ലക്ഷം രൂപയിൽ കൂടുതലാണെങ്കിലാണ് ഇനി പാൻകാര്‍ഡോ ആധാറോ നിര്‍ബന്ധമാകുന്നത്. ബാങ്കിൽ കറന്റ് അക്കൗണ്ടോ ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടോ തുറക്കുന്ന സാഹചര്യത്തിലും പാൻ അല്ലെങ്കിൽ ആധാർ നമ്പർ നൽകേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആണ് മെയ് 10-ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ നിയമം 2022 മെയ് 26 മുതൽ പ്രാബല്യത്തിൽ വരും.

വിജ്ഞാപനമനുസരിച്ച് എല്ലാ വ്യക്തികളും ഉയര്‍ന്ന പണം ഇടപാടുകൾ നടത്തുമ്പോൾ, ഇടപാടുമായി ബന്ധപ്പെട്ട രേഖകളിൽ പാൻ നമ്പറോ ആധാർ നമ്പറോ നൽകേണ്ടതാണ്. ഈ പുതിയ നിയമം പോസ്റ്റ് ഓഫീസുകൾക്കും സഹകരണ സംഘങ്ങൾക്കും ബാധകമായിരിക്കും. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും പണം നിക്ഷേപം, പിൻവലിക്കൽ എന്നിവ ട്രാക്കുചെയ്യുന്നതിനും ഇടപാടുകൾ സുതാര്യമാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.

ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഉള്ള ഒന്നോ അതിലധികമോ അക്കൗണ്ടുകളിലായി 20 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപം നടത്തിയവര്‍ക്ക് ഇത് ബാധകമാകും. ഒരു സാമ്പത്തിക വർഷത്തിൽ നടത്തുന്ന നിക്ഷേപമാണ് പരിശോധിക്കുക.