ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 73 വർഷക്കാലം നീണ്ടുനിന്ന തന്റെ കുടുംബജീവിതത്തിന് അന്ത്യംകുറിച്ച് , സെന്റ് ജോർജ് ചാപ്പലിൽ ഏകയായിരുന്ന് എലിസബത്ത് രാജ്ഞി തന്റെ ഭർത്താവായ ഫിലിപ്പ് രാജകുമാരന് അന്ത്യോപചാരമർപ്പിച്ചു. സാധാരണയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി രാജ്ഞിയുടെ തൊട്ടടുത്ത സ്ഥാനത്ത് ഫിലിപ്പ് രാജകുമാരൻ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആ സ്ഥാനം ശൂന്യമായിരുന്നു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു രാജ്ഞി ചാപ്പലിൽ എത്തിയത്. രാജ്ഞി കണ്ണുകൾ മാത്രം പുറത്തു കാണുന്ന തരത്തിൽ, കറുത്ത മാസ്ക് ധരിച്ചിരുന്നു. മറ്റ് രാജകുടുംബാംഗങ്ങൾ ചാപ്പലിൽ ഉണ്ടായിരുന്നെങ്കിലും, അവരാരും തന്നെ രാജ്ഞിയുടെ അടുത്ത് ഉണ്ടായിരുന്നില്ല.

ഫിലിപ്പ് രാജകുമാരനെ അനുസ്മരിച്ച് രാജ്യത്തെമ്പാടും ഒരു മിനിറ്റ് നിശബ്ദത ആചരിച്ചു. ഈ സമയം രാജ്ഞിയും തലകുമ്പിട്ട് തന്റെ ഭർത്താവിന്റെ വിയോഗത്തിൽ രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേർന്നു. ബെന്റ്ലി കാറിലാണ് രാജ്ഞി ചാപ്പലിൽ എത്തിയത്. രാജ്ഞിയോടൊപ്പം തന്നെ സഹായിയായിരിക്കുന്ന ലേഡി സൂസൻ ഹസ്സെയും ഉണ്ടായിരുന്നു. ഇരുവരും പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, മാസ്ക്ക് ധരിച്ചാണ് ചടങ്ങിനെത്തിയത്.

രാജ്ഞിയുടെ സഹായിയായിരിക്കുന്ന ലേഡി ചാപ്പലിൽ പ്രവേശിച്ചില്ല. വിൻഡ്സർ ഡീൻ ആയിരിക്കുന്ന റവറൻഡ് ഡേവിഡ് കോണർ ആണ് രാജ്ഞിയെ ചാപ്പലിൽ അനുഗമിച്ചത്. ഫിലിപ്പ് രാജകുമാരന് വളരെ നല്ല ഒരു യാത്രയയപ്പാണ് ലഭിച്ചത്. ചടങ്ങുകളുടെ ക്രമീകരണത്തിൽ എല്ലാം തന്നെ രാജ്ഞിയുടെ ശ്രദ്ധ ഉണ്ടായിരുന്നു. ചരിത്രത്തിലെ ഏടുകളിലേക്ക് ഫിലിപ്പ് രാജകുമാരന്റെ നാമം ഇതോടെ എഴുതി ചേർക്കപ്പെടും.