ന്യൂസ് ഡെസ്ക് മലയാളം യുകെ

സെൻട്രൽ ലണ്ടനിലെ ശവകുടീരത്തിൽ നടക്കാനിരിക്കുന്ന റിമെംബറൻസ് സൺ‌ഡേ സർവീസിൽ എലിസബത്ത് രാജ്ഞി പങ്കെടുക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയതിനെ തുടർന്ന് നവംബർ പകുതിവരെ വിശ്രമിക്കാൻ ഡോക്ടർമാർ രാജ്ഞിയോട് നിർദ്ദേശിച്ചിരുന്നു. 95-കാരിയായ രാജ്ഞി മുൻവർഷങ്ങളിലെ പോലെ തന്നെ കെട്ടിടത്തിൻെറ ബാൽക്കണിയിൽ നിന്ന് ചടങ്ങ് കാണുമെന്ന് കൊട്ടാര അധികൃതർ അറിയിച്ചു. പതിവുപോലെ ചാൾസ് രാജകുമാരൻ രാജ്ഞിക്ക് വേണ്ടി പുഷ്പചക്രം അർപ്പിക്കും. എന്നാൽ അടുത്തയാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറൽ സിനഡിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം രാജ്ഞി പങ്കെടുക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. യുദ്ധത്തിൽ മരിച്ചവരെ ആദരിക്കുന്ന വാർഷിക റിമെംബറൻസ് ഡേയിൽ പങ്കെടുക്കണം എന്ന് രാജ്ഞിക്ക് അതിയായ ആഗ്രഹം ഉണ്ടെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച നോർഫോക്കിലെ സാൻ‌ഡ്‌റിംഗ്ഹാം വസതിയിൽ നിന്നും രാജ്ഞി തിരികെ വിൻഡ്‌സർ കാസിലിലേക്ക് മടങ്ങിയെത്തിയിരുന്നു. തൻെറ ഭർത്താവായ ഫിലിപ്പ് രാജകുമാരൻറെ മരണശേഷമുള്ള രാജ്ഞിയുടെ ആദ്യ റിമെംബറൻസ് സൺ‌ഡേ സർവീസാണിത്. യുകെയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച എലിസബത്ത് രാജ്ഞി വടക്കൻ അയർലൻഡിലേയ്ക്കുള്ള തൻെറ ഔദ്യോഗിക സന്ദർശനം റദ്ദാക്കിയ ശേഷം പ്രാഥമിക വൈദ്യ പരിശോധനകൾക്കായി ഒക്ടോബറിൽ ആശുപത്രിയിൽ പോയിരുന്നു. ഇതിനുശേഷം മന്ത്രിമാരുമായി പ്രിവി കൗൺസിൽ മീറ്റിംഗ് നടത്തുന്നതുൾപ്പെടെയുള്ള ചുമതലകൾ രാജ്ഞി ഏറ്റെടുത്ത് നടത്തിയിരുന്നു. COP26 കാലാവസ്ഥാ കോൺഫറൻസിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാത്തതിനാൽ പങ്കെടുത്ത ലോക നേതാക്കൾക്കായി ഒരു വീഡിയോ സന്ദേശവും രാജ്ഞി റെക്കോർഡ് ചെയ്തിരുന്നു. വീഡിയോ കോളിലൂടെ അംബാസിഡറുമായി സംസാരിക്കുകയും ടെലിഫോൺ വഴി പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.