ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആൻ രാജകുമാരിയെ സ്വീകരിക്കുവാനായി പറന്നുയർന്ന രാജ്ഞിയുടെ ഹെലികോപ്റ്റർ സാങ്കേതിക തകരാറുകൾ മൂലം തിരിച്ചിറക്കേണ്ടതായി വന്നു. ബാൽമോറലിലേയ്ക്ക് പറന്ന സികോർസ് കി എസ്‌ -76 ഹെലികോപ്റ്ററാണ് സാങ്കേതിക തകരാറുകൾ മൂലം ബുധനാഴ്ച തിരിച്ചിറക്കിയത്. പറന്നുയർന്ന് അധികം താമസിയാതെ തന്നെ കോപ്റ്റർ തിരിച്ചിറക്കേണ്ടി വന്നതായി അധികൃതർ വ്യക്തമാക്കി. രാജകുടുംബത്തിലെ ആരുംതന്നെ അപകടം നടന്ന സമയത്ത് കോപ്റ്ററിൽ ഉണ്ടായിരുന്നില്ല.

വിദഗ് ധരായ മെക്കാനിക്കുകൾ കോപ്റ്ററിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനായി 24 മണിക്കൂറിന് ശേഷവും പ്രവർത്തിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരണത്തിന് രാജകുടുംബം തയ്യാറായിട്ടില്ല. മൂന്ന് എൻഗേജ്മെന്റു കളിൽ പങ്കെടുക്കുന്നതിനായാണ് ആൻ രാജകുമാരിക്ക് ഹെലികോപ്റ്റർ ആവശ്യമായി വന്നത്. രാജകുടുംബാംഗങ്ങൾ തങ്ങളുടെ സ്വകാര്യ യാത്രകൾക്കായി ഉപയോഗിക്കുന്ന കോപ്റ്റർ ആണ് ഇത്. എലിസബത്ത് രാജ്ഞി ഇപ്പോൾ സ്കോട്ട്‌ലൻഡിൽ തന്റെ അവധിക്കാല ആഘോഷങ്ങൾക്കിടയിൽ ആണ്.