WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം:ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി, ഈ വർഷം ആചരിക്കുന്ന ‘സഭയുടെ ശിക്ഷണക്രമ വർഷാചരണത്തിന്റെ’ ഭാഗമായി കുടുംബങ്ങൾക്കായി നടത്തുന്ന ക്വിസ് മത്സരത്തിന്റെ (ഉർഹ 2026) ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. രൂപതയുടെ വെബ്‌സൈറ്റിലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും, ഔദ്യോഗിക ന്യൂസ് ബുള്ളറ്റിനായ ‘ദനഹായിലും’ പ്രസിദ്ധീകരിച്ച ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്.
ഇടവക, മിഷൻ, പ്രൊപ്പോസ്ഡ് മിഷൻ തലങ്ങളിൽ നടന്ന ആദ്യഘട്ട മത്സരങ്ങളിലും, തുടർന്ന് ഓൺലൈനായി നടന്ന റീജിയണൽ തല മത്സരത്തിലും വിജയികളായ 54 ടീമുകളാണ്, രൂപതാതലത്തിൽ നവംബർ 28-ന് ലിവർപൂളിൽ ലൈവായി നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാനായി യോഗ്യത നേടിയിരിക്കുന്നത്.
50 ആഴ്ചകളിലായി ‘ദനഹായിൽ’ പ്രസിദ്ധീകരിച്ച ശിക്ഷണക്രമം സംബന്ധിച്ച 20 ലേഖനങ്ങളിൽ നിന്നുള്ള 1001 ചോദ്യങ്ങളും, ‘പരിശുദ്ധൻ പരിശുദ്ധർക്ക്’ എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാതല മത്സരം.
സമ്മാനങ്ങൾ:
ഒന്നാം സ്ഥാനം: 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും
രണ്ടാം സ്ഥാനം: 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും
മൂന്നാം സ്ഥാനം: 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും
നാലാം സമ്മാനം: 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും
അഞ്ചാം സമ്മാനം: 150 പൗണ്ടും ട്രോഫിയും
ആറാം സമ്മാനം: 100 പൗണ്ടും ട്രോഫിയും
കുടുംബങ്ങൾക്കുള്ള ക്വിസ് മത്സരത്തിന്റെ നിയമങ്ങളും മാർഗനിർദേശങ്ങളും നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. സഭയുടെ ശിക്ഷണക്രമം ആചരിക്കുന്ന ഈ വർഷത്തിൽ, വിശ്വാസികൾ സീറോ മലബാർ സഭയുടെ പൗരസ്ത്യ ശിക്ഷണക്രമം കൂടുതൽ ആഴത്തിൽ പഠിക്കുവാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് രൂപതാതല കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഈ മത്സരത്തിന്റെ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്ത എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും, രൂപതാതലത്തിലെ മത്സരാർത്ഥികൾക്ക് എല്ലാ വിജയാശംസകളും നേരുകയും ചെയ്തു.
രൂപതാതല മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ അറിയിച്ചു.