ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചാവാൻ അനുയോജ്യൻ രാഹുൽ ദ്രാവിഡാണെന്ന് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്. ബിസിസിഐ പുതിയ കോച്ചിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പോണ്ടിങ്ങിന്റെ അഭിപ്രായം.

“രാഹുൽ ദ്രാവിഡല്ലാതെ മറ്റൊരു മികച്ചയാളെ ബിസിസിഐയ്‌ക്ക് കോച്ചായി കണ്ടെത്താൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന് ഈ ജോലി ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ അദ്ദേഹം അത് നന്നായി ചെയ്യും. കളിയെ കുറിച്ച് നല്ല ധാരണയും അനുഭവ സമ്പത്തുമുളളയാളാണ് ദ്രാവിഡ് ” പോണ്ടിങ് പറഞ്ഞു.

നിലവിൽ ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ പരിശീലകനാണ് രാഹുൽ ദ്രാവിഡ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. നിലവിലുള്ള പരിശീലകനായ അനില്‍ കുംബ്ലെയുടെ കാലാവധി ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ബിസിസിഐയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയോഗിച്ച പ്രത്യേക സമിതിയിലെ ഒരംഗം നിയമന പ്രക്രിയയുടെ മേല്‍നോട്ടം വഹിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുൽക്കർ, മുന്‍ നായകന്‍ സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മൺ എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ പരിശീകലന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അര്‍ഹരായവര്‍ ഈ മാസം 31ന് മുമ്പായി ഇ-മെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കാനാണ് ബിസിസിഐ നിർദ്ദേശം.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഒരു വര്‍ഷത്തെ കരാറിൽ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കുംബ്ലെയ്ക്ക് കീഴില്‍ നിരവധി പരന്പരകൾ സ്വന്തമാക്കാനും ടീം ഇന്ത്യക്ക് സാധിച്ചിരുന്നു.