സൗമ്യതയ്ക്കും ശാന്തതയ്ക്കും അതേസമയം ഗൗരവത്തിനും ഏറെ പേരുകേട്ടയാളാണ് ഇന്ത്യയുടെ മൂന്‍ നായകനും നിലവിലെ പരിശീലകനുമായ രാഹുല്‍ദ്രാവിഡ്. വൃദ്ധിമാന്‍ സാഹയുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉണ്ടായ വിവാദം തന്നെ സമചിത്തതയോടെ ദ്രാവിഡ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഉദാഹരണമാണ്. കളിക്കാരനായിരുന്നപ്പോഴും പിന്നീട് പരിശീലകനായപ്പോഴും ഏറെ പ്രകോപിതമാകേണ്ട സാഹചര്യത്തില്‍ പോലും ദ്രാവിഡിന് മാറ്റമൊന്നും വന്നിരുന്നില്ല.

ഡ്രസിംഗ് റൂമില്‍ സഹതാരങ്ങളോട് അങ്ങേയറ്റം മാന്യമായും ശാന്തമായും പ്രതികരിക്കുന്ന ദ്രാവിഡിന് ദേഷ്യം വന്ന സാഹചര്യം പോലും വളരെ കുറവാണ്. ആവശ്യമില്ലാതെ എംഎസ്് ധോണി കൂറ്റനടിക്ക് ശ്രമിച്ച് വിക്കറ്റ് കളഞ്ഞത്, 2014 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് 14.4 ഓവറില്‍ 195 റണ്‍സ് ചേസ് ചെയ്ത് ജയിച്ചത് തുടങ്ങിയ ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേ ദ്രാവിഡിന്റെ രോഷം ഇന്ത്യന്‍ ആരാധകര്‍ അങ്ങിനെ കണ്ടിട്ടുള്ളൂ. എന്നാല്‍ ഒരിക്കല്‍ പാകിസ്താനില്‍ വെച്ച് തന്നെ അലോസരപ്പെടുത്തിയ ഒരു മാധ്യമപ്രവര്‍ത്തകനോട് രൂക്ഷമായിട്ട് പ്രതികരിക്കുകയും അയാളെ പുറത്താക്കുകയും ചെയ്തു.

2004 ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നാലു മത്സരങ്ങളുടെ ഒരു പരമ്പരയിലെ അവസാന മത്സരത്തില്‍ വെച്ചായിരുന്നു സംഭവം. പരമ്പരയില്‍ ഇന്ത്യ 2-1 ന് പിന്നില്‍ നില്‍ക്കുകയായിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്കിന്റെ സെഞ്ച്വറി മികവില്‍ പാകിസ്താന്‍ 293 റണ്‍സ് എടുത്തു. എന്നാല്‍ നന്നായി ചേസ് ചെയ്ത ഇന്ത്യ 132 റണ്‍സില്‍ നില്‍ക്കുകയാണ്. രാഹുല്‍ദ്രാവിഡ് 76 റണ്‍സ് അടിച്ചു പുറത്താകാതെയും മൊഹമ്മദ് കൈഫ് 71 റണ്‍സ് എടുത്തും നില്‍ക്കുകയാണ്. കളിക്ക് ശേഷം നടന്ന പത്രസമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകന്റെ ഒത്തുകളിയെക്കുറിച്ചുള്ള ചോദ്യം ദ്രാവിഡിനെ പ്രകോപിതനാക്കി.

അസംബന്ധം എന്ന് ആദ്യം തന്നെ പ്രതികരിച്ച ദ്രാവിഡ് ഇയാളെ മാധ്യമസമ്മേളനം നടക്കുന്ന ഹാളില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ടു. ഇത് അസംബന്ധം ആണെന്നും ഇയാളെ മുറിയില്‍ നിന്നും പുറത്തേക്ക് എറിയാന്‍ ആരുമില്ലേ എന്നുമായിരുന്നു പ്രതികരിച്ചത്.